കേന്ദ്ര സർക്കാർ ജിഎസ്‍ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെ തുടർന്ന് റോയൽ എൻഫീൽഡിന്റെ 350 സിസി ബൈക്കുകൾക്ക് കാര്യമായ വിലക്കുറവ് പ്രഖ്യാപിച്ചു. 

കേന്ദ്ര സർക്കാർ അടുത്തിടെ പുതിയ ജിഎസ്‍ടി നിരക്കുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനം ആയി കുറച്ചു. ഈ തീരുമാനം റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ വില നേരിട്ട് കുറച്ചു. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകൾ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയായി മാറിയിരിക്കുന്നു. ബുള്ളറ്റ് 350, ക്ലാസിക് 350, ഹണ്ടർ 350, മെറ്റിയർ 350, പുതിയ ഗോവൻ ക്ലാസിക് 350 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ബൈക്കുകളുടെ പുതിയ വിലകൾ പരിശോധിക്കാം

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350

റോയൽ എൻഫീൽഡിന്റെ സിഗ്നേച്ചർ ബുള്ളറ്റ് 350 യും ഈ വിലക്കുറവിൽ ഉൾപ്പെടുന്നു. അതിന്റെ ടോപ്-സ്പെക്ക് ബ്ലാക്ക് ഗോൾഡ് വേരിയന്റിന്റെ വില 18,000 രൂപയിൽ അധികം കുറച്ചു. ക്ലാസിക് സ്റ്റൈലിംഗ്, സിഗ്നേച്ചർ ലുക്ക്, സുഖകരമായ റൈഡിംഗ് പോസ്ചർ എന്നിവ കാരണം ബുള്ളറ്റ് 350 എപ്പോഴും ജനപ്രിയ മോഡലാണ്.

റോയൽ എൻഫീൽഡ് ഗോവൻ ക്ലാസിക് 350

റോയൽ എൻഫീൽഡ് ഗോവ ക്ലാസിക് 350 കമ്പനിയുടെ ഏറ്റവും പുതിയതും ഏറ്റവും സ്റ്റൈലിഷുമായ മോട്ടോർസൈക്കിളാണ്. യുവാക്കളെ ആകർഷിക്കുന്ന ഒരു ബോബർ-സ്റ്റൈൽ ലുക്ക് നൽകുന്നതിനായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ ബൈക്കിന്റെ വില ഏകദേശം 20,000 രൂപ കുറഞ്ഞു.

റോയൽ എൻഫീൽഡ് ക്ലാസിക് 350

കമ്പനിയുടെ ഏറ്റവും ജനപ്രിയ ബൈക്കായ ക്ലാസിക് 350 ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുന്നു. അതിന്റെ ടോപ്പ്-എൻഡ് എമറാൾഡ് ഗ്രീൻ ഷേഡിന്റെ വില 19,000 രൂപയിൽ അധികം കുറച്ചു. 349 സിസി എഞ്ചിൻ നൽകുന്ന ഈ ബൈക്ക് സുഖകരമായ യാത്രയ്ക്കും ശക്തമായ സാനിധ്യത്തിനും പേരുകേട്ടതാണ്. 

റോയൽ എൻഫീൽഡ് ഹണ്ടർ 350

റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും ഒതുക്കമുള്ളതും ബജറ്റ് സൗഹൃദപരവുമായ ബൈക്കുകളിൽ ഒന്നാണ് ഹണ്ടർ 350 ആണ്. ഇതിന്റെ വില ഏകദേശം 15,000 രൂപയോളം വില കുറച്ചിട്ടുണ്ട്. ഇതിനകം തന്നെ താങ്ങാനാവുന്ന വിലയിൽ ലഭ്യമായ ഒരു ഓപ്ഷനായി കണക്കാക്കപ്പെട്ടിരുന്ന ഈ ബൈക്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് നഗരങ്ങളിലെ യുവ റൈഡർമാർക്കിടയിൽ ഇതിന്റെ ആവശ്യം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റോയൽ എൻഫീൽഡ് മീറ്റിയർ 350

ക്രൂയിസർ വിഭാഗത്തിൽ ജനപ്രിയമായ മീറ്റിയർ 350, ദീർഘദൂര യാത്രകൾക്ക് പേരുകേട്ടതാണ്. ഇതിന്റെ ഏറ്റവും ഉയർന്ന സൂപ്പർനോവ പതിപ്പിന് 16,000 രൂപയിൽ അധികം വിലക്കുറവ് ലഭിച്ചു. 2025-ലെ സമീപകാല അപ്‌ഡേറ്റ് ഈ ബൈക്കിൽ പുതിയ നിറങ്ങളും സവിശേഷതകളും കൊണ്ടുവന്നു. വിലക്കുറവ് ഹൈവേ റൈഡർമാർക്ക് ഇതിനെ ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്നു.