റോയൽ എൻഫീൽഡ് ജിഎസ്ടി നിരക്ക് കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. 350 സിസി മോട്ടോർസൈക്കിളുകൾക്ക് വില കുറയുമെന്നും സർവീസ്, വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവയിലും ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങൾ മോട്ടോർസൈക്കിൾ, സർവീസ്, വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നീ വിഭാഗങ്ങളിലേക്ക് പൂർണ്ണമായും കൈമാറുമെന്ന് ഐക്കണിക്ക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. ഇത് ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളെ പ്രത്യേകിച്ച് 350 സിസി വിഭാഗത്തിൽ, ഇന്ത്യയിലുടനീളമുള്ള റൈഡർമാർക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കും.

ഇടത്തരം മോട്ടോർസൈക്കിൾ വിപണിയിൽ ഏറ്റവും ശക്തമായ സാനിധ്യമാണ് റോയൽ എൻഫീൽഡിന്റെ 350 സിസി നിര. ഏറ്റവും പുതിയ വില പരിഷ്കരണം വാഹനപ്രേമികൾക്കിടയിൽ അതിന്റെ ആകർഷണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സെപ്റ്റംബർ 22 മുതൽ, പുതുക്കിയ വിലകൾ എല്ലാ ഡീലർഷിപ്പുകളിലും പ്രാബല്യത്തിൽ വരും. അതേസമയം 350 സിസിക്ക് മുകളിലുള്ള മോഡലുകൾക്ക്, പുതിയ ജിഎസ്ടി നിരക്കുകൾക്ക് അനുസൃതമായി വിലകൾ പരിഷ്കരിക്കും.

ചില മോഡലുകളിൽ 22,000 രൂപ വരെ വിലക്കുറവ് വരുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2025 സെപ്റ്റംബർ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. ആദ്യമായി വാഹനം വാങ്ങുന്നവർക്ക് ജിഎസ്ടി പരിഷ്കരണം പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡിന്റെ സിഇഒയുമായ ബി ഗോവിന്ദരാജൻ എടുത്തുപറഞ്ഞു.

ഇന്ത്യാ സർക്കാരിന്റെ ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കരണം 350 സിസിയിൽ താഴെയുള്ള മോട്ടോർസൈക്കിളുകൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കുക മാത്രമല്ല, ആദ്യമായി വാങ്ങുന്നവരെ ആവേശഭരിതരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. വില പരിഷ്കരണത്തിന്റെ മുഴുവൻ ജിഎസ്ടി ആനുകൂല്യവും നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറുന്നതായും റോയൽ എൻഫീൽഡിന്റെ ലോകം കൂടുതൽ റൈഡർമാരുടെ ഒരു സമൂഹത്തിലേക്ക് തുറന്നുകൊടുക്കുന്നതായും റോയൽ എൻഫീൽഡ് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഇരുചക്ര വാഹന വിപണി, പ്രത്യേകിച്ച് ഇടത്തരം മോട്ടോർസൈക്കിൾ വിപണിയിൽ, ശക്തമായ വളർച്ച കൈവരിക്കുന്ന സമയത്താണ് റോയൽ എൻഫീൽഡിന്റെ തീരുമാനം . വിലകൾ കുറയ്ക്കുന്നതിലൂടെയും മോട്ടോർസൈക്കിളുകളിൽ മാത്രമല്ല, സേവനം, വസ്ത്രങ്ങൾ, ആക്‌സസറീസ് ബിസിനസിലും ജിഎസ്ടി ആനുകൂല്യം വ്യാപിപ്പിക്കുന്നതിലൂടെയും, റൈഡർമാർക്ക് കൂടുതൽ പ്രാപ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം റോയൽ എൻഫീൽഡിന്റെ350 സിസി മോട്ടോർസൈക്കിളുകൾക്ക് വില കുറയുമ്പോൾ ഇതിന് മുകളിലുള്ള വിഭാഗത്തിൽ ജിഎസ്‍ടി കാരണം വില കൂടും എന്നതും ശ്രദ്ധേയമാണ്.