Asianet News MalayalamAsianet News Malayalam

സൈജു കുറുപ്പ്: ദുരഭിമാന കുടുംബത്തിലെ 'ഒരു ഭയങ്കര പ്രശ്നം' തമാശയാക്കുകയാണ് 'ഭരതനാട്യം'

"ജീവിതത്തിലെ പല സാഹചര്യങ്ങളിലും മനുഷ്യര്‍ക്ക് നിൽക്കക്കള്ളിയില്ലാതെ ഭരതനാട്യം കളിക്കേണ്ടി വരും. അത് തന്നെയാണ് സിനിമയുടെ പേരിനും പിന്നിൽ."

Bharathanatyam movie 2024 Saiju Kurup turns producer interview
Author
First Published Aug 30, 2024, 10:47 AM IST | Last Updated Aug 30, 2024, 11:02 AM IST

സൈജു കുറുപ്പ് അടുത്തിടെ ചെയ്ത വേഷങ്ങളിൽ അധികവും പ്രാരാബ്‍ധക്കാരനായ മലയാളി ഗൃഹനാഥന്‍ ആണെന്ന് നടന് തന്നെ അറിയാം. 

"എല്ലാ പടത്തിലും പ്രാരാബ്ധമാണെന്ന് ട്രോള്‍ ഒക്കെ കാണാറുണ്ട്. എന്നാപ്പിന്നെ ഇത്തരം വേഷങ്ങള്‍ പിടിക്കണ്ട എന്ന് ഞാന്‍ ചിന്തിക്കാറില്ല, പ്രാരാബ്ധമാണെങ്കിലും ആളുകളെ രസിപ്പിക്കാന്‍ പറ്റുമെങ്കിൽ എന്തുകൊണ്ട് ആ വേഷം ചെയ്തുകൂടാ എന്നാണ് ഞാന്‍ ചിന്തിക്കാറ്." - സൈജു കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് വിവരിക്കുന്നു.

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം "ഭരതനാട്യം" ഓഗസ്റ്റ് 30-ന് തീയേറ്ററുകളിലെത്തുകയാണ്. പ്രധാനകഥാപാത്രത്തിനൊപ്പം ആദ്യമായി സഹ നിര്‍മ്മാണം കൂടെ സൈജു ഏറ്റെടുത്തിട്ടുണ്ട്.

"പ്രൊഡ്യൂസ് ചെയ്യാനല്ല, അഭിനയിക്കാനാണ് തിരക്കഥ കേട്ടത്. വായിച്ചു കഴിഞ്ഞപ്പോള്‍ ഇഷ്ടമായി. കൂട്ടാനും കുറയ്ക്കാനും ഒന്നുമില്ല. ആകെയുള്ള പ്രശ്നം നിര്‍മ്മാതാവ് ഇല്ലെന്നതായിരന്നു. ഇടയ്ക്ക് നിര്‍മ്മാതാവ് തോമസ് തിരുവല്ലയെ കണ്ടപ്പോള്‍ കഥ പറഞ്ഞു. കേട്ടയുടന്‍ പറഞ്ഞു, ചെയ്യാം. അപ്പോഴാണ് എനിക്കും നിര്‍മ്മാതാവാകണം എന്ന സ്വപ്നം പറഞ്ഞത്. അങ്ങനെയാണ് സഹ നിര്‍മ്മാണം ഏറ്റെടുത്തത്."

ജീവിതത്തിലെ പല സാഹചര്യങ്ങളിലും മനുഷ്യര്‍ക്ക് നിൽക്കക്കള്ളിയില്ലാതെ ഭരതനാട്യം കളിക്കേണ്ടി വരും. അത് തന്നെയാണ് സിനിമയുടെ പേരിനും പിന്നിൽ. ദുരഭിമാനം കാത്തുസൂക്ഷിക്കുന്ന ഒരു സാധാരണ മലയാളി കുടുംബത്തിലുണ്ടാകുന്ന ഒരു ഭയങ്കര പ്രശ്നം, തമാശയായി അവതരിപ്പിക്കുകയാണ് ചിത്രമെന്നാണ് സൈജു കുറുപ്പ് പറയുന്നത്.

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖ (2005)ത്തിലൂടെയാണ് സൈജു കുറുപ്പ് മലയാള സിനിമയിൽ എത്തുന്നത്. നായകനായി തുടങ്ങിയ സൈജു, പിന്നീട് സ്വഭാവ നടനായും കോമഡി വേഷങ്ങളിലും തിളങ്ങി. 

"എന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമ മയൂഖമാണ്. അതിന് ശേഷം ഞാന്‍ ചെയ്ത ഒരുപാട് കഥാപാത്രങ്ങള്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും മയൂഖത്തിലെ ഉണ്ണിക്കേശവന്‍ മുഴച്ചുനിൽക്കുന്നു."

കഥ മാത്രമാണ് ഇപ്പോള്‍ സൈജു കുറുപ്പിനെ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതിൽ സ്വാധീനിക്കുന്നത്. "എന്നെ വച്ച് പടം ചെയ്യുന്നതെല്ലാം പുതിയ ആളുകളാണ്. പ്രമുഖ സംവിധായകരാരും എന്നെ അന്വേഷിച്ച് വരാറില്ല. കൊവിഡ് കാലത്ത് ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. അത് നടന്നില്ല." - സൈജു കുറുപ്പ് പറയുന്നു.

"പണത്തിന് വേണ്ടി മാത്രം ഞാന്‍ വേഷങ്ങള്‍ ചെയ്യാറില്ല. മുൻപ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് നുണയാകും. എനിക്ക് തോന്നുന്നു 2015-ന് ശേഷം എനിക്ക് അത്യാവശ്യം വേഷങ്ങള്‍ കിട്ടുന്നുണ്ട്. അതു മാത്രമല്ല, കാശിന് വേണ്ടി മാത്രം വേഷങ്ങള്‍ ചെയ്യുന്നത് ജോലിയോട് ചെയ്യുന്ന ഒരു തെറ്റായും ഇപ്പോള്‍ തോന്നാറുണ്ട്." - സൈജു കുറുപ്പ് കൂട്ടിച്ചേര്‍ക്കുന്നു.

ഏതാണ്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയ ജീവിതം സൈജു കുറുപ്പിനെ മലയാളികള്‍ക്കിടയിൽ ഒരു പരിചിത മുഖമാക്കിയോ? ഇല്ലെന്നാണ് സൈജു പറയുന്നത്.

"കഴിഞ്ഞ ദിവസം ഞാനൊരു അമ്പലത്തിൽ പോയി. അകത്ത് കയറി വലംവച്ചപ്പോള്‍ മൂന്നാല് ചേച്ചിമാര്‍ വന്നു. അവരെന്നെ കണ്ട് സിനിമയിൽ ഉള്ള ആളല്ലേ, എന്തായിരുന്നു പേര് എന്ന് ചോദിച്ചു. സത്യത്തിൽ എനിക്ക് സന്തോഷമാണ്. കുറഞ്ഞത് ഞാന്‍ സിനിമയിലുള്ള ആളാണെന്ന് അവര്‍ക്ക് തോന്നിയല്ലോ. ചിലപ്പോള്‍ ദൈവാലയത്തിൽ വച്ച് ദൈവം തന്നെ മനസ്സിലാക്കിത്തന്നതായിരിക്കും, ഇപ്പോഴും ഞാന്‍ എളിമയോടെ നിൽക്കണമെന്ന്."

 

Latest Videos
Follow Us:
Download App:
  • android
  • ios