എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ എന്നതിനപ്പുറത്തേക്ക് ടിയാന് ശേഷം മുരളി ഗോപി - ജീയെൻ കൃഷ്ണകുമാർ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് ഇതെന്നുള്ളതാണ് ഈ മൂവിയെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രം എഡിറ്റ് ചെയ്താണ് രോഹിത് വി എസ് വാരിയത്ത് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ എമ്പുരാന് ശേഷം മുരളിഗോപി തിരക്കഥയൊരുക്കുന്ന, ടിയാന് ശേഷം ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അനന്തൻകാടിന്റെ എഡിറ്ററായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് രോഹിത്. അനന്തൻകാട് മലയാള സിനിമ കണ്ടതിൽ ഏറ്റവും മികച്ച പൊളിറ്റിക്കൽ ഡ്രാമയാവുമെന്ന് പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിൽ ഇരുന്നുകൊണ്ട് രോഹിത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
എമ്പുരാന് ശേഷം മുരളി ഗോപി
എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ എന്നതിനപ്പുറത്തേക്ക് ടിയാന് ശേഷം മുരളി ഗോപി - ജീയെൻ കൃഷ്ണകുമാർ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് ഇതെന്നുള്ളതാണ് ഈ മൂവിയെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. ഇതു വലിയൊരു ക്യാൻവാസിലുള്ള പടമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 130 ഓളം ദിവസങ്ങൾ കൊണ്ട് ഷൂട്ട് ചെയ്തു തീർത്ത ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. സാധാരണക്കാർക്കിഷ്ടപ്പെടുന്ന രീതിക്കാണ് സിനിമ എടുത്തതെങ്കിലും തമിഴ് പടത്തിന്റെയും മലയാള പടത്തിന്റെയും സമ്മിശ്ര രൂപമാണിത്. കൂടാതെ മലയാളം, തമിഴ് ഭാഷകളിൽ കൂടി സിനിമ വരുന്നുണ്ട്. പിന്നെ എമ്പുരാൻ സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന ഈ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതുപോലെ തമിഴ് ചിത്രം മാർക്ക് ആന്റണിയ്ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
മുരളി ഗോപി - ജീയെൻ കൃഷ്ണകുമാർ
രണ്ടുപേരുടെയും കൂടെ വർക്ക് ചെയ്യാൻ പറ്റുന്നത് വലിയൊരു ഭാഗ്യമാണ്. നമ്മളെ നല്ലപോലെ കംഫർട്ട് ആക്കിയിട്ടാണവർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടത്തുന്നത്. കൂടെ നിന്ന് കാര്യങ്ങളെല്ലാം പറഞ്ഞു തരുന്നുണ്ട്. തുടക്കം മുതലേ എഡിറ്റർ കൂടെ ഉണ്ടാകണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ പ്രീ പ്രൊഡക്ഷൻ, ഷൂട്ട് നടക്കുന്ന സമയം, പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ എല്ലാ സമയത്തും ഞാൻ അവരുടെ കൂടെയുണ്ട്. ഇതൊരു വലിയ ക്യാൻവസിലുള്ള മൂവിയാണ് എന്ന ബോധ്യത്തോടെയാണ് തുടക്കം മുതലേ ഞാൻ നിന്നിട്ടുള്ളത്. മാത്രമല്ല നമ്മുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള നല്ലൊരു സ്പേസും അവർ എനിക്ക് തന്നിട്ടുണ്ട്. അത് ഇഷ്ടപ്പെട്ടാൽ അവരത് വർക്കിലേക്ക് ഇംപ്ലിമെന്‍റ് ചെയ്യാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് വർക്ക് സ്മൂത്ത് ആയി മുൻപോട്ട് പോകുന്നത്.
ആര്യയുടെ വേറിട്ട കഥാപാത്രം
സിനിമയ്ക്കകത്ത് ആര്യ ചെയ്യുന്ന കഥാപാത്രം ഇത്രകാലത്തിനുള്ളിൽ ആര്യ ചെയ്ത മറ്റു കഥാപാത്രങ്ങളിൽ നിന്നും വളരെയധികം വ്യത്യാസമുള്ള കഥാപാത്രമാണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിലൂടെ ഉറപ്പായും അദ്ദേഹത്തിന് ഒരു ഹൈപ്പ് കിട്ടും. പെർഫോമൻസ് കൊണ്ട് പോലും അത്രക്ക് മനോഹരമായാണ് ആര്യ അത് ചെയ്തിരിക്കുന്നത്. ഇമോഷണലി ഒരുപാട് അറ്റാച്ച് ചെയ്തു കിടക്കുന്ന കഥാപാത്രമാണിത്.
ജീയെന്‍ കൃഷ്ണകുമാർ
ടിയാൻ സിനിമയ്ക്കു ശേഷം അദ്ദേഹം മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമ ഇതാണ്. അന്യഭാഷകളിൽ ചില സിനിമകൾ ചെയ്തിരുന്നു. പക്ഷേ മലയാളത്തിൽ ഈ സിനിമയാണ് ചെയ്തിട്ടുള്ളത്. ഈ സിനിമയിലേക്ക് എന്നെ പ്രധാനമായും ആകർഷിപ്പിച്ച ഘടകവും അതുതന്നെയാണ്. അദ്ദേഹത്തിന്റെ സംവിധാനം. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു ടിയാൻ. അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്ത ഈ സിനിമ തീർച്ചയായും ടിയാൻ സിനിമക്ക് മുകളിൽ നിൽക്കുന്നതാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ നിന്നെല്ലാം ഉള്ള അഭിനേതാക്കൾ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇന്ദ്രൻസ്, അപ്പാനി ശരത്, നിഖില വിമൽ, ശാന്തി ബാലകൃഷ്ണൻ തുടങ്ങിയ ആർട്ടിസ്റ്റുകൾ ഒക്കെ മലയാളത്തില്‍ നിന്ന് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെയും അറിയപ്പെടുന്ന അഭിനേതാക്കൾ തന്നെയാണ് കൂടെ അഭിനയിച്ചിരിക്കുന്നത്.
