ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളുടെ വ്യക്തിജീവിതം അവതരിപ്പിക്കലില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഗായകന്‍ സോമദാസിന്റേത്. ഗായകന്‍ എന്ന നിലയില്‍ നടത്തേണ്ടിവന്ന കഷ്ടപ്പാടിനെക്കുറിച്ചും കുടുംബജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും സോമദാസ് ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ഭാര്യയുമായി തെറ്റിയതിനെത്തുടര്‍ന്ന് സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് ഭാര്യയില്‍ നിന്നും വാങ്ങേണ്ടിവന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞിരുന്നു. എന്നാല്‍സോമദാസ് പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭാര്യയായ സൂര്യ. ഒരു അമ്മയും തയ്യാറാവാത്ത കാര്യമാണ് സോമദാസ് പറഞ്ഞതെന്നും അഞ്ചര ലക്ഷം രൂപ തനിക്ക് നല്‍കി എന്നത് ശരിയാണെന്നും പക്ഷേ അത് കുട്ടികളുടെ വിലയായിട്ടല്ലെന്നും മറിച്ച് വിവാഹമോചനം നടത്തിയപ്പോഴുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ സൂര്യ പറഞ്ഞു.

സൂര്യയുടെ വാക്കുകള്‍

ബിഗ് ബോസ് കാണുന്ന എണ്‍പത് ശതമാനം ആളുകളും പുള്ളി പറയുന്നത് വിശ്വസിക്കുന്നു. എന്റെ കഥ മൊത്തം കേട്ടിട്ട് അദ്ദേഹം പറയുന്നതുപോലെ ഞാന്‍ സ്വാര്‍ഥയായ ആളാണോ എന്ന് നിങ്ങള്‍ പറയൂ. ഏതൊരമ്മയ്ക്ക് പറ്റും മക്കളെ കൊടുത്ത് കാശ് വാങ്ങിക്കാന്‍? ആ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. 

2005ലാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. പുളളിയുടെ കുടുംബത്തില്‍ ഞാന്‍ താമസിച്ചത് ഏഴ് വര്‍ഷവും നാല് മാസവും മാത്രമാണ്. അഞ്ച് വര്‍ഷം അമേരിക്കയിലായിരുന്നു എന്നാണ് പുള്ളി പറഞ്ഞത്. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെയാണ് രണ്ട് കുട്ടികള്‍ ജനിക്കുക? ഞങ്ങളുടെ രണ്ട് കുട്ടികള്‍ക്ക് രണ്ടര വയസ് പ്രായവ്യത്യാസമുണ്ട്. ശരിക്കും പുള്ളി രണ്ട് വര്‍ഷം തികച്ചുണ്ടായിരുന്നില്ല അമേരിക്കയില്‍. 

ALSO READ: 'അങ്ങനെ അഞ്ചരലക്ഷം കൊടുത്ത് എന്റെ മക്കളെ ഞാന്‍ വാങ്ങിച്ചു'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് സോമദാസ്‌

ഞങ്ങള്‍ തമ്മില്‍ ശരിക്കുമുള്ള പ്രശ്‌നം എന്നുപറഞ്ഞാല്‍ പുള്ളിയുടെ പരസ്ത്രീ ബന്ധമായിരുന്നു. ഒരു ഭാര്യയ്ക്കും സഹിക്കാന്‍ പറ്റാത്ത രീതിയില്‍ അന്യ സ്ത്രീകളുമായുള്ള ബന്ധം. അത് ഒരുപാട് ഞാന്‍ സഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ കയറിയപ്പോള്‍ മുതല്‍ പുള്ളി ആകെ മാറി. ആ സമയത്ത് ഒരുപാട് റിലേഷനുകള്‍ ഉണ്ടായി. പുള്ളി എന്നില്‍നിന്ന് അകന്നു. കാണാന്‍ പറ്റാത്ത രീതിയിലുള്ള പല മെസേജുകളും പുള്ളിയുടെ ഫോണില്‍ ഞാന്‍ കണ്ടു. ഞങ്ങള്‍ തമ്മില്‍ വഴക്കായി. ശാരീരികമായും മാനസികമായും പുള്ളി എന്നെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. എന്റെ മക്കളെയോര്‍ത്ത് കുറേയൊക്കെ ഞാന്‍ സഹിച്ചുനിന്നു. 

പുള്ളി പറഞ്ഞ ഒരുകാര്യം സത്യമാണ്. ഉത്സവത്തിന് പോകണമെന്ന് പറഞ്ഞിട്ട് തന്നെയാണ് ഒരുദിവസം ഞാന്‍ എന്റെ വീട്ടിലേക്ക് പോയത്. പുള്ളിയുടെ ജീവിതത്തിലെ അവസാന തീരുമാനങ്ങളൊക്കെ എടുക്കുന്നത് പുള്ളിയുടെ അച്ഛനും അമ്മയും ആയിരിക്കും. പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. അത് വകവെക്കാതെ ഞാന്‍ പോയി എന്നത് സത്യമാണ്. 2013 ഏപ്രിലിലാണ് ഈ സംഭവം നടക്കുന്നത്. 

