'ലോക' എന്ന ചിത്രത്തിലെ മിസ്റ്റര്‍ നോബഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഷിബിൻ എസ് രാഘവ് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുന്നു
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച 'ലോക' 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. സിനിമയിലെ യക്ഷിയും ഒടിയനും ചാത്തനും കത്തനാരുമൊക്കെ ചർച്ചയായപ്പോള്‍ അതില്‍ ആരുമല്ലാതിരുന്ന മറ്റൊരാൾ സോഷ്യൽ മീഡിയ വാഴുകയാണ്. മിസ്റ്റര്‍ നോബഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച തൃശൂർ സ്വദേശി ഷിബിൻ എസ് രാഘവ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോടൊപ്പം ചേരുന്നു.
മോഡലിങ്ങിൽ നിന്ന് ലോകയിലേക്ക്
കൊറോണ സമയത്താണ് മോഡലിങ് ചെയ്യുന്നത്. സുഹ്യത്തുകളാണ് മോഡലിങിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത്. മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നതിനാൽ അന്ന് താൽപര്യമില്ലെന്ന് പറഞ്ഞു. കൊറോണ കാരണം ഷൂട്ട് തുടങ്ങാൻ വൈകുമല്ലോ എന്നോർത്താണ് ചെയ്ത് തുടങ്ങുന്നത്. ബെംഗളൂരുവിൽ ഭവ്യ രമേശ് എന്ന ബ്രാന്റിന്റെ ഷൂട്ടിനിടെയാണ് ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പിനിയായ വേഫെററിൽ നിന്ന് കോൾ വരുന്നത്. ഇങ്ങനെ ഒരു ചിത്രത്തിൽ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും കാണാൻ സാധിക്കുമോ എന്നും ചോദിച്ചു. ആകെ ഷോക്കായി. ബെംഗളൂരുവിലെ ഷൂട്ട് കഴിഞ്ഞ് അന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് പോയി. ഓഡീഷൻ ഉണ്ടായിരുന്നില്ല. കഥാപാത്രത്തെ പറ്റി പറഞ്ഞിരുന്നു. ഡയലോഗോ റിയാക്ഷൻസോ ഇല്ല എന്ന കേട്ടപ്പോൾ തന്നെ വളരെ ഇൻട്രസ്റ്റിങ് ആയി തോന്നി. കല്ല്യാണി പ്രയദർശൻ, നസ്‍ലെന്‍ ഇവരെല്ലാം ഉണ്ടെന്നറിഞ്ഞപ്പോള്‍ എക്സൈറ്റഡ് ആയി. ഒരു സംഭവം സിനിമ തന്നെ ആകുമെന്ന് ഉറപ്പായിരുന്നു. വന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഷൂട്ടിന് ജോയിൻ ചെയ്തു.

മിസ്റ്റര്‍ നോബഡിക്കായുള്ള തയ്യാറെടുപ്പുകൾ
ക്യാരക്റ്ററിനെ കുറിച്ച് ശാന്തി മാം കൂടുതൽ പറഞ്ഞു തന്നിരുന്നു. ഡയലോഗും റിയാക്ഷൻസും ഇല്ലാത്തതിനാൽ ലുക്കും ആറ്റിട്യൂഡും നന്നായി ഉപയോഗിക്കാൻ തയ്യാറായി. Mr. Nobody-ക്കായി ഒരു കസേര ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളിലെ ഒരു ഡോൺ മൂഡായിരുന്നു മനസ്സിൽ. പിന്നെ പിന്നെ ക്യാരക്ടറിനനുസരിച്ച് ഇരിക്കുന്ന രീതിയും മാനറിസവും സ്വന്തം ഐഡിയയിൽ ഡെവലപ്പ് ചെയ്ത് ഇങ്ങനെ ചെയ്തുനോക്കട്ടെ എന്ന് ഡയറക്ടറോട് ചോദിക്കും. സാർ വളരെ സപ്പോർട്ടീവ് ആയിരുന്നു. എല്ലാത്തിനും ഓക്കെ പറഞ്ഞു. കോസ്റ്റ്യൂമും കൂളിംങ് ഗ്ലാസും ആറ്റിട്യൂഡും എല്ലാം കൂടെ ചേർന്നപ്പോൾ നല്ലൊരു ക്രിയേഷൻ ആയി.

ഷൂട്ട് സമയങ്ങൾ മിസ്സ് ചെയ്യുന്നു
വളരെ ഫൺ ആയിട്ടുള്ള സെറ്റായിരുന്നു ലോകയുടേത്. എല്ലാവരും നല്ല കമ്പനി ആയിരുന്നു. ഷൂട്ടിനിടയിൽ അന്ന ബെൻ ചിരിച്ചത് സെറ്റ് മൊത്തം കോമഡി ആയിരുന്നു. ആ ഷോട്ട് രണ്ട് ടേക്ക് പോകേണ്ടി വന്നു. ഫ്രണ്ട്സുമായി സമയം ചിലവഴിക്കുന്ന ഒരു ഫീലായിരുന്നു. മേക്കപ്പ്, കോസ്റ്റ്യൂമേഴ്സ് അങ്ങനെ എല്ലാവരും വളരെ കംഫർട്ടബിൾ ആയിരുന്നു. ബ്രേക്ക് സമയങ്ങളിൽ നസ്ലെൻ, ചന്തു, അരുൺ എല്ലാവരും ഒരുമിച്ച് എന്റെ ചെയറിൽ ഒന്നിച്ചിരുന്നാണ് ചിൽ അടിച്ചിരുന്നത്. ആ ചെയറിൽ ഇരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ബെഡ് സൈസുളള ചെയർ ആയിരുന്നതിനാൽ എല്ലാവർക്കും ഇരിക്കാൻ സ്ഥലമുണ്ടായിരുന്നു. മൊത്തത്തിൽ പറഞ്ഞാൽ വളരെ എൻജോയ് ചെയ്താണ് അഭിനയിച്ചത്. കല്ല്യാണിയെ ഫ്ളാറ്റിലെ സീനിൽ വച്ചാണ് ആദ്യമായി കണ്ടത്. ദുൽഖറിനെയോ മമ്മൂട്ടിയെയോ കാണാനുള്ള അവസരം കിട്ടിയില്ല. ഷൂട്ടിന്റെ അവസാന ദിവസം എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. എല്ലാം ഇപ്പോൾ മിസ്സ് ചെയ്യുന്നു.

