കര്‍ണാടക താരം ആര്‍ സ്മരണ്‍ 265 റണ്‍സുമായി ഇഷാൻ കിഷന് തൊട്ടുപിന്നില്‍ മൂന്നാമതുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ യുവ ഓപ്പണറായ ആയുഷ് മാത്രെ ആണ് 256 റണ്‍സുമായി നാലാമതുള്ളത്.
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ജാര്‍ഖണ്ഡിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 269 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ 194.92 സ്ട്രൈക്ക് റേറ്റുമായാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ജാര്‍ഖണ്ഡിന്‍റെ കുനാല്‍ ചന്ദേലയാണ് 292 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ളത്.
കര്‍ണാടക താരം ആര്‍ സ്മരണ്‍ 265 റണ്‍സുമായി ഇഷാൻ കിഷന് തൊട്ടുപിന്നില്‍ മൂന്നാമതുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ യുവ ഓപ്പണറായ ആയുഷ് മാത്രെ ആണ് 256 റണ്‍സുമായി നാലാമതുള്ളത്. ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരന്‍(243 റണ്‍സ്), ഇന്ത്യൻ ഓപ്പണറായ പഞ്ചാബിന്‍റെ അഭിഷേക് ശര്‍മ(242 റണ്‍സ്) എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ ആദ്യ പത്തില്‍ ഒരു കേരള താരവുമുണ്ട്. 222 റണ്‍സെടുത്ത കേരളത്തിന്‍റെ ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ ആണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു മലയാളി താരം.
കര്‍ണാടകക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 211 റണ്‍സുമായി പതിനാലാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വെടിക്കെട്ട് ഓപ്പണറായ കൗമാര താരം വൈഭവ് സൂര്യവന്‍ഷി186 റണ്‍സുമായി 22-ാം സ്ഥാനത്താണ്. ഇന്ത്യൻ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവ് അഞ്ച് കളികളില്‍ നിന്ന് 165 റണ്‍സുമായി 35-ാം സ്ഥാനത്തുള്ളപ്പോള്‍ കേരളത്തിന്‍റെ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 165 റണ്‍സും 141 സ്ട്രൈക്ക് റേറ്റുമായി 39-ാം സ്ഥാനത്താണ്. 137 റണ്‍സുമായി കേരളത്തിന്‍റെ വിഷ്ണു വിനോദ് 62-ാം സ്ഥാനത്താണ്.
ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ട മധ്യപ്രദേശ് താരം വെങ്കടേഷ് അയ്യര്‍ക്ക് അഞ്ച് മത്സരങ്ങളില്‍ നിന്ന് 85 റണ്‍സ് മാത്രമാണ് നേടാനായത്. റണ്‍വേട്ടയില്‍ 139-ാം സ്ഥാനത്താണ് അയ്യര്‍. മധ്യപ്രദേശിനായി കളിക്കുന്ന ആര്‍സിബി നായകന്‍ രജത് പാട്ടിദാര്‍ മൂന്ന് കളികളില്‍ നിന്ന് 75 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. സ്ട്രൈക്ക് റേറ്റിന്‍റെ കാര്യമെടുത്താല്‍ 275 സ്ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ അഭിഷേക് ശര്‍മയാണ ഒന്നാമത്. 141 സ്ട്രൈക്ക് റേറ്റില്‍ റണ്‍സടിച്ച സഞ്ജു ആദ്യ 100ല്‍ ഇല്ല.


