ബജാജ് തങ്ങളുടെ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വിലകുറഞ്ഞ പതിപ്പ് 2025 ജൂണിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു. ചേതക് 2903 അടിസ്ഥാനമാക്കിയുള്ള ഈ പുതിയ മോഡലിൽ നിരവധി അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ ജനപ്രിയ ഇരുചക്ര വാഹന കമ്പനിയായ ബജാജ് 2025 ഏപ്രിലിൽ ആണ് ഇലക്ട്രിക് സ്കൂട്ടർ ചേതക് 35 സീരീസിലെ ഏറ്റവും താങ്ങാനാവുന്ന മോഡൽ പുറത്തിറക്കിയത്. ചേതക് 3503 എന്ന ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില 1.10 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും വിലകുറഞ്ഞ മോഡൽ ബജാജ് ഉടൻ പുറത്തിറക്കാൻ പോകുകയാണ് ബജാജ് എന്നാണ് പുതിയ വിവരം. , പുതിയ മോഡൽ ചേതക് 3503 ന്റെ താഴ്ന്ന വകഭേദമായിരിക്കും.
പുതിയ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഈ മാസം അവസാനം, അതായത് 2025 ജൂണിൽ വിൽപ്പനയ്‌ക്കെത്തും. ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ വരാനിരിക്കുന്ന എൻട്രി ലെവൽ പതിപ്പിന്റെ സവിശേഷതകൾ നോക്കാം. പുതിയ താങ്ങാനാവുന്ന വിലയുള്ള ഇ-സ്കൂട്ടർ ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയന്റായ ചേതക് 2903 നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
നിലവിൽ ഇതിന്റെ എക്സ്-ഷോറൂം വില 99,998 രൂപയാണ്. ചേതക് 2903 നെ അപേക്ഷിച്ച് പുതിയ ഇവി സ്കൂട്ടറിന് നിരവധി അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ അരങ്ങേറ്റം കുറിച്ച 35 സീരീസ് പ്ലാറ്റ്‌ഫോമിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ബജാജ് തങ്ങളുടെ നിരയിൽ മറ്റൊരു താങ്ങാനാവുന്ന മോഡൽ പുറത്തിറക്കി ഇവി പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
അപ്ഡേറ്റുകളെക്കുറിച്ച് പറയുമ്പോൾ, ബജാജ് റൈഡിംഗ് റേഞ്ച് വർദ്ധിപ്പിക്കുമെന്നും ചേതക് 35 സീരീസിന് തുല്യമായി കൊണ്ടുവരാൻ ചേസിസിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റിനടിയിൽ മികച്ച സംഭരണശേഷിയും ഫ്ലോർ വൈഡ്-മൗണ്ടഡ് ബാറ്ററി പായ്ക്കും ഇതിനുണ്ട്. ഈ അപ്‌ഗ്രേഡുകൾ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് പണത്തിന് മൂല്യം ഉറപ്പാക്കാൻ കമ്പനി വിലകൾ നിയന്ത്രണത്തിലാക്കേണ്ടിവരും.
ഇതിനുപുറമെ, ഇന്ത്യൻ ഇലക്ട്രിക് വാഹന വ്യവസായം വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ബജാജ് പറയുന്നു. വാഹന നിർമ്മാണത്തിന് ആവശ്യമായ അപൂർവ എർത്ത് മാഗ്നറ്റുകളുടെ ഇറക്കുമതി ചൈന നിരോധിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. ഇലക്ട്രിക് മോട്ടോറുകളുടെ നിർമ്മാണത്തിൽ ഇവ ഉപയോഗിക്കുന്നു. ഈ നീക്കം അപൂർവ എർത്ത് മാഗ്നറ്റുകളുടെ ലഭ്യതയെ ബാധിക്കും. ഇത് ബ്രാൻഡിന്റെ വരാനിരിക്കുന്ന എൻട്രി ലെവൽ ഇലക്ട്രിക് സ്‍കൂട്ടറിന്റെ ലോഞ്ചിനെയും വൈകിയേക്കാം. എങ്കിലും, കാലതാമസം ഉണ്ടാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കമ്പനിയിൽ നിന്ന് സ്ഥിരീകരണമൊന്നുമില്ല.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, 2026 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് വാഹന മേഖല 20-25% വളർച്ച കൈവരിക്കുമെന്ന് ബജാജ് പ്രതീക്ഷിക്കുന്നു. ബജാജിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 25% ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ നിന്നാണ്. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി ചേതക് ഇ-സ്‍കൂട്ടർ സീരീസ് മാറി.


