കോഴിക്കോട് സ്വദേശിനിയായ ദീപ്‌നിയ ഡി ബി നീറ്റ് പരീക്ഷയിൽ 109-ാം റാങ്ക് നേടി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്‌നിയയുടെ നേട്ടം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് അഭിമാനകരമാണ്.

കോഴിക്കോട്: നീറ്റ് പരീക്ഷ ഫലം വന്നപ്പോൾ കേരളത്തിനാകെ അഭിമാനമായിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ദീപ്‌നിയ. 109-ാം റാങ്കാണ് ദീപ്‍നിയ ഡി ബിക്ക് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ മലയാളം മീഡിയത്തിൽ പഠിച്ച ദീപ്നിയയുടെ നേട്ടം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിനും അഭിമാനകരമാണ്. ആവള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ദീപ്‍നിയ പഠിച്ചത്. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് നീറ്റ് പരിശീലനം നടത്തിയത്.

സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസരചനയിൽ എ ഗ്രേഡും മാത്‍സ് ടാലന്‍റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയ മിടുക്കിയാണ് ദീപ്‍നിയ. ഒപ്പം പൊതുമണ്ഡലത്തിൽ നിന്ന് സംഘടിപ്പിക്കപ്പെട്ട അക്ഷരോത്സവം ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉയർന്ന നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

പ്ലസ് ടൂവിൽ പഠിക്കുമ്പോഴാണ് ദീപ്നിയക്ക് ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ദീപ്നിയക്ക് വുന്നത്. പ്ലസ് വണ്‍ എത്തിയപ്പോള്‍ നീറ്റിനായി പഠിക്കണണെന്ന് തീരുമാനിച്ചു. ആദ്യ അവസരത്തില്‍ 29000ത്തില്‍ ഏതോ ആയിരുന്നു റാങ്ക്. അതില്‍ തളരാതെ റിപ്പീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിന്‍റെ കോഴിക്കോട് സെന്‍ററിൽ അങ്ങനെയാണ് ചേരുന്നത്.

ജിപ്‌മെറില്‍ അഡ്മിഷൻ ലഭിക്കണമെന്നാണ് ദീപ്നിയയുടെ ആഗ്രഹം. നല്ലൊരു ഡോക്ടറാവണം, സമൂഹത്തിന് വെളിച്ചമാവണമെന്നും ഈ മിടുക്കി പറയുന്നു. ദീപ്നിയ പഠിച്ച സ്‌കൂളിലെ അധ്യാപകരാണ് മാതാപിതാക്കള്‍. അച്ഛന്‍ ദിനേശന്‍ ഹയര്‍സെക്കൻഡറിയില്‍ ഗണിത അധ്യാപകനാണ്. അമ്മ ബിജി ഹൈസ്‌കൂളില്‍ ഗണിത അധ്യാപികയും. സഹോദരന്‍ ദീപക് ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.