ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും മന്ത്രാലയം പറയുന്നു.
പൊതുമേഖലാ ബാങ്കുകളിലെ നിയമന പരീക്ഷകൾക്കുള്ള സമയപരിധി കർശനമാക്കുന്നതിനും ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് ധനകാര്യ മന്ത്രാലയം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേശസാൽകൃത ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയിലേക്കുള്ള നിയമനങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമെന്നും മന്ത്രാലയം പറയുന്നു. എസ്‌ബിഐ, എൻബി, ആർആർബി എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് അതത് ബാങ്കുകളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഐബിപിഎസ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. സാധാരണയായി എൻബികൾക്കും എസ്‌ബിഐക്കും മുമ്പായി ആർആർബികൾക്കുള്ള പരീക്ഷകൾ നടത്തുകയും ഫലങ്ങൾ അതേ ക്രമത്തില്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ പുതുതായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആർആർബികളിൽ നിന്ന് എൻബികളിലേക്കും പിന്നീട് എസ്‌ബിഐയിലേക്കും പതിവായി മാറുന്ന ഒരു പ്രവണത കണ്ടുവരുന്നു. ഇത് ബാങ്കുകൾക്കുള്ളിൽ ഗണ്യമായ കൊഴിഞ്ഞുപോക്കിന് കാരണമാവുകയും പ്രവർത്തന വെല്ലുവിളികൾ ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.
ഈ രീതി കണക്കിലെടുത്ത് മുഴുവൻ റിക്രൂട്ട്‌മെന്റ്, ഫലപ്രഖ്യാപന പ്രക്രിയയും പരിശോധിച്ചതായും മൂന്ന് വിഭാഗങ്ങളിലുമുള്ള ബാങ്കുകളിലെയും ഫലങ്ങൾ പുറത്തുവിടുന്നതിന് ഒരു സ്റ്റാൻഡേർഡ്, ലോജിക്കൽ ഓർഡർ രൂപീകരിക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോട് നിർദ്ദേശിച്ചതായും ഡിഎഫ്എസ് പറഞ്ഞു. ഇതിന്‍റെ ഫലമായി ഒരു പുതിയ ചട്ടക്കൂട് സൃഷ്ടിച്ചിട്ടുണ്ട്, അതിനനുസരിച്ച് ആദ്യം എസ്‌ബിഐയ്ക്കും പിന്നീട് എൻബികൾക്കും ഒടുവിൽ ആർആർബികൾക്കും ഫലങ്ങൾ പ്രഖ്യാപിക്കും. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള എല്ലാ ഓഫീസർ ലെവൽ പരീക്ഷകളുടെയും ഫലങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുമെന്നും തുടർന്ന് അതേ ക്രമത്തിൽ ക്ലറിക്കൽ ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം പറയുന്നു.