'പ്രേക്ഷക പ്രതികരണങ്ങൾ അപ്രതീക്ഷിതം'
മിസ്റ്റര്‍ നോബഡിയെ പ്രേക്ഷകർ ഇത്രയധികം സ്വീകരിക്കുമെന്ന് കരുതിയില്ല. എല്ലാവരും ചെറുതായൊന്ന് നോട്ടീസ് ചെയ്യും, അത്ര മാത്രമായിരുന്നു പ്രതീക്ഷ. സോഷ്യൽ മീഡിയകളിലെ സപ്പോർട്ട് അത്രയധികം സന്തോഷം തന്നു. ചാത്തനാണെന്നൊക്കെ പറഞ്ഞുള്ള ട്രോളുകൾ എല്ലാം നന്നായി എൻജോയ് ചെയ്തിരുന്നു. നാഗ് അശ്വിൻ സാർ വേദിയിൽ പറഞ്ഞപ്പോൾ അവാർഡ് കിട്ടിയ ഫീലായിരുന്നു. എന്റെ സീൻ വരുമ്പോൾ തീയറ്ററിൽ കൈയടികൾ ഉണ്ടായി. അത് നേരിട്ട് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആയിരുന്നു. ക്യാരക്ടറിന് ആ സിനിമയിൽ ഇത്രയും പ്രാധാന്യമുണ്ടെന്ന് അന്ന് അഭിനയിച്ചപ്പോൾ മനസ്സിലായില്ല. ഫാമിലി, സുഹൃത്തുക്കൾ എല്ലാവരും ഫുൾ സപ്പോർട്ടാണ്. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ റെസ്പോണ്ട് ചെയ്യാറുണ്ട്. എല്ലാ എഡിറ്റുകളും പോസ്റ്റുകളും കാണാനും അത് റീഷെയർ ചെയ്യാനുമെല്ലാം സമയം കണ്ടെത്തും. അവർ നമ്മളെ അത്രയും സ്വീകരിച്ചു എന്നതിലാണ് സന്തോഷം.
കാട്ടാളനിൽ മറ്റൊരു ലുക്ക്
എന്റെ പ്രൊഫൈൽ അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ലോകക്ക് ശേഷം കൊടുത്ത ഇന്‍റര്‍വ്യൂകളിലെ ലുക്ക് കണ്ടാണ് പെട്ടന്ന് വിളിക്കുന്നത്. കാരണം താടിയും മുടിയും എല്ലാമുള്ള ലുക്കായിരുന്നു അവരുടെ ആവശ്യം. കഥാപാത്രത്തിനു വേണ്ടി അങ്ങനെ ലുക്ക് ബിൽഡ് ചെയ്യാൻ തയ്യാറായി. Mr Nobody യിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കാട്ടാളനിലെ കഥാപാത്രം. കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനായിട്ടില്ല.

'സിനിമ തന്നെയാണ് മനസ്സിൽ'
10 വർഷത്തിൽ കൂടുതലായി ഓഡീഷനുകളും മറ്റും അറ്റൻഡ് ചെയ്യുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പരിശ്രമിച്ചിട്ടുള്ളത് സിനിമയ്ക്ക് വേണ്ടി തന്നെയാണ്. മനസ്സറിഞ്ഞ് പരിശ്രമിച്ചാൽ സിനിമ നമ്മളെ തേടി വരും. ഇപ്പോൾ നല്ല അവസരങ്ങൾ വരുന്നുണ്ട്. ലോകയ്ക്ക് ശേഷം ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചിരുന്നു. നവംബർ ലാസ്റ്റ് മുതൽ ജൂലൈ വരെ ആ ഷൂട്ടിന്റെ തിരക്കുകളിലായിരുന്നു. ഇനി കാട്ടാളൻ. കൂടാതെ മൂന്ന് സിനിമകൾ കൂടെ കമ്മിറ്റ് ചെയ്തിട്ടുണ്ട്. കാസ്റ്റിങ് മാത്രമാണ് ഇപ്പോൾ കഴിഞ്ഞിട്ടുള്ളത്. ബാക്കി കാര്യങ്ങൾ വരുന്നതേ ഉള്ളൂ. ലൈഫ് തന്നെ ആകെ മാറി പോയി. എല്ലാത്തിനും സന്തോഷം. ഇനിയും പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന നല്ല നല്ല കഥാപാത്രങ്ങൾ കിട്ടണം അത് നന്നായി ചെയ്യണം എന്നാണ് ആഗ്രഹം.
