Asianet News MalayalamAsianet News Malayalam

'ജൂഡ് പറഞ്ഞു, എനിക്കിഷ്ടം നീ വരാനാണ്...' 'നത്തി'ല്‍ നിന്ന് 'സാറാസി'ലെത്തിയ കഥ പറഞ്ഞ് അബിന്‍ ‍ബിനോ...

''പക്ഷേ എന്നെ കണ്ടപ്പോൾ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെയായിരുന്നു പെരുമാറ്റം. ഞാനങ്ങ് ഞെട്ടിപ്പോയി. 'അബീ, എപ്പ വന്നെടാ, നമുക്ക് പൊളിക്കണ്ടേ? അന്ന വരട്ടെ, അന്ന വന്ന് കഴി‍ഞ്ഞ് നമുക്ക് ഷോട്ടെടുക്കാം, നമുക്ക് പൊളിക്കാം.' എന്നോടാദ്യം പറഞ്ഞത് ഇങ്ങനെയാണ്...''

interview with abin bino actor in saras movie
Author
Trivandrum, First Published Jul 16, 2021, 5:17 PM IST

മലയാളത്തിലെ വെബ്സീരീസുകളുടെ വാർപ്പു മാതൃകകളെ പൊളിച്ചെഴുതിയാണ് 'ഒതളങ്ങത്തുരുത്ത്' എന്ന വെബ്സീരീസ് പ്രേക്ഷകരിലേക്കെത്തിയത്. ഒരു തുരുത്തും അതിലെ കുറെ സാധാരണ മനുഷ്യരും അവരുടെ ജീവിതവുമായിരുന്നു പ്രമേയം. ഈ വെബ്സീരീസ് കണ്ടവരാരും മറക്കാത്ത ഒരു മുഖമുണ്ട്. തുരുത്തിലെ നത്ത്. സ്വാഭാവിക അഭിനയവും ചിരി പടർത്തുന്ന മാനറിസങ്ങളും കൊണ്ട് അബിൻ ബിനോ എന്ന നത്ത് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് വളരെപ്പെട്ടെന്നാണ്. പിന്നീട് അബിൻ സിനിമയിലേക്ക് എത്തുന്നു എന്നും വാർത്തയെത്തി. ജൂഡ് ആന്തണി ജോസഫിന്റെ സാറാസിലൂടെ സിനിമയിലേക്കും അബിൻ ബിനോ ചുവടുവച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ്  ഓണ്‍ലൈനിനോട് അബിൻ വിശേഷങ്ങൾ പങ്കുവെക്കുന്നു...  

സിനിമയിലഭിനയിക്കുന്നത് പോയിട്ട് ക്യാമറക്ക് മുന്നിലേത്തുമെന്ന് പോലും പ്രതീക്ഷിക്കാതിരുന്ന ഒരാളാണ് താനെന്ന് പറഞ്ഞാണ് അബിൻ സംസാരിച്ചു തുടങ്ങിയത്. ശാസ്താംകോട്ട ഡിബി കോളേജിൽ നിന്ന് ബിരുദപഠനം കഴിഞ്ഞ സമയത്താണ് വെബ്സീരിസിൽ അവസരം ലഭിക്കുന്നത്. വളരെ സ്വാഭാവികമായി തന്നെയാണ് ഈ അവസരം അബിനെ തേടിയെത്തിയത്. ''ഒതളങ്ങത്തുരുത്തിന്റെ ഡയറക്ടർ അംബുജി എന്റെ നാട്ടിൽ ഒരു ഷോർട്ട്ഫിലിം ലൊക്കേഷൻ അന്വേഷിച്ച് വന്നതാണ്. ആ സമയത്ത് എന്റെ ചേട്ടനാണ് അംബുജിയോട് എനിക്ക് വേണ്ടി  ചാൻസ് ചോദിച്ചത്. അങ്ങനെ ഞാൻ അംബുജിയെ കണ്ട് സംസാരിച്ചു, ഇഷ്ടപ്പെട്ടു, വിളിക്കാം, മുടിയൊന്നും വെട്ടരുതെന്ന് പറഞ്ഞു.''  എന്നാൽ ചില സാമ്പത്തിക പ്രതിസന്ധികൾ മൂലം അബിനെ തേടിയെത്തിയ ആ പ്രൊജക്റ്റ് നടന്നില്ല.

''രണ്ട് വർഷം ആ ഷോർട്ട്ഫിലിമിന് വേണ്ടി കാത്തിരുന്നു. പക്ഷേ ചില സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അത് ചെയ്യാൻ പറ്റില്ലെന്ന് അംബുജി തന്നെ പിന്നീട് അറിയിച്ചു. ഒരു കാര്യം കൂടി പറഞ്ഞു, പുതിയൊരു പ്രൊജക്റ്റ് ഉണ്ട്. അതിനൊപ്പം നിൽക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ആദ്