ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങളെ തുടർന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ എല്ലാ സ്കൂട്ടറുകൾക്കും മോട്ടോർസൈക്കിളുകൾക്കും വില കുറച്ചു.

ജിഎസ്‍ടി 2.0 പരിഷ്‍കാരങ്ങളുടെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജാപ്പനീസ് ട വീലർ ബ്രാൻഡായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ (എസ്എംഐപിഎൽ) പ്രഖ്യാപിച്ചു. തൽഫലമായി, സുസുക്കി സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഇപ്പോൾ മുമ്പത്തേക്കാൾ ഗണ്യമായി വിലകുറഞ്ഞതായിരിക്കും. പുതിയ ജിഎസ്ടി ഘടന പ്രാബല്യത്തിൽ വരുന്ന 2025 സെപ്റ്റംബർ 22 മുതൽ തന്നെ ഈ വിലക്കുറവും പ്രാബല്യത്തിൽ വന്നു. ഇതോടെ സുസുക്കിയുടെ സ്പെയർ പാർട്സുകളും അനുബന്ധ ഉപകരണങ്ങളും വിലകുറഞ്ഞതായിത്തീർന്നു. ഇത് വാഹന വിലയിൽ മാത്രമല്ല വാഹനങ്ങളുടെ പരിപാലന ചെലവും കുറയ്ക്കും.

സുസുക്കിയുടെ എല്ലാ സ്കൂട്ടറുകളുടെയും (ആക്സസ്, അവെൻസിസ്, ബർഗ്മാൻ സ്ട്രീറ്റ്, ബർഗ്മാൻ സ്ട്രീറ്റ് എക്സ്) മോട്ടോർസൈക്കിളുകളുടെയും (ഗിക്സർ സീരീസ്, വി-സ്റ്റോം എസ്എക്സ്) വില കുറച്ചതായി കമ്പനി അറിയിച്ചു. ഏറ്റവും കൂടുതൽ വിലക്കുറവ് ലഭിക്കുന്നത് ജിക്സർ SF 250 ന് ആയിരിക്കും. 18,024 രൂപ ആയിരിക്കും ജിക്സർ SF 250ന്‍റെ വിലക്കിഴിവ്. ജിക്സർ 250, വി-സ്റ്റോം SX എന്നിവയിലും 17,000 രൂപയിൽ കൂടുതൽ ലാഭിക്കാം. അതേസമയം, ആക്‌സസ്, ബർഗ്മാൻ സീരീസ് സ്‌കൂട്ടറുകളുടെ വിലയിൽ ഏകദേശം 9,800 രൂപ കുറവ് വരുത്തിയിട്ടുണ്ട്.

മോഡൽ തിരിച്ചുള്ള ജിഎസ്‍ടി ആനുകൂല്യങ്ങൾ ( ഏകദേശ എക്സ്-ഷോറൂം കിഴിവ്):

ആക്‌സസ് – 8,523 രൂപ വരെ

അവെനിസ് – 7,823 രൂപവരെ

ബർഗ്മാൻ സ്ട്രീറ്റ് - 8,373 രൂപ വരെ

ബർഗ്മാൻ സ്ട്രീറ്റ് EX – 9,798 രൂപ വരെ

ജിക്സർ – 11,520 രൂപ വരെ

ജിക്സർ SF – 12,311 രൂപ വരെ

ജിക്സർ 250 – 16,525 രൂപ വരെ

ജിക്സർ SF 250 – 18,024 രൂപ വരെ

വി-സ്റ്റോം എസ്എക്സ് – 17,982 രൂപ വരെ

ഉപഭോക്താക്കൾ തങ്ങൾക്ക് പരമപ്രധാനമാണെന്നും ജിഎസ്‍ടി 2.0 പരിഷ്കാരങ്ങൾ മൊബിലിറ്റി കൂടുതൽ താങ്ങാനാവുന്നതാക്കുമെന്നും സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ദീപക് മുട്രേജ പറഞ്ഞു. ബൈക്കുകളും സ്കൂട്ടറുകളും വാങ്ങുന്നതും പരിപാലിക്കുന്നതും എളുപ്പവും താങ്ങാനാവുന്നതുമാക്കുന്നതിന് മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.