വിദഗ്ധ തൊഴിലാളികൾക്ക് വിദേശത്ത് ജോലി ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ അന്താരാഷ്ട്ര തൊഴിൽമേള സംഘടിപ്പിക്കുന്നു. ജനുവരിയിൽ ബെംഗളൂരുവിലാണ് മേള നടക്കുക.

ബെംഗളൂരു: അന്താരാഷ്ട്ര തൊഴിൽമേള സംഘടിപ്പിക്കാൻ കർണാടക സർക്കാർ. നഴ്‌സിം​ഗ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ വിദഗ്ധ തൊഴിലാളികൾക്ക് വിദേശത്ത് ജോലി നേടിക്കൊടുക്കുന്നതിനായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ബെംഗളൂരുവിലാണ് ഈ മേള നടക്കുക.

ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിൽദാതാക്കൾ മേളയുടെ ഭാഗമായി ബെംഗളൂരുവിൽ എത്തും. അവിടെ വെച്ച് തന്നെ ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ ആരംഭിക്കുന്ന രീതിയിലാണ് തൊഴിൽമേളയുടെ ക്രമീകരണം. വിദേശത്തേക്ക് തൊഴിലാളികളെ അയക്കുന്ന കേരളത്തിന്റെ രീതി മാതൃകയാക്കിയാണ് ഈ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് കർണാടക നൈപുണി വികസന വകുപ്പ് അധികൃതർ അറിയിച്ചു.

നഴ്‌സുമാർ, കെയർടേക്കർമാർ, പ്ലംബർമാർ, മരപ്പണിക്കാർ, മെക്കാനിക്കുകൾ, മറ്റ് വിദഗ്ധ തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗക്കാർക്ക് ബെം​ഗളൂരുവിലെ തൊഴിൽമേള പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. വിദേശ ജോലി നേടാൻ ലക്ഷ്യമിടുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ജർമനിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജർമൻ ഭാഷയിൽ പ്രത്യേക കോഴ്സും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.