Asianet News MalayalamAsianet News Malayalam

ഉമ്മ നല്‍കി അല്‍ക്ക, തന്നെക്കാള്‍ കൊള്ളാമെന്ന് എസ്‍പിബി, ഹിന്ദിക്കാരെയും പാടിത്തോല്‍പ്പിച്ച് ആര്യനന്ദ

രണ്ടാം വയസിൽ ആര്യ നന്ദ ആദ്യമായിട്ട് ചെമ്പൈ സം​ഗീതോത്സവത്തിൽ പാടി.

hindi reality show winner arya nanda in kozhikode
Author
Kozhikode, First Published Oct 16, 2020, 7:23 PM IST

കോഴിക്കോട്ടുകാരിയായ ആര്യനന്ദ പാട്ടുപാടി കീഴടക്കിയത് മലയാളികളെ മാത്രമല്ല. ഹിന്ദിയറിയാത്ത ആര്യനന്ദ മറികടന്നത് സ്വന്തം ഭാഷയില്‍ പാടിയ അന്നാട്ടുകാരെയുമാണ്. ലോകമെമ്പാടുമുള്ള ഗാനപ്രിയരുടെ കേള്‍വിയിലേക്കാണ് ആര്യനന്ദയുടെ പാട്ടെത്തിയത്. ജൂറി വരെ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ആര്യനന്ദയുടെ പാട്ടിന് ആദരവ് നല്‍കിയത്. സരിഗമപ എന്ന പ്രോഗ്രാമിലൂടെയായിരുന്നു ആര്യനന്ദയുടെ പാട്ട് ലോകമെമ്പാടുമെത്തിയത്. ഹിന്ദി ഗാനാസ്വാദകര്‍ ഇനിയൊരിക്കലും മറക്കില്ല കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയെന്ന കൊച്ചുമിടുക്കിയെ. 

സരിഗമപ മത്സരത്തില്‍ അഞ്ച് ലക്ഷം രൂപയും ട്രോഫിയും സ്വന്തമാക്കിയപ്പോള്‍ അത് ആര്യനന്ദയുടെ പാട്ടറിവിനും സ്വരമാധുരിക്കും താളത്തിനും രാഗത്തിനും അംഗീകരമാകുകയായിരുന്നു. ഒപ്പം കേരളത്തിനും. തെന്നിന്ത്യയിൽ നിന്ന് തന്നെ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ഈ കൊച്ചുമിടുക്കി. ഇപ്പോഴിതാ സരി​ഗമപയെ കുറിച്ചും തന്റെ ആ​ഗ്രഹങ്ങളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ് തുറക്കുകയാണ് ആര്യനന്ദ. 

സരി​ഗമപയിലേക്ക്

‘വോയ്‍സ് ഇന്ത്യ കിഡ്‍സ്' എന്ന ഷോയിലായിരുന്നു ആദ്യം ഞാന്‍ പങ്കെടുത്തത്. അതിലെ പ്രവർത്തകരാണ് ഇതുപോലെ കൊച്ചിയിൽ വച്ച് ‘സരിഗമപ’ ലിറ്റിൽ ചാമ്പ്യൻ 2020ന്റെ ഒഡീഷൻ ഉണ്ടെന്ന് പറഞ്ഞത്. അങ്ങനെ കൊച്ചിയിലെ ഒഡീഷനിൽ പങ്കെടുത്തു, സെലക്ടായി. പിന്നീട് അടുത്തഘട്ടം മുംബൈയിൽ വച്ചായിരുന്നു. അവിടെയും സെലക്ടായി, അവിടെ വച്ച് തന്നെയായിരുന്ന ഫൈനൽ ഒഡീഷനും. 

ഹിന്ദി അറിയില്ലെങ്കിലും വിന്നറായി..

എല്ലാ ഫൈനലിസ്റ്റുകളും മികച്ചവരായിരുന്നു.  കരുത്തുറ്റ മത്സരം തന്നെയായിരുന്നു നടന്നത്. ഏഴ് പേരാണ് അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. വിന്നറായി എന്റെ പേര് പറഞ്ഞപ്പോൾ സന്തോഷം അടക്കാനാവില്ല. ഞാൻ ഷോയ്ക്ക് വേണ്ടി നന്നായി ഹാർഡ് വർക്ക് ചെയ്‍തിട്ടുണ്ട്. ആ ഹാർഡ് വർക്കിന് ദൈവം എനിക്ക് തന്ന ​ഗിഫ്റ്റാണിത്. ഉച്ചാരണവും ലിറിക്സുമൊക്കെ പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിന് വേണ്ടി നല്ല സപ്പോർട്ടായിരുന്നു സരി​ഗമപയിലെ ​ഗ്രൂമേഴ്‍സ് തന്നത്. ലിറിക്സിന്റെ അർത്ഥമൊക്കെ അവരാണ് എനിക്ക് പറഞ്ഞ് തന്നത്. ജഡ്‍സൊക്കെ നല്ല സപ്പോർട്ടായിരുന്നു. ആദ്യം പാടിയപ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നെ കൂളാകാൻ തുടങ്ങി. എന്നാലും സംസാരിക്കാനൊക്കെ ബുദ്ധിമുട്ടി. ഇപ്പോ എനിക്ക് ഹിന്ദി കേട്ടാൽ മനസിലാകും. സംസാരിക്കാനും കുറച്ചൊക്കെ ശ്രമിക്കുന്നുണ്ട്. 

അമ്മയില്ലാതെ ആദ്യമായിട്ട്..

ഫെബ്രുവരിയിലാണ് മത്സരം തുടങ്ങിയത്. മാർച്ച് ആയപ്പോഴേക്കും കൊവിഡ് കാരണം മത്സരം നിന്നുപോയി. അമ്മ ഒപ്പമില്ലായിരുന്നു, ഞാനും അച്ഛനും മാത്രമായിരുന്നു മുംബൈയിൽ. അമ്മയില്ലാതെ ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ താമസിക്കുന്നത്. ശരിക്കും അമ്മയില്ലാതെ ഞാൻ ഒരിടത്തും നിൽക്കാറില്ല. ബുദ്ധിമുട്ടുണ്ടായിരുന്നു. ഏകദേശം മൂന്ന് മാസം ഞങ്ങൾ അവിടെ താമസിച്ചു. പിന്നീട് തിരികെ നാട്ടിലേക്ക് വന്നു. ശേഷം ജൂലൈ ആറിനാണ് തിരിച്ച് സരി​ഗമപയിലേക്ക് പോയത്. അപ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നു. ക്വാറന്റീനൊക്കെ കഴിഞ്ഞിട്ടായിരുന്നു ഷോയിൽ പങ്കെടുത്തത്. 

ഗുരുക്കളായി അമ്മയും അച്ഛനും  ​

ചെറുപ്പം മുതലെ അച്ഛൻ കുട്ടികളെ പഠിപ്പിക്കുന്നത് കേട്ടാണ് ഞാൻ വളർന്നത്. അച്ഛൻ പഠിപ്പിക്കുന്നത് കേട്ടാണ് ഞാൻ അധികവും പഠിച്ചത്. പിന്നെ ഒന്നാം ക്ലാസു മുതൽ അച്ഛന്റെ ശിക്ഷണത്തിൽ പാട്ട് പഠിക്കാൻ തുടങ്ങി. ക്ലാസിക്കൽ അച്ഛനും സെമി ക്ലാസിക്കൽ അമ്മയുമാണ് പഠിപ്പിക്കുന്നത്. പുറത്തു നിന്ന് ഇതുവരെ ആരുടെയും കീഴിൽ പഠിച്ചിട്ടില്ല. കുറച്ച് കൂടി കഴിഞ്ഞിട്ട് ഹിന്ദുസ്ഥാനി പഠിക്കാൻ പോകണമെന്നുണ്ട്. നിസരി സ്‌കൂൾ ഓഫ് മ്യൂസിക്ക് എന്നൊരു സ്‌കൂൾ അച്ഛനുണ്ട്. ഒരുപാട് കുട്ടികൾ സംഗീതം പഠിക്കാൻ വരാറുണ്ട്. ഇപ്പോൾ കൊവിഡ് കാരണം എല്ലാം നിന്നിരിക്കുകയാണ്.
ഗുരുവായൂരപ്പന്റെ നടയിൽ രണ്ടര വയസുളളപ്പോൾ ചൈമ്പൈ സംഗീതോത്സവത്തിന് അച്ഛനോടൊപ്പം ഞാൻ പോയിരുന്നു. അച്ഛൻ എല്ലാ കൊല്ലവും പോകാറുണ്ട്. അങ്ങനെ ഒരിക്കൽ പോയപ്പോൾ, എനിക്കും പാടണമെന്ന് വാശിപിടിച്ച് കരഞ്ഞു. അങ്ങനെ രണ്ടര വയസിൽ ആദ്യമായിട്ട് ഞാൻ ചെമ്പൈ സം​ഗീതോത്സവത്തിൽ പാടി. 

അവസാന റൗണ്ട്..

അവർ സെലക്ട് ചെയ്‍ത് തരുന്ന പാട്ടാണ് നമ്മൾ പാടേണ്ടത്. കുറച്ച് സമയം മാത്രമേ പഠിക്കാൻ കിട്ടിയുമുള്ളൂ. ലിറിക്സൊക്കെ പഠിക്കാൻ നന്നായി പാടുപെട്ടു. രാത്രി ഉറക്കമൊഴിച്ചിരുന്ന് പഠിക്കേണ്ട അവസ്ഥയൊക്കെ വന്നിട്ടുണ്ട്. ബുദ്ധിമുട്ടിനൊപ്പം ഹാർഡ് വർക്കുമായിരുന്നു. 

ഓർമ്മകൾ..

സത്യം ശിവം സുന്ദരം പാട്ട് പാടിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. അൽക്ക യാഗ്നിക് മാഡം സ്റ്റേജിലേക്ക് വന്ന് എനിക്ക് ഉമ്മ തന്നു. ഒരുപാട് അഭിനന്ദനവും ഉപദേശങ്ങളും ലഭിച്ചു. വേറൊരു എപ്പിസോഡിൽ ഒരു കവി അതിഥിയായി വന്നിരുന്നു. ഹിന്ദി അറിയാത്ത കുട്ടിയാണ് പാടുന്നതെന്ന് മനസിലാകില്ലായെന്ന് ആ കവി പറഞ്ഞപ്പോൾ സന്തോഷമായി. അതിഥിയായ് എത്തിയ ഗായിക നേഹകർക്കർ എന്റെ കഴിവിനെ ലോകമറിയണമെന്ന് പറഞ്ഞു. കൂടെ സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റും ചെയ്‍തിരുന്നു.

ഇഷ്‍ടം ജാനകിയമ്മയെ

എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. നല്ല കാര്യമായാണ് എല്ലാവരും സംസാരിക്കുന്നത്. സുജാത മോഹൻ മാം വിളിച്ച് അഭിനന്ദനം പറഞ്ഞു. ശ്രീനിവാസൻ സർ ഫേസ്ബുക്ക് പോസ്റ്റിടുകയും എന്നെ വിളിക്കുകയും ചെയ്തിരുന്നു. മേരി ആവോ സുനേയിലെ വിന്നറൊക്കെ വിളിച്ചു. മലയാള സിനിമ ​ഗായകരിൽ ഏറ്റെവും കൂടുതൽ ഇഷ്‍ടം ജാനകിയമ്മയെ ആണ്. എല്ലാവരുടെയും പാട്ടുകൾ കേക്കാറുമുണ്ട്. 

സിനിമാ ഗായികയായി

ഷോയിലെ ജഡ്‍ജായിരുന്ന ഹിമേഷ് സർ ആണ് ആദ്യം ഹിന്ദി സിനിമയിൽ പാടാൻ അവസരം തന്നത്. ഹിന്ദിയിൽ തന്നെ വേറെയും ഓഫർ വന്നു. പിന്നെ വിന്നറായ ശേഷം മലയാളത്തിൽ നിന്ന് രണ്ട് ഓഫർ വന്നു. മോഹൻ സിത്താര സാറിന്റെ ഒരു സിനിമയും ഉണ്ട്. 

മറക്കാനാകാത്ത എസ്‍പിബി

സി തമിഴ് സരി​ഗമപയിൽ അദ്ദേഹം ​ഗസ്റ്റായി വന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ പാട്ടായിരുന്നു പാടിയതും. സാറിന് ഞാൻ പാടിയത് ഒത്തിരി ഇഷ്‍ടയെന്നും അദ്ദേഹത്തെക്കാൾ നന്നായി പാടിയെന്നും എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ വളരെയധികം സന്തോഷമായിരുന്നു എനിക്ക്. 

അറിയപ്പെടുന്ന ഒരു ​ഗായികയാകണം

ലോകത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ​ഗായിക ആകണമെന്നാണ് എനിക്ക് ആ​ഗ്രഹം. പാട്ടിന്റെ കൂടെ തന്നെ പഠിത്തവും കൊണ്ടുപോകും. കടലുണ്ടി ഐഡിയൽ പബ്ലിക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.  സ്‌കൂൾ, ജില്ലാ, സംസ്ഥാന, ദേശീയ സംഗീത മത്സരങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. 

പാട്ടും പഠിത്തവും..

സി തമിഴിൽ ഞാൻ ആറ് മാസം അവിടെ തങ്ങിയാണ് ഷോയിൽ പങ്കെടുത്തത്. അപ്പോൾ നല്ല രീതിയിൽ ക്ലാസൊക്കെ മിസ്സായിരുന്നു. സുഹൃത്തുക്കളും പ്രിൻസിപ്പലും അധ്യാപകരുമൊക്കെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്‍തു. ഇത്തവണ കൊവിഡ് ആയോണ്ട് ഓൺലൈൻ ആണ്. പക്ഷേ ഇതിനിടയിൽ ബ്രേക്ക് വന്നത് കൊണ്ട് ഷോയൊക്കെ വേഗമായിരുന്നു ഷൂട്ട് ചെയ്‍ത്ത്. അപ്പോ കുറച്ച് ഡിലെ ആയി, വീട്ടിൽ വന്നിട്ടാണ് അതൊക്കെ കറക്ട് ചെയ്‍തത്.

Follow Us:
Download App:
  • android
  • ios