ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് പുരോഗമിക്കവെ മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ആശങ്കയുണര്‍ത്തിയ കാര്യമായിരുന്നു അഞ്ച് പേര്‍ക്ക് ബാധിച്ച കണ്ണിനസുഖം. എലിമിനേഷനിലൂടെ പുറത്തുപോയ പരീക്കുട്ടിക്കാണ് ആദ്യമായി ഈ സീസണില്‍ കണ്ണിന് അസുഖം വന്നത്. ഹൗസില്‍നിന്ന് മാറിനില്‍ക്കുന്നതിനിടെ വന്ന എലിമിനേഷനില്‍ പരീക്കുട്ടി ബിഗ് ബോസില്‍നിന്നും പുറത്താവുകയായിരുന്നു. ഇപ്പോഴിതാ അഞ്ച് പേര്‍ ഇതേ അസുഖം മൂലം ഹൗസിന് പുറത്താണ്. അലസാന്‍ഡ്ര, രേഷ്മ, രഘു, പവന്‍, സുജോ എന്നിവരാണ് കണ്ണിനസുഖം മൂലം ഹൗസിന് പുറത്തുനില്‍ക്കുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയും പേര്‍ മാറിനില്‍ക്കേണ്ടിവരുന്നത് ആദ്യമായിട്ടാണെന്ന് ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ പറയുകയും ചെയ്തു. എന്നാല്‍ എപ്പിസോഡിന്റെ തുടക്കത്തില്‍ത്തന്നെ ഹൗസിന് പുറത്ത് ചികിത്സയില്‍ കഴിയുന്ന അഞ്ച് പേര്‍ക്കും പ്രിയപ്പെട്ടവരോടും പ്രേക്ഷകരോടും പറയാനുള്ളത് വീഡിയോയിലൂടെ പറയാന്‍ മോഹന്‍ലാല്‍ അവസരം നല്‍കി. അഞ്ച് പേര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു.

അലസാന്‍ഡ്ര- ബിഗ് ബോസ് ഹൗസ് പോലെതന്നെ വലിയ റെസ്ട്രിക്ഷന്‍സ് ഉള്ള ഒരു വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. 75 ശതമാനം ശരിയായി. ബാക്കിയുള്ള 25 ശതമാനം അടുത്ത രണ്ട് ദിവസത്തിനകം ശരിയാകുമെന്നാണ് വിശ്വാസം. വീട്ടുകാരോട് പറയാനുള്ളത്, ഒന്നുകൊണ്ടും വിഷമിക്കേണ്ട, നിങ്ങളെന്നെ നോക്കുന്നതുപോലെതന്നെ ഇവിടെയും നോക്കാന്‍ ആളുകളുണ്ട്.

രഘു- കൂടെയുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുള്ളതുകൊണ്ട് മാത്രമാണ് ഹൗസില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഈ മാറ്റം താല്‍ക്കാലികമാണ്. ഏറ്റവും പെട്ടെന്ന് തിരിച്ചെത്തും. തീര്‍ച്ഛയാണത്.

രേഷ്മ- എല്ലാവരും പ്രാര്‍ഥിക്കണം, എത്രയും പെട്ടെന്ന് തിരിച്ചുവരാനായിട്ട്. പ്രത്യേകിച്ചും അമ്മയും അച്ഛനും. ഏറ്റവും നല്ലത് നടക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു.

പവന്‍- വീട്ടുകാരോടും സുഹൃത്തുക്കളോടും ഭാര്യയോടും പറയാനുള്ളത് ഇതാണ്, പേടിക്കാനായി ഒന്നുമില്ല. രണ്ട് മൂന്ന് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ആ വിശ്രമം കഴിഞ്ഞ് ഫുള്‍ പവറോടെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും.

സുജോ- രക്ഷകര്‍ത്താക്കളോടും സുഹൃത്തുക്കളോടും പ്രേക്ഷകരോടും പറയാനുള്ളത്, ഇതൊരു വലിയ പ്രശ്‌നമൊന്നുമല്ല. കുറച്ചുദിവസത്തെ ഒരു മുന്‍കരുതല്‍ ആണിത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഹൗസിലുള്ളില്‍ എത്താന്‍ പറ്റുമെന്ന് വിശ്വസിക്കുന്നു. എല്ലാവരെയും വേഗം കണ്ടുമുട്ടും. 

ആ അഞ്ചുപേരും ഇപ്പോള്‍ ഒരുമിച്ചായിരുന്നെങ്കിലോ..?

അതേസമയം ഹൗസിന് പുറത്ത് കഴിയുന്ന അഞ്ച് പേര്‍ക്കും പരസ്പരം കാണാനോ ആശയവിനിമയം നടത്താനോ ഉള്ള അവസരം ഇല്ല. അത്തരത്തില്‍ വെവ്വേറെയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന അഞ്ച് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലോ? സമാന അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെയുള്ള ഇവര്‍ ഇത്തരമൊരു അസുഖത്തില്‍ ഇരിക്കെ എങ്ങനെയാവും പരസംപരം പ്രതികരിക്കുക? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ടീം തയ്യാറാക്കിയ രസകരമായ വീഡിയോ കാണാം..

"