ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ
ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്ന 'ഉപ്പും മുളകി'ന്റെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു (sj sinu) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിബൂട്ടി' (Djibouti ) പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് 75 ശതമാനവും ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി സാം നിര്‍മിച്ച ചിത്രം ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ഹിറ്റ് ചാർട്ടിൽ ഇടം നേടി. അമിത് ചക്കാലയ്ക്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനുമായി പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ സംവിധായകൻ എസ് ജെ സിനു
മിനിസ്‍ക്രീനിൽ നിന്ന് ബിഗ് സ്‍ക്രീനിലേയ്ക്ക്
'ജിബൂട്ടി'യുമായി പ്രേക്ഷകരിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയും ആകാംക്ഷയുമാണ് എനിക്ക് ഉള്ളത്. ഞാൻ ഒരുക്കിയ 'ഉപ്പു മുളകും' എന്ന ടെലിവിഷന്‍ പരമ്പര ഏറെ ജനപ്രിയമായിരുന്നു. വലിയ സ്വീകാര്യതയാണ് ആ പരമ്പരയ്ക്ക് ലഭിച്ചത്. അവിടെ നിന്ന് സിനിമയുമായി എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്‍ടപ്പെടുന്ന എല്ലാ ചേരുവകളുമുള്ള മികച്ച ഒരു ദൃശ്യാനുഭവമാണ് 'ജിബൂട്ടി'യിലൂടെ നല്‍കുന്നത്. കുടുംബ സമേതം കാണുവുന്ന ചിത്രമാണ് ഇത്, എടുത്ത് പറയേണ്ടത് 'ജിബൂട്ടി' എന്ന ആഫ്രിക്കന്‍ രാജ്യത്തെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു എന്നതാണ്. ആ നാടിന്റെ ദൃശ്യമനോഹാരിത മികച്ച രീതിയിൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ജിബൂട്ടി'യിലെ കാഴ്‍ചയ്ക്ക് അത്രയേറെ പ്രാധാന്യമുള്ളതിനാൽ ചിത്രം തിയറ്ററിൽ തന്നെ പ്രേക്ഷകർ കണ്ടിരിക്കണം.


പ്രണയത്തിനും ആക്ഷനും പ്രാധാന്യം
ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള മെയ്ക്കിംഗ് തന്നെയാണ് ചിത്രത്തിനുള്ളത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ഇഷ്‍ടപ്പെടുത്തുന്ന വിഭവങ്ങളും ചിത്രത്തിലുണ്ട്. രണ്ട് മണിക്കൂർ 20 മിനിറ്റാണ് ജിബൂട്ടി'. അത്രയും സമയം സിനിമ കാണുന്ന പ്രേക്ഷകന് ഒരു തരിപോലും മടുപ്പുണ്ടാവില്ല. അത്രത്തോളം സിനിമയോട് ചേർന്നിരിക്കാൻ കഴിയുന്ന തരത്തിലാണ് മെയ്ക്കിംഗ്. അമിത് ചക്കാലയ്ക്കല്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഷിംല സ്വദേശി ഷഗുൺ ജസ്വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു

'ജിബൂട്ടി'യുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തും
ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും
പുതിയ ചിത്രത്തിലും നായകൻ അമിത് ചക്കാലയ്ക്കല്‍
'ജിബൂട്ടി'ക്ക് ശേഷം ഞാൻ ഒരുക്കിയ ചിത്രമാണ് 'തേര്'. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു, ജനുവരി അവസാനത്തോടെ ചിത്രം തിയറ്ററിലെത്തും. അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, സഞ്‍ജ ശിവ്‍റാം എന്നിവരാണ് ഉള്ളത്. അസീസ് നെടുമങ്ങാട്, സ്‍മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

