ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ എലിമിനേഷനില്‍ മത്സരാര്‍ഥിയായ രേഷ്മ പുറത്ത്. ഇന്ന് രാവിലെ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്ന പ്രൊമോയില്‍ കണ്ടതുപോലെ നാടകീയതയൊന്നുമില്ലാതെയായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ രേഷ്മയെക്കൂടാതെ ഷാജി, ദയ, രഘു, അമൃത-അഭിരാമി എന്നിവര്‍ ഉണ്ടായിരുന്നു. ഇവരെ എണീപ്പിച്ച് നിര്‍ത്തിയതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. 'ഞാന്‍ വളരെയധികം വളച്ചുകെട്ടാതെ പറയുകയാണ്, ഏറ്റവും കുറച്ച് വോട്ട് കരസ്ഥമാക്കിയിരിക്കുന്നത് രേഷ്മയാണ്. രേഷ്മയ്ക്ക് എന്റെ അടുത്തേക്ക് വരാം', മോഹന്‍ലാല്‍ പറഞ്ഞു.

എഴുപതാം ദിവസം തന്നെ തേടിയെത്തിയ എലിമിനേഷനെ തികഞ്ഞ സംയമനത്തോടെയാണ് രേഷ്മ നേരിട്ടത്. മോഹന്‍ലാലിന്റെ പ്രഖ്യാപന സമയത്ത് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും രേഷ്മയുടെ മുഖത്ത് ഉണ്ടായിരുന്നില്ല. 'താങ്ക്യൂ ലാലേട്ടാ' എന്നുമാത്രം രേഷ്മ ആദ്യം പ്രതികരിച്ചു. പിന്നീട് അവിടെ കൂടിയിരുന്ന മുഴുവന്‍ മത്സരാര്‍ഥികളെയും ആലിംഗനം ചെയ്ത് യാത്ര ചോദിച്ചു. മറ്റ് മത്സരാര്‍ഥികളില്‍ രേഷ്മ ഏറെ സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാള്‍ രഘു ആയിരുന്നു. ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന രഘുവിന്റെ പ്രതികരണത്തോട് രേഷ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, 'അങ്ങനെയാണല്ലോ പുറത്ത്, ഞാന്‍ പറഞ്ഞല്ലോ, ഭയങ്കര പൊളിറ്റിക്‌സ്. അകത്തേതിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണല്ലോ പുറത്ത്', എന്ന്.

 

എല്ലാവരോടും വ്യക്തിപരമായി യാത്ര ചോദിച്ചതിന് ശേഷം പാക്ക് ചെയ്ത് വച്ചിരുന്ന ബാഗുകളും എടുത്തുകൊണ്ട് രേഷ്മ പുറത്തേക്ക് നടന്നു. ഒപ്പം മറ്റുള്ളവരും. അപ്പോഴേക്ക് ബിഗ് ബോസ് ഹൗസിലെ രീതിയനുസരിച്ച് സെല്‍ഫി എടുക്കാനുള്ള ഫോണുമായി ദയ അശ്വതി എത്തി. എല്ലാവരും ചേര്‍ന്നുനിന്ന് ആദ്യ ഗ്രൂപ്പ് സെല്‍ഫി ക്ലിക്ക് ചെയ്തത് ഷാജി ആയിരുന്നു. പിന്നാലെ ഫോണ്‍ വാങ്ങി രേഷ്മയും ഒരു സെല്‍ഫി എടുത്തു. അപ്പോഴേക്കും ബിഗ് ബോസ് പുറത്തേക്കുള്ള വാതില്‍ തുറന്നുനല്‍കി. 'എങ്ങനെയെങ്കിലും ഒന്നിറങ്ങി പോയാല്‍ മതിയെന്നാ'- പുറത്തേക്കിറങ്ങും മുന്‍പ് മറ്റുള്ളവരോട് രേഷ്മയുടെ അവസാന പ്രതികരണം ഇതായിരുന്നു.