ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യ വിടേണ്ടി വന്നതിന്‍റെ കാരണം വെളിപ്പെടുത്തിയ ഒരു യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യ വിടേണ്ടി വന്നതിന്‍റെ കാരണം വെളിപ്പെടുത്തിയുള്ള ഒരു യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. രാജ്യത്തെ സംവരണ നയങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഈ പോസ്റ്റിൽ, തനിക്ക് കഴിവുകൾ ഉണ്ടായിട്ടും ഇന്ത്യ വിടാൻ നിർബന്ധിതയായെന്നാണ് ആസ്ത ശ്രീവാസ്തവ പറയുന്നത്.
'ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടു'
ലക്നൗ സർവ്വകലാശാലയിൽ നിന്ന് മികച്ച മാർക്കോടെയാണ് താൻ ബിരുദം നേടിയതെന്നും, പിന്നീട് കോമൺ അഡ്മിഷൻ ടെസ്റ്റിൽ (CAT) ഉയർന്ന സ്കോർ നേടിയെങ്കിലും ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചില്ലെന്നും അവർ പോസ്റ്റിൽ പറയുന്നു. സംവരണ നയങ്ങൾ കാരണം തന്നേക്കാൾ കുറഞ്ഞ സ്കോറുള്ളവർക്ക് പ്രവേശനം ലഭിച്ചെന്നും അവർ ആരോപിച്ചു.
“ലക്നൗ സർവകലാശാലയിൽ നിന്ന് ഞാൻ ഉയർന്ന മാർക്കോടെ ബിരുദം നേടി. കഠിനാധ്വാനം ചെയ്ത് ക്യാറ്റിൽ മികച്ച സ്കോർ നേടിയ ശേഷം, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ ഞാൻ സ്വപ്നം കണ്ടു,” ആസ്ത പറഞ്ഞു. “എങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. കഴിവുകൊണ്ടല്ല, സംവരണ നയം കാരണം എന്നെക്കാൾ കുറഞ്ഞ മാർക്കുള്ളവർക്ക് സീറ്റുകൾ ലഭിച്ചു. 2013-ൽ അങ്ങനെ ഐഐഎമ്മിന് പകരം എഫ്എംഎസിൽ ചേർന്നു.”
2025-ൽ വീണ്ടും ജി - മാറ്റിൽ മികച്ച സ്കോർ നേടിയെങ്കിലും ചരിത്രം ആവർത്തിച്ചെന്ന് അവർ കൂട്ടിച്ചേർത്തു. മികച്ച സ്കോർ നേടിയിട്ടും ജനറൽ വിഭാഗത്തിന് പരിമിതമായ സീറ്റുകൾ ഉള്ളതിനാൽ പ്രവേശനം ലഭിച്ചില്ലെന്ന് ആസ്ത അവകാശപ്പെട്ടു.
സംവരണത്തെക്കുറിച്ചുള്ള വിമർശനം
ഇന്ത്യയിലെ കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നവരുമായ നിരവധി വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു. “രാജ്യത്തെ സേവിക്കാൻ സ്വപ്നം കാണുന്ന കഴിവുള്ള മനസുകൾ, നീതിരഹിതമായ ഒരു സംവിധാനം കാരണം മാറ്റിനിർത്തപ്പെടുന്നു,” ആസ്ത കുറിച്ചു.
“സംവരണം ഒരു കാലത്ത് ചരിത്രപരമായി വിവേചനം നേരിട്ടവർക്ക് ഒരു സംരക്ഷണമായിരുന്നു. എന്നാൽ ഇന്ന്, അത് രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഒരു ഉപകരണമായി മാറിയിരിക്കുന്നു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന, എന്നാൽ സംവരണ പരിധിയിൽ വരാത്ത പലരും ഇതിന്‍റെ പേരിൽ ഒഴിവാക്കപ്പെടുന്നു. നീതി എന്ന പേരിൽ തുടങ്ങിയത് മറ്റൊരു തരത്തിലുള്ള വിവേചനമായി മാറിയിരിക്കുന്നു,” അവർ എഴുതി.
പോസ്റ്റിനോടുള്ള പ്രതികരണം
ഈ പോസ്റ്റ് സംവരണ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ചിലർ ആസ്തയുടെ അനുഭവങ്ങളുമായി യോജിച്ചപ്പോൾ, മറ്റുചിലർ വിയോജിപ്പ് പ്രകടിപ്പിച്ചു. "പൂർണ്ണമായും യോജിക്കുന്നു! കഴിവുകൾക്കും കഠിനാധ്വാനത്തിനും മുൻഗണന നൽകുമ്പോൾ ഏതൊരു രാജ്യവും ശക്തമാകും. നീതിക്കുവേണ്ടി രൂപകൽപ്പന ചെയ്ത നയങ്ങൾ തുല്യമായി അർഹതയുള്ളതും എന്നാൽ സംവരണമില്ലാത്തതുമായ വ്യക്തികൾക്ക് തടസമാകുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ഈ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്," ഒരു ഉപയോക്താവ് എഴുതി.
"നിങ്ങളുമായി ഞാൻ 100 ശതമാനം യോജിക്കുന്നു. ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ സംവരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്," മറ്റൊരാൾ കുറിച്ചു. ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി: "ഇന്ത്യയിൽ ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സംവരണം ആവശ്യമാണ്, അത് തുടരുകയും വേണം. എന്നാൽ ഇന്നത്തെ സമീപനത്തിലെ ഒരു വലിയ പ്രശ്നം, സംവരണം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ്. മാതാപിതാക്കൾക്ക് സംവരണത്തിന്‍റെ ആനുകൂല്യം ലഭിച്ചാൽ, അത് അവരുടെ കുട്ടികൾക്കും ലഭിക്കുന്നു."
"ഒരു തലമുറയിൽ സംവരണം പരിമിതപ്പെടുത്താൻ നിയമം കൊണ്ടുവരികയാണെങ്കിൽ, ഒരിക്കൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തുല്യ അവസരം ലഭിക്കുകയും, അവരുടെ അടുത്ത തലമുറയ്ക്ക് ജനറൽ വിഭാഗത്തിലുള്ളവരുമായി മത്സരിക്കാൻ കഴിയുകയും ചെയ്യും," ഉപയോക്താവ് കൂട്ടിച്ചേർത്തു.


