ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥി രജിത് കുമാറിനെതിരെ കേസ്. ഷോയില്‍ നിന്ന് പുറത്തായ രജിത്തിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രി ആരാധകരുടെ വലിയ സംഘം എത്തിയിരുന്നു. കൊവിഡ് 19 മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലെ ഈ സംഘംചേരല്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രജിത് കുമാര്‍ അടക്കം പേരറിയാവുന്ന നാല് പേര്‍ക്കെതിരെ അടക്കം 75 പേര്‍ക്ക് എതിരെയാണ് കേസ്.

രജിത് കുമാറിനെക്കൂടാതെ ഈ സീസണിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായ പരീക്കുട്ടി പെരുമ്പാവൂര്‍, കഴിഞ്ഞ സീസണിലെ മത്സരാര്‍ഥി ഷിയാസ് കരിം, ഹബീബ് റഹ്മാന്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ രജിത് കുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ആഭ്യന്തര ടെര്‍മിനലിന് പുറത്തായിരുന്നു സ്വീകരണം. 

അന്യായമായി സംഘംചേരല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിക്കല്‍, പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തി അപകടം വരുത്താനള്ള ശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന നിയമവും ലംഘിച്ചിട്ടുണ്ട്. കൊവിഡ്പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിലും വ്യൂയിംഗ് ഗ്യാലറിയിലും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ജില്ലാ കളക്ടര്‍ വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേസ് എടുത്തു! കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു TV ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.