ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അനേകം പുതിയ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണ്‍ ഒരു മാസം പിന്നിടുമ്പോള്‍ മത്സരാര്‍ഥികളുടെ ക്ഷമയും സഹനവും ഈഗോയുമൊക്കെ പരീക്ഷിക്കപ്പെടുന്ന നിരവധി ഗെയിമുകള്‍ ഇതിനകം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ച എപ്പിസോഡില്‍ ഹൗസില്‍ മറ്റ് മത്സരാര്‍ഥികളില്‍നിന്ന് എന്തെങ്കിലും തരത്തിലുള്ള 'അനീതി' നേരിടുന്നപക്ഷം അത് ചോദ്യം ചെയ്യാനുള്ള അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. ഇതുപ്രകാരം കോടതികളില്‍ കാണുന്ന മട്ടിലുള്ള ഒരു പ്രതിക്കൂട് മത്സരാര്‍ഥികള്‍ക്കരികെ കോമണ്‍ ഹാളില്‍ വച്ചിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ അവസരത്തെക്കുറിച്ച് അവരോട് വിശദീകരിച്ചത്.

 

ബിഗ് ബോസ് വീട്ടില്‍ ഒരു അനീതി നടക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കേണ്ടതുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത്തരം അനീതികള്‍ നേരിടുന്നുവെങ്കില്‍ ആരില്‍നിന്നാണെന്ന് ചൂണ്ടിക്കാട്ടി അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രജിത്താണ് ആദ്യം കൈ പൊക്കിയത്. അഞ്ചാറ് പേരില്‍നിന്ന് അനീതി നേരിടുന്നുണ്ടെന്നും ആദ്യ പേര് മഞ്ജു പത്രോസിന്റെയാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞതനുസരിച്ച് മഞ്ജു പ്രതിക്കൂട്ടില്‍ വന്ന് നിന്നതിന് പിന്നാലെ രജിത്തിന്റെ വിചാരണയും തുടങ്ങി.

പുട്ട് ഒരു കഷ്ണം കൂടുതല്‍ തരുമോ എന്ന് ഒരു ദിവസം ചോദിച്ചത് മോശമായ രീതിയില്‍ ഗെയിമിനിടെ മഞ്ജു കണ്‍ഫെഷന്‍ റൂമില്‍ വച്ച് വിളിച്ചുപറഞ്ഞുവെന്നായിരുന്നു രജിത്തിന്റെ ആദ്യ ആരോപണം. എന്നാല്‍ അത് രജിത് ഇപ്പോള്‍ അവതരിപ്പിക്കുന്ന രീതിയിലല്ലെന്നും ഭക്ഷണം കൂടുതല്‍ ആവശ്യമെന്ന് തോന്നുന്ന ദിവസം അടുക്കളയില്‍ പാചകം നടത്തിക്കൊണ്ടിരിക്കുന്ന ആളെ പുകഴ്ത്തുന്ന പതിവ് രജിത്തിന് ഉണ്ടെന്നും അത്തരം പുകഴ്ത്തലില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്കാര്യമാണ് ഗെയിമിനിടെ പറഞ്ഞതെന്നും മഞ്ജു പറഞ്ഞു. 

 

