നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മാതാപിതാക്കൾക്കൊപ്പം കോട്ടയിൽ താമസിച്ചുവരികയായിരുന്നു.

ദില്ലി : നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയായ മധ്യപ്രദേശ് ഷിയോപൂർ സ്വദേശിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മാതാപിതാക്കൾക്കൊപ്പം കോട്ടയിൽ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. ഈ വർഷം കോട്ടയിൽ മാത്രം നീറ്റ് പരീക്ഷക്ക് വേണ്ടി പരിശീലനം നടത്തുന്ന 14 -ാമത്തെ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. 

 മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന് ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയാണ് നടക്കുക. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി ഇന്നലെ പരീക്ഷാ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. ഭൂരിഭാഗം പരീക്ഷാകേന്ദ്രങ്ങളും ഇക്കുറി സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. കഴിഞ്ഞ വർഷത്തെ നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

നീറ്റ് പരീക്ഷ - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

അഡ്മിറ്റ് കാർഡും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും വിദ്യാർത്ഥികൾ കൊണ്ടുപോകണം. അതോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും വേണം. പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. ഹാഫ് സ്ലീവ് വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. ഷൂസ് ധരിച്ച് പരീക്ഷാ ഹോളിൽ കയറാനാവില്ല. മതപരമായ വസ്ത്രധാരണം നടത്തുന്ന വിദ്യാർത്ഥികൾ അവസാന റിപ്പോർട്ടിംഗ് സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും (ഉച്ചയ്ക്ക് 12:30 ന്) പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരിശോധനയ്ക്ക് മതിയായ സമയം ലഭിക്കാനാണിത്. വാച്ചുകൾ, വളകൾ, മറ്റ് ആഭരണങ്ങൾ ലോഹ വസ്തുക്കൾ എന്നിവയും അനുവദനീയമല്ല.

നീറ്റ് പരീക്ഷ, ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് പരീക്ഷയെഴുതുന്നത് എണ്ണായിരത്തോളം വിദ്യാർത്ഥികൾ

YouTube video player