സിനിമയുടെ ഭാഗമാകുന്നത്
അഞ്ചകള്ളകോക്കാൻ സിനിമ കണ്ടിട്ടാണ് സംവിധായകൻ ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അന്ന് ഈ സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയമാണ്. മാത്രമല്ല അഞ്ചകള്ളകോക്കാൻ സിനിമയിലെയും ഈ സിനിമയിലെയും കലാസംവിധായകനും ഒന്നായിരുന്നു. അങ്ങനെയാണ് കോൺടാക്ട് ചെയ്യുന്നത്. ആ വഴിക്ക് വന്ന സിനിമയിൽ ജോയിൻ ചെയ്തു. ഇപ്പൊ പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞപ്പോഴേക്കും നമ്മളെല്ലാം ഹാപ്പിയാണ്. സിനിമ അതിന്റെ പരമാവധി നല്ലത് പോലെ അഭിപ്രായം നേടുമെന്നുള്ള പ്രതീക്ഷയുണ്ട്. സിനിമയുടെ രാഷ്ട്രീയം ശക്തമാണെങ്കിൽ പോലും അതൊരു കമേഴ്സ്യൽ സിനിമ എന്നുള്ള രീതിയിൽ പറയാനാണ് എനിക്കിഷ്ടം.
ടെക്നിക്കൽ സാദ്ധ്യതകൾ
കമ്പ്യൂട്ടർ ഗ്രാഫിക്സ്ന്റെ നല്ല സാധ്യതയുള്ള സിനിമയാണിത്. ആൾക്കൂട്ടങ്ങൾ വരുമ്പോഴൊക്കെ അത്തരം സാദ്ധ്യതകളെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. പിന്നെ സംവിധായകന്റെ ഭാഗത്തുനിന്നും നല്ല സഹകരണം ഉള്ളതുകൊണ്ട് നല്ല രീതിയിൽ തന്നെയാണ് വർക്ക് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ എനിക്ക് അടുത്ത തലത്തിലേക്ക് കാല് കുത്താനുള്ള അവസരമാണ്. അതുകൊണ്ട് തന്നെ മാക്സിമം എല്ലാവിധ സാധ്യതകളും ഞാൻ ഉപയോഗിച്ചിട്ടുണ്ട്
എട്ടാമത്തെ സിനിമയായ അനന്തൻകാട്
എന്റെ എട്ടാമത്തെ സിനിമയാണ് ഇത്. കഴിഞ്ഞവർഷം അഞ്ചക്കള്ളകോക്കാൻ പല്ലൊട്ടി എന്നീ സിനിമകളാണ് ഇറങ്ങിയത്. അറ്റൻഷൻ പ്ലീസ് എന്ന സിനിമയിലൂടെയാണ് ഞാൻ കരിയർ തുടങ്ങുന്നത്. കൂട്ടത്തിൽ കൂടുതൽ ശ്രദ്ധ നേടിയത് അഞ്ചകള്ളകോക്കാൻ സിനിമയിലൂടെയാണ്. ഒരു എഡിറ്റർ എന്ന നിലയ്ക്ക് എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് ആ സിനിമയിലൂടെയാണ്. നമ്മളെ അറിയുന്ന ആളുകൾ പോലും ഒരു എഡിറ്റർ ആയി എന്നെ അംഗീകരിച്ചത് ആ സിനിമയിലൂടെയാണ്. അതുപോലെ അറ്റൻഷൻ പ്ലീസ് സിനിമയുടെ സംവിധായകൻ ജിതിന്റെ കൂടെ ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതുവഴിയാണ് ആ സിനിമയിൽ എത്തിയത്. അതൊരു കൂട്ടായ്മയുടെ ഭാഗം പോലെ ചെയ്ത സിനിമയാണ്. പിന്നീട് ആ സിനിമക്ക് വലിയ സ്വീകാര്യത കിട്ടി.
അച്ഛനും ഞാനും സംവിധാനവും
അച്ഛന് പത്രപ്രവർത്തനം, സിനിമ, സീരിയൽ പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാം ഉണ്ടായിരുന്നു. ഒരു സംവിധായകനാകണം എന്ന ആഗ്രഹം ബാക്കി നിൽക്കെയാണ് അച്ഛൻ മരിച്ചത്. അച്ഛനെപ്പോലെ എനിക്കും സംവിധാനം താല്പര്യം ഉണ്ട്. പിന്നെ സിനിമ പഠിക്കുന്നതിന്റെ ഭാഗമായി എഡിറ്റിംഗ് മനസ്സിലാക്കി. പക്ഷെ സിനിമയിലെത്തുന്നത് എളുപ്പമല്ലായിരുന്നു. നീണ്ട വർഷങ്ങൾ എടുത്താണ് സിനിമയുടെ ഭാഗമായത്. പിന്നെ എല്ലാ വിഭാഗങ്ങളും ഒത്തുവന്നാൽ മാത്രമേ ഒരു നല്ല സിനിമ ഉണ്ടാകു എന്നാണ് ഞാൻ എല്ലായിപ്പോഴും വിശ്വസിക്കുന്നത്.