നാല് ദിവസം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഇരിക്കുമ്പോഴാണ് ആ ദിവസം രാവിലെ പരിചയമുള്ള ഒരു പഞ്ചായത്ത് മെമ്പര്‍ വിളിക്കുന്നത്. സൂര്യയെ കാണാനില്ലെന്നും അച്ഛനും അമ്മയും തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ് പരാതി കിട്ടിയെന്ന് പറഞ്ഞു. പിന്നീട് ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും സമാനകാര്യം പറഞ്ഞ് വിളിച്ചു. അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പൊലീസുകാര്‍ പറഞ്ഞു. അവിടെ സോമദാസും കുടുംബവും ഉണ്ടായിരുന്നു. ആ പരാതി ഞാന്‍ അവിടെവച്ച് കീറിക്കളെഞ്ഞെന്നാണ് പുള്ളി ബിഗ് ബോസില്‍പറഞ്ഞത്. എന്നാല്‍ ഞാനങ്ങനെ ചെയ്തിട്ടില്ല. ആ കുടുംബത്തില്‍ എനിക്ക് താമസിക്കാന്‍ പറ്റില്ലെന്ന് പൊലീസുകാരോട് പറഞ്ഞു. വാടകവീട് ആണെങ്കില്‍ വരാമെന്ന് പറഞ്ഞു. പക്ഷേ പുള്ളി അതിന് തയ്യാറല്ലായിരുന്നു. 

രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്ന സമയത്തുതന്നെയാണ് അഞ്ചര ലക്ഷം രൂപ നല്‍കി അവരെ വാങ്ങിയെന്ന് പുള്ളി പറയുന്നത്. അതില്‍ എന്ത് കഴമ്പാണുള്ളത്? ഡിവോഴ്‌സിന് കേസ് കൊടുത്തതും പുളളിയാണ്. കേസ് മൂന്ന് വര്‍ഷം നടന്നു. ആദ്യമൊന്നും ഞാന്‍ സമ്മതിച്ചില്ല. പലരും പറഞ്ഞ് പിന്നെ ഞാന്‍ സമ്മതിച്ചു. ഇളയ കുട്ടിക്ക് നാല് വയസ്സും മൂത്ത കുട്ടിക്ക് ആറ് വയസുമായിരുന്നു അപ്പോള്‍. കോടതിയില്‍ വരുമ്പോഴെല്ലാം കുട്ടികളെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെടുമായിരുന്നു. ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ചേംബറില്‍ വിളിച്ച് ജഡ്ജി ചോദിച്ചു, ആര്‍ക്കൊപ്പം പോകണമെന്ന്. അച്ഛനൊപ്പം പോയാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. അത് സത്യമാണ്. കുട്ടികള്‍ മാറിയിരുന്നു. പക്ഷേ കുട്ടികളെ പുള്ളി കൊണ്ടുപോയത് നന്നായതെന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. അങ്ങനെയെങ്കിലും പുള്ളിയുടെ സ്വഭാവം മാറട്ടെ എന്ന് ഞാന്‍ കരുതി. എന്റെ മക്കള്‍ക്ക് ഇപ്പൊ എന്നെ കാണുന്നത് പോലും ഇഷ്ടമല്ല. പറഞ്ഞ് അങ്ങനെ ആക്കിയിരിക്കുകയാണ്. 

സ്റ്റാര്‍ സിംഗറില്‍ പുള്ളി വരാന്‍ കാരണം ഞാനാണ്. ഞാന്‍ നിര്‍ബന്ധിച്ചാണ് അതിന് അപേക്ഷ അയപ്പിച്ചത്. അതില്‍ കിട്ടിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു. എനിക്ക് അഞ്ചരലക്ഷം രൂപ തന്നു എന്നത് സത്യമാണ്. എന്റെ ജീവിതം ഈ വിധമാക്കിയ ഒരാളോട് നഷ്ടപരിഹാരം ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ഡിവോഴ്‌സ് ആവുന്ന ആദ്യത്തെ വ്യക്തിയല്ല ഞാന്‍. നഷ്ടപരിഹാരം മേരിച്ച ആദ്യത്തെ വ്യക്തിയുമല്ല. അത് നഷ്ടപരിഹാരമാണ്. അല്ലാതെ മക്കളെ കൊടുത്ത് കാശ് മേടിച്ചതല്ല. മക്കളെ ഞാന്‍ വിറ്റതല്ല.