Asianet News MalayalamAsianet News Malayalam

10 കോടി മുടക്കിയാൽ ആറോ ഏഴോ കോടി അഭിനേതാക്കൾക്ക്, താരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം: ബി ഉണ്ണികൃഷ്ണൻ

അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നുണ്ട്.

fefka general secretary b unnikrishnan interview, actors remuneration, trad union amma association
Author
First Published Sep 13, 2024, 6:00 PM IST | Last Updated Oct 4, 2024, 3:45 PM IST

താരസംഘടനായ അമ്മയിലെ അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ തന്നെ സമീപിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ അതെത്രത്തോളം പ്രായോഗികമാണ് എന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം നടീ നടന്മാർക്ക് വർഗബോധമുണ്ടായി വരട്ടെ എന്ന അഭിപ്രായമാണ് മുന്നോട്ടു വച്ചത്. അഭിനേതാക്കളുടെ പ്രതിഫലം സിനിമയുടെ ക്വാളിറ്റിയെ ബാധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും അതുൾപ്പെടെ പരിഹരിക്കപ്പെടാൻ ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടനയ്ക്കാകുമെന്ന പ്രതീക്ഷയും ബി ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെച്ചു. ബി ഉണ്ണികൃഷ്ണനുമായി ​ഗൗരി പ്രിയ ജെ നടത്തിയ അഭിമുഖം. 

ആശയത്തെ ഫെഫ്ക സ്വാഗതം ചെയ്യുന്നു, പക്ഷേ..

അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് നല്ല കാര്യമായാണ് ഫെഫ്ക കാണുന്നത്. മറ്റു സിനിമ വ്യവസായങ്ങളിൽ അഭിനേതാക്കൾക്ക് ട്രേഡ് യൂണിയനുകളുണ്ട്. അങ്ങനെയൊന്ന് വേണോ വേണ്ടയോ എന്നത് അവരുടെ ചോയ്സ് ആണ്. തൊഴിൽ അവകാശങ്ങളെ മാത്രം പരിഗണിക്കുന്ന സംഘടനയുണ്ടാകുന്നത് കുറേകൂടി ചിട്ടയോടെ കാര്യങ്ങൾ നടക്കാൻ ഇടവരുത്തും. പ്രശ്നങ്ങളോടുള്ള സമീപനത്തിലും തൊഴിലിടത്തിലെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവും മെച്ചപ്പെടും. മലയാള സിനിമയ്ക്കും അതു ഗുണകരമാണ്. പക്ഷേ ശൈശവദശയിൽ പോലും എത്താത്ത ഒരു ആശയമാണ് ഇപ്പോഴത്തേത്.

അഭിനേതാക്കൾക്ക് ഒരു ട്രേഡ് യൂണിയൻ വേണമെന്ന ആവശ്യം മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കും അങ്ങനെയൊരു തോന്നലുണ്ടായി അതിനു പിന്നാലെ പോകാനിരിക്കുന്നു. പക്ഷേ അതെത്രത്തോളം ഫലപ്രാപ്തമാകും എന്നതിൽ സംശയമുണ്ട്. സങ്കല്പത്തിൽ മാത്രമുള്ള ഒരു ആശയത്തെ ഞാനും ആ രീതിയിൽ മാത്രമേ കാണുന്നുള്ളൂ. കാരണം അഭിനേതാക്കൾക്കിടയിൽ ഒരു ട്രേഡ് യൂണിയൻ ഉണ്ടാക്കിയെടുക്കുക, അത് മുന്നോട്ട് കൊണ്ടുപ്പോവുക എന്നത് ശ്രമകരമായ ജോലിയാണ്. വലിയ പരിശ്രമവും സമയവും ആവശ്യമാണ്. ജോലിയുടെ സ്വഭാവം കൊണ്ട് എത്രത്തോളം പ്രതിജ്ഞാബദ്ധതയോടെ അവർക്കത് ചെയ്യാനാകുമെന്നതിൽ സംശയമുണ്ട്.  

ഇരുപതോളം പേർ രണ്ടു തവണയായാണ് എന്നെ സമീപിച്ചത്. എങ്ങനെയാണ് ഒരു തൊഴിലാളി യൂണിയൻ രൂപീകരിക്കേണ്ടത്, എത്ര അംഗങ്ങളുണ്ടാകണം, രജിസ്ട്രേഷൻ എങ്ങനെയാണ്, ബൈലോ തയാറാക്കാൻ എന്തു ചെയ്യണം, ആരെ ഏല്പിക്കണം ഇതൊക്കെയായിരുന്നു അവർക്ക് പ്രധാനമായും അറിയേണ്ടിരുന്നത്. അങ്ങനെയൊരു സംഘടനയുണ്ടായാൽ ഫെഫ്ക അഫിലിയിയേഷൻ നൽകില്ല. എന്നെ സമീപിച്ചവർ അതേക്കുറിച്ച് ആരാഞ്ഞപ്പോൾ തൽകാലം ഇല്ലെന്ന മറുപടിയാണ് കൊടുത്തത്.

'നടീ നടന്മാർക്ക് വർഗബോധമുണ്ടായി അവർ മുന്നോട്ട് വരട്ടെ'

2006വരെ മലയാള സിനിമയിൽ തൊഴിലാളി സംഘടന ഉണ്ടായിട്ടില്ല. മാക്ട എന്നൊരു സാംസ്കാരിക സംഘടന മാത്രമാണ് ഉണ്ടായത്. അവിടെയാണ് തൊഴിൽ അവകാശങ്ങളും കൈകാര്യം ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ചലച്ചിത്ര തൊഴിലാളികൾക്ക് തൊഴിലാളി സംഘടന വേണമെന്ന് തോന്നിയത്?. സിനിമയിലെ ഓരോ മേഖലയിലെയും സാങ്കേതിക പ്രവർത്തകർക്ക് വ്യത്യസ്ത താല്പര്യങ്ങളാണ് ഉണ്ടായിരുന്നത്. അവയെ ഒരുമിച്ച് അഭിസംബോധന ചെയ്യാവുന്ന ഒരു സംഘടന വേണമെന്ന തോന്നലുണ്ടായി.

അമ്മ എന്ന സംഘടന അവരുടെ ബൈലോ പ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനപ്പുറം ജോലി സമയത്തെക്കുറിച്ചോ, സിനിമയുടെ ഷൂട്ടിങ് നീണ്ടാലുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചോ, പ്രൊമോഷനുകളെക്കുറിച്ചോ മറ്റ് തൊഴിലവകാശങ്ങളെക്കുറിച്ചോ ഒക്കെ ചർച്ച ചെയ്യണമെങ്കിൽ ഒരു തൊഴിലാളി സംഘടനയുടെ ചിട്ടവട്ടങ്ങളാണ് നല്ലത്. അതുകൊണ്ട് അവർ ഒരു തൊഴിലാളി സംഘടനയുണ്ടാക്കണമെന്ന് ഞാൻ പറയുന്നതിൽ അർഥമില്ല. അതിന് അഭിനേതാക്കൾക്ക് വർഗബോധത്തിൽ അധിഷ്ഠിതമായ വീക്ഷണമുണ്ടാകണം.

കരാർ പ്രകാരമുള്ള തുക തൊഴിലാളിക്ക് വാങ്ങിക്കൊടുക്കും

വേതനത്തിലെ അന്തരം അഭിനേതാക്കൾക്കിടയിൽ മാത്രമല്ല, ഞങ്ങൾ സാങ്കേതിക പ്രവർത്തകർക്കിടയിലും ഉണ്ട്. ഞങ്ങളിലെ ദിവസവേതനക്കാർക്ക് മാത്രമാണ് തുല്യ വേതനം. അത് നിശ്ചയിച്ചു കഴിഞ്ഞാൽ കൃത്യമായി കിട്ടുന്നുണ്ടെന്ന് യൂണിയൻ ഉറപ്പുവരുത്തും. ഞങ്ങളുടെ ദിവസവേദനക്കാരുടെ കാര്യത്തിൽ മാത്രമേ ഞങ്ങൾ അഭിപ്രായം പറയൂ. ഓരോ മൂന്നു വർഷം കൂടുമ്പോഴും അവരുടെ കൂലിയിൽ വർധനവ് വേണമെന്നത് നിർമ്മാതാക്കളുടെ സംഘടയുമായി ചർച്ച ചെയ്ത് കരാറിലാകും. വേതനത്തിലെ അന്തരം ഒരു തൊഴിലാളി യൂണിയൻ പ്രവർത്തനത്തെ തടസപ്പെടുത്തേണ്ടതില്ല.

ചിരിനിറച്ച കൊച്ചു ഫണ്‍ ത്രില്ലര്‍; ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' റിവ്യു

പ്രതിഫലം സിനിമയുടെ ക്വാളിറ്റിയെ ബാധിക്കരുത്

മലയാള സിനിമയിലെ മുഖ്യതാരങ്ങൾ മാത്രമല്ല എല്ലാ അഭിനേതാക്കളും ഇപ്പോൾ വലിയ തുക കൈപ്പറ്റുന്നുണ്ട്. സിനിമയുടെ നിർമ്മാണ ചെലവിൻ്റെ സിംഹ ഭാഗവും അഭിനേതാക്കളാണ് കൊണ്ടുപോകുന്നത്. ബാക്കി മാത്രമേ സിനിമയുടെ നിർമാണത്തിലേക്ക് വിനിയോഗിക്കപ്പെടുന്നുള്ളു, അതു നിർഭാഗ്യകരമാണ്. ഇത് തിരിച്ചറിഞ്ഞു വേണം അഭിനേതാക്കൾ അവരുടെ വേതനം പറയാൻ എന്നാണ് അഭിപ്രായം. പത്തുകോടി രൂപ മുടക്കുന്ന സിനിമയിൽ ആറോ ഏഴോ കോടി പോകുന്നത് അഭിനേതാക്കൾക്കായാണ്. ബാക്കി വരുന്ന മൂന്നു കോടിയല്ലേ സിനിമയ്ക്കുള്ളൂ. ആ ക്വാളിറ്റിയല്ലേ അതിനകത്തുണ്ടാകൂ. അവിടെയാണ് തൊഴിലാളി യൂണിയൻ്റെ പ്രസക്തി. അഭിനേതാക്കൾക്ക് കുറേകൂടി 'സ്ട്രക്ചേഡ്' ആയ സംഘടന ഉണ്ടായിരുന്നെങ്കിൽ നമുക്കത് അവരോട് ചർച്ച ചെയ്യാമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios