സംസ്ഥാനത്ത് സർക്കാർ വിവിധ ജില്ലകളിലായി നിരവധി താൽക്കാലിക, ദിവസവേതന തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സൈക്കോളജിസ്റ്റ്, ഹെൽപ്പർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, വെറ്ററിനറി സർജൻ, പാചകക്കാരൻ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലാണ് ഒഴിവുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ സർക്കാർ ഇന്ന് റിപ്പോർട്ട് ചെയ്തു. താത്കാലിക, ദിവസ വേതന അടിസ്ഥാനത്തിലുള്ള ജോലികളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈക്കോളജിസ്റ്റ്, ഹെൽപർ, പാതോളജിസ്റ്റ്, അസിസ്റ്റൻ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ, ഹോസ്റ്റൽ മാനേജർ, കെയർഗീവർ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ ലാംഗ്വേജ് ടീച്ചർ, പാചകക്കാരൻ, സ്വീപ്പർ, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചര്‍ എന്നിങ്ങനെയുള്ള തസ്‌തികകളിലേക്കാണ് നിയമനങ്ങൾ നടത്തുന്നത്.

സൈക്കോളജിസ്റ്റ് നിയമനം

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 അധ്യയന വര്‍ഷം ജീവനി മെന്റല്‍ വെല്‍ബീയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി താത്ക്കാലികാടിസ്ഥാനത്തില്‍ ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0466-2212223.

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹെല്‍പ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്. പ്രതിദിനം 660 രൂപ ശമ്പളം ലഭിക്കും. അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ ഒന്‍പതിനുള്ളില്‍ പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍. 676103 എന്ന വിലാസത്തിലോ simetcollegeofnursingtanur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ നല്‍കാം. ഫോണ്‍ :0494-2580048.

സ്പീച്ച് പതോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ 360 ദിവസത്തേക്ക് ഗ്രേഡ് രണ്ട് സ്പീച്ച് പതോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ബി.എ എസ്.എല്‍.പി/എം.എ എസ്.എല്‍.പി/എം.എസ്‌സി സ്പീച്ച് തെറാപി, ആര്‍സിഐ രജിസ്ട്രേഷന്‍. പ്രതിമാസ വേതനം: 36000 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജില്ലയിലെ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. അനിമല്‍ സയന്‍സ്,ഹോര്‍ട്ടി കള്‍ച്ചര്‍ എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി,ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചിന് മുന്‍പായി kvkmalappuram@kau.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അനിമല്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലെ അഭിമുഖം യഥാക്രമം ഒക്ടോബര്‍ 16,17 തീയതികളില്‍ രാവിലെ 10.30 ന് നടക്കും. ഫോണ്‍: 0494-2686329, 8547193685.

നിഷിൽ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്‌റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.

ഹോസ്റ്റൽ മാനേജർ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

കെയർഗീവർമാരെ നിയമിക്കുന്നു

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ പകൽവീട് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കെയർഗീവർമാരെ നിയമിക്കുന്നു . ഒഴിവുകൾ 3. പ്രതിമാസ ഹോണറേറിയം 7000 രൂപ. വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ എട്ടാം തീയതി 11 മണി മുതൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. 50 വയസ്സിൽ താഴെ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. എഎൻഎം, ജെറിയാട്രിക് കെയർ ഡിപ്ലോമ, പാലിയേറ്റീവ് കെയർ ഡിപ്ലോമ കോഴ്സുകൾ പഠിച്ചവർക്കും ഈ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

വാക്ക് ഇൻ ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഓണറേറിയം വ്യവസ്ഥയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 9 ന് രാവിലെ 11 ന് ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 0484 2 777374.

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അഭിമുഖം

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. ഫസ്റ്റ് എൻ സി എ ( ഇ/ ടി / ബി) (കാറ്റഗറി നമ്പർ 110/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഒക്ടോബർ ഒമ്പത് ഉച്ചയ്ക്ക് 12 മണിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ, ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നല്കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ഒ.പി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ വ്യക്തിവിവരകുറിപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ പി എസ് സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0477 2264134

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക് - 2, സ്വീപ്പര്‍ - 2 തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്ത് എത്തണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പിണറായി ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ ബി.വോക് ബിരുദവും ഒരു വര്‍ഷ പ്രവൃത്തിപരിചയം / ഓട്ടോമൊബൈല്‍ ബി.വോക് ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തിപരിചയം / മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പെടുന്നവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയെയും പരിഗണിക്കും. യോഗ്യത, മുന്‍പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2384160.

എ ബി സി കേന്ദ്രത്തില്‍ ഒഴിവുകള്‍

ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചര്‍ / ഡോഗ് ഹാന്‍ഡ്‌ലര്‍ നിയമനങ്ങള്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ :9447314626.

YouTube video player