റോയൽ എൻഫീൽഡ് സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും ഡെലിവറികളും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു. എഞ്ചിൻ ഓഫാക്കിയ ശേഷം റീസ്റ്റാർട്ട് ചെയ്യാത്ത ചില യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിക്കുന്നത്. ഈ തകരാർ പരിഹരിക്കുന്നതിനായി റോയൽ എൻഫീൽഡ് ഡീലർമാർക്ക് പുതിയ പരിഷ്കരിച്ച ഘടകങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
റോയൽ എൻഫീൽഡ് തങ്ങളുടെ 400 സിസി ബൈക്കുകളിൽ ഒന്നായ സ്‌ക്രാം 440ന്‍റെ പുതുക്കിയ പതിപ്പ് ഏകദേശം ആറ് മാസം മുമ്പാണ് അവതരിപ്പിച്ചത്. പഴയ സ്‌ക്രാം 411 പരിഷ്‌കരിച്ചാണ് കമ്പനി ഇത് പുറത്തിറക്കിയത്. എന്നാൽ ഇപ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി റോയൽ എൻഫീൽഡ് തങ്ങളുടെ സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും ഡെലിവറികളും താൽക്കാലികമായി നിർത്തിവച്ചു .
2024 മോട്ടോവേഴ്‌സ് ഇവന്റിൽ അരങ്ങേറ്റം കുറിച്ചതും 2025 ലെ ബ്രാൻഡിന്റെ ആദ്യ ലോഞ്ചുമായ ഈ മോട്ടോർസൈക്കിൾ ജനുവരിയിൽ 2.08 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, രാജ്യത്ത് വിൽപ്പനയ്‌ക്കെത്തി അഞ്ച് മാസത്തിനടുത്ത്, എഞ്ചിനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്പനി ബുക്കിംഗ് നിർത്തിവച്ചിരിക്കുന്നു.
റോയൽ എൻഫീൽഡ് സ്‌ക്രാം 440 ന്റെ ഒറ്റപ്പെട്ട യൂണിറ്റുകളിൽ ഒരു ആന്തരിക തകരാർ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. എഞ്ചിൻ ഓഫാക്കിയ ശേഷം റീസ്റ്റാർട്ട് ചെയ്യാത്ത ചില യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിക്കുന്നതെന്നും റിപ്പോട്ടുകൾ പറയുന്നു.ബൈക്കിന്റെ എഞ്ചിൻ ഓഫ് ചെയ്‌ത് വീണ്ടും സ്റ്റാർട്ട് ചെയ്‌താൽ അത് റീസ്റ്റാർട്ട് ആകുന്നില്ലെന്ന് പലതവണ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഈ തകരാർ പരിഹരിക്കുന്നതിനായി റോയൽ എൻഫീൽഡ് ഡീലർമാർക്ക് പുതിയ പരിഷ്കരിച്ച ഘടകങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബൈക്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സൗജന്യ സേവനം നൽകും. എങ്കിലും, ഈ ബൈക്കിനായി കമ്പനി ഇപ്പോഴും പുതിയ ഓർഡറുകൾ എടുക്കുന്നില്ല എന്നാണ് റിപ്പോട്ടുകൾ.
ഇതിന്റെ പ്രാരംഭ വില 2.08 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. വിപണിയിൽ, ഇത് യെസ്ഡി സ്ക്രാംബ്ലർ, ട്രയംഫ് സ്ക്രാംബ്ലർ എന്നിവയുമായി മത്സരിക്കുന്നു. പഴയ ഹിമാലയൻ 411 പ്ലാറ്റ്‌ഫോമുമായി സ്‌ക്രാം 440 അതിന്റെ അടിസ്ഥാന ഘടകങ്ങൾ പങ്കിടുന്നു. അപ്‌ഡേറ്റ് ചെയ്‌ത മോട്ടോർസൈക്കിളിൽ വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിൻ, ആറ് സ്പീഡ് ഗിയർബോക്‌സ്, നിരവധി മെക്കാനിക്കൽ അപ്‌ഡേറ്റുകൾ എന്നിവയുണ്ട്. പരിഷ്കരിച്ച എഞ്ചിൻ 6,250 rpm-ൽ 25.4 bhp കരുത്തും 4,000 rpm-ൽ 34 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
റോയൽ എൻഫീൽഡ് ഈ പ്രശ്നം സജീവമായി പരിഹരിക്കുന്നുണ്ടെന്നും ഒരു പരിഹാരം നടപ്പിലാക്കിക്കഴിഞ്ഞാൽ ബുക്കിംഗുകളുടെയും ഡെലിവറികളുടെയും അപ്‌ഡേറ്റ് നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഈ പ്രശ്നം ബാധിച്ച യൂണിറ്റുകളുടെ എണ്ണം ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്നും ജൂൺ മാസത്തോടെ ബുക്കിംഗുകൾ വീണ്ടും തുറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.