ടോയ്‌ലറ്റ് ആരുടെ ഭാഗത്തുള്ള പാളിച്ചകൊണ്ട് വൃത്തികേടായാലും മഞ്ജു തന്നെ കുറ്റംപറയുന്നുവെന്നായിരുന്നു രജിത്തിന്റെ ആരോപണം. എന്നാല്‍ ടോയ്‌ലറ്റ് വൃത്തിഹീനമായി കണ്ട ദിവസം അതിനുശേഷം രജിത് ടോയ്‌ലറ്റില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ടവര്‍ ചര്‍ച്ച ചെയ്തതുകൊണ്ടാണ് അക്കാര്യം പറഞ്ഞതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. താന്‍ ഉള്‍പ്പെടാത്ത മറ്റ് കാര്യങ്ങളിലും താനാണ് കുറ്റക്കാരനെന്ന് മഞ്ജു എപ്പോഴും ആരോപിക്കാറുണ്ടെന്നും ഹൗസിലെ ഏറ്റവും മോശപ്പെട്ട വ്യക്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഞ്ജു ഗൂഢാലോചന നടത്തുന്നുവെന്നും രജിത് ആരോപിച്ചു. എന്നാല്‍ രജിത്തിനെതിരേ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും താങ്കള്‍ക്കെതിരേ വോട്ട് ചെയ്യാത്ത നോമിനേഷനുകള്‍ പലതവണ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. മറ്റൊരു പ്രസ്താവന കൂടി രജിത്തിനെക്കുറിച്ച് മഞ്ജു തുടര്‍ന്ന് നടത്തി. 'നിങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്താന്‍ മാത്രം വാല്യു നിങ്ങളില്‍ ഞാന്‍ കാണുന്നില്ല' എന്നായിരുന്നു അത്. 

ഇതോടെ രജിത്തിന്റെ വിചാരണ അവസാനിക്കുകയും മഞ്ജുവിന്റെ ഊഴം വരികയും ചെയ്തു. രജിത് പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ മഞ്ജു ചോദ്യങ്ങള്‍ ഉയര്‍ത്തിത്തുടങ്ങി. മഞ്ജുവിനെതിരേ പല ആരോപണങ്ങള്‍ രജിത് ഉയര്‍ത്തിയെങ്കില്‍ മഞ്ജുവിന്റെ വിചാരണ പ്രധാനമായും ഒറ്റ പോയിന്റിനെ മുന്‍നിര്‍ത്തി ഉള്ളതായിരുന്നു. കോള്‍സെന്റര്‍ ടാസ്‌കില്‍ രേഷ്മയോട് സംസാരിക്കവെ രേഷ്മ പ്രദീപിനെ രാത്രി ഉമ്മ വെക്കുന്നത് കണ്ടെന്ന് രജിത് പറഞ്ഞിരുന്നു. ഇത് താങ്കള്‍ എപ്പോഴാണ് കണ്ടതെന്നും, ഒരു ടാസ്‌കിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള മാനസികാവസ്ഥ എന്തെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നും മഞ്ജു പറഞ്ഞു. 

 

എന്നാല്‍ ടാസ്‌കില്‍ രേഷ്മയോട് ചോദിച്ച കാര്യങ്ങള്‍ തന്റെ മാത്രം തീരുമാനപ്രകാരമുള്ള കാര്യങ്ങള്‍ അല്ലെന്നും ഗ്രൂപ്പ് അംഗങ്ങള്‍ കൂട്ടായി തീരുമാനിച്ചത് ഭംഗിയായി അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രജിത് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്നും രജിത് തുടര്‍ന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ പ്രദീപിനോട് രാത്രി സംസാരിക്കാറില്ലെന്ന് രേഷ്മ പറഞ്ഞിരുന്നുവെന്നും പിന്നീടൊരിക്കല്‍ അവര്‍ ഒരുമിച്ച് രാത്രി ഇരുന്ന് സംസാരിക്കുന്നത് താന്‍ കണ്ടുവെന്നും രജിത് പറഞ്ഞു. രേഷ്മ സൗഹൃദത്തിന്റെ പേരിലും മറ്റും പലരെയും ഉമ്മ വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയെല്ലാം ഉരുത്തിരിഞ്ഞ ഒരു ആശയമാണ് കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞത്. 'പിന്നെ, ഉമ്മ ലോകത്തിലെ ഏറ്റവും വലിയ മിസ്‌റ്റേക്ക് അല്ല', രജിത് പറഞ്ഞവസാനിപ്പിച്ചു. എന്നാല്‍ രജിത് തന്റെ ചോദ്യത്തില്‍നിന്ന് മറുപടി പറയാതെ അതിവിദഗ്ധമായി തെന്നിമാറിയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.