ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും ഉത്സവത്തിന്  എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

സ്വാതന്ത്ര്യം അർദ്ധരാത്രി'ക്കു ശേഷം ആന്റണി വർഗീസും (antony varghese) ടിനു പാപ്പച്ചനും (tinu pappachan) വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അജഗജാന്തരം' (ajagajantharam) . അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുമായി, എത്തുന്ന 'അജഗജാന്തരം' ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുതല്‍ ട്രെയ്‌ലര്‍ വരെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ഉത്സവക്കാഴ്ച്ചകള്‍ തിയറ്ററില്‍ നിറയ്ക്കാൻ അജഗജാന്തരം പ്രദര്‍ശനത്തിനെത്തുമ്പോൾ എത്തുമ്പോൾ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനുമായി പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ

ഫ്രെയിമുകൾ കൊണ്ട് തീർക്കുന്ന ആനന്ദലഹരി
ഉത്സവപ്പറമ്പിലൂടെയുള്ള ഒരു യാത്രയാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും ഉത്സവത്തിന് എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. എനിക്ക് ചെറുപ്പ കാലം മുതലെ ഉത്സവങ്ങള്‍ ഇഷ്‍ടമായിരുന്നു. ഉത്സവത്തിന്റെ ഒരു കളറും, ശബ്‍ദവും നമ്മള്‍ കാണുന്ന കാഴ്ച്ചകളുമെല്ലാം ഒരു അനുഭവം തന്നെയാണ്. പ്രേക്ഷകർക്ക് ഒരു ഉത്സവം കൂടിയ അനുഭവം ചിത്രം പകരുമെന്നാണ് എന്റെ വിശ്വാസം. ഒരുപാട് സബ് ട്രാക്കുകളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങളുമുണ്ട്. ഒരു പൂരപ്പറമ്പാണല്ലോ. അപ്പോള്‍ ആളുകള്‍ ഒരുപാട് ഉണ്ടാവും. നാട്ടുകാര്‍, ആനാക്കാര്‍, കമ്മിറ്റിക്കാര്‍, നാടകക്കാര്‍ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ കടന്ന് വരുന്നുണ്ട്. സിനിമ ഷൂട്ട് ചെയ്ത് 49 ദിവസം കൊണ്ടാണ്.

'അജഗജാന്തരം' പേരിന് പിന്നില്‍ ലിജോ ജോസ്
അജഗജാന്തരം' എന്ന പേരിട്ടത് ലിജോ ചേട്ടനാണ്. ആന്റണിയാണ് അഗജാന്തരത്തിന്റെ കഥ എന്നോട് പറയുന്നത്. കിച്ചുവിന്റെയാണ് കഥ. അവരാദ്യം ലിജോ ചേട്ടനോടാണ് കഥ പറഞ്ഞത്. പക്ഷെ ജെല്ലിക്കെട്ട് ചെയ്‍തു നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ ചേട്ടന്‍ അത് ചെയ്‍തില്ല. വീണ്ടും ഒരു അനിമല്‍ പടം ആകുമല്ലോ എന്ന് കരുതിയാണ് ആള് അത് വേണ്ടെന്ന് വെച്ചത്. അങ്ങനെയാണ് ആ കഥ എന്റെ അടുത്തേക്ക് എത്തുന്നത്. അങ്ങനെ ലിജോ ചേട്ടന്‍ ഇട്ട പേരാണ് 'അജഗജാന്തരം'. അതെനിക്കും ഇഷ്‍ടപ്പെട്ടു.


ആന എന്താണോ ചെയ്യുന്നത് അതിനായി നമ്മൾ കാത്തിരിക്കണം
ആനയുമായുള്ള ഷൂട്ട് വലിയ ടാസ്‌കായിരുന്നു. എന്തൊക്കെ പറഞ്ഞാലും ആന ഒരു വന്യജീവി തന്നെയാണ്. ഷൂട്ടിങ്ങിന് മുമ്പ് ആന വലിയൊരു പ്രശ്‌നമായി തോന്നിയില്ല. പക്ഷെ ലൊക്കേഷനില്‍ ആന എത്തിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലായത്. പാപ്പാൻമാരുടെ സഹായത്തോടെയാണ് ഷൂട്ട് ചെയ്യുന്നത്. ആനയെ പറഞ്ഞ് മനസിലാക്കുക വലിയ പാടായിരുന്നു. നമ്മൾ പറയുന്നത് ആന കേൾക്കില്ല, ആന എന്താണോ ചെയ്യുന്നത് അതിനായി നമ്മൾ കാത്തിരിക്കണം, ആനയുടെ പാപ്പന്‍ വളരെ സൗഹൃദത്തോടെയാണ് നമ്മുടെ അടുത്ത് നിന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ ഇതുവരെ കാണിക്കാത്ത സീക്വന്‍സുകളെല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്, ആന എന്താണോ ചെയ്യുന്നത് അത് നമ്മള്‍ ഷൂട്ട് ചെയ്യുക, പിന്നെ കിച്ചുവാണ് മറ്റൊരു പാപ്പാന്‍. ആളുടെ സുഹൃത്തുക്കളായ പാപ്പാൻമാരെല്ലാം വലിയ രീതിയില്‍ സഹായിച്ചു.



24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ
വളരെ ചെറിയൊരു നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവം. അവിടെ ആനയുമായി രണ്ട് പാപ്പാന്‍മാര്‍ വരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ. പക്ഷെ ഒരുപാട് സബ് ട്രാക്കുകളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങളുമുണ്ട്. സര്‍പ്രസിങ്ങായ എലമെന്റുകളും സിനിമയിലുണ്ട്.



അണിയറയിലെ താരങ്ങൾ
അങ്കമാലി ഡയറീസിലെ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്, അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം ജിന്റോ ജോർജും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു.