ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ഥി രജിത് കുമാറിനെ യാത്രയാക്കി ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന പവന്‍ ജിനോ തോമസ്. പവന്‍ ജിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ രജിത്തിനൊപ്പം പവനും ഭാര്യ ലാവണ്യയുമുണ്ട്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഇന്നലത്തെ എപ്പിസോഡിലാണ് രജിത് കുമാര്‍ പുറത്താകുന്നതായി പ്രഖ്യാപനം വന്നത്. മൂന്ന് ദിവസം മുന്‍പ് വീക്ക്‌ലി ടാസ്‌കിലെ രജിത്തിന്റെ പ്രവര്‍ത്തിയെത്തുടര്‍ന്ന് ബിഗ് ബോസ് അദ്ദേഹത്തെ താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഇന്നലത്തെ എപ്പിസോഡില്‍ രജിത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച് എത്തിക്കണോ എന്ന തീരുമാനം ബിഗ് ബോസ് രേഷ്മയുടെ തീരുമാനത്തിന് വിടുകയായിരുന്നു. രജിത് രേഷ്മയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാപ്പ് സ്വീകരിക്കുന്നെന്ന് പറഞ്ഞ രേഷ്മ രജിത് തിരികെ എത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ രജിത്തിന് മുന്നില്‍ ഷോയില്‍നിന്ന് പുറത്തേക്കുള്ള വാതിലും തുറന്നു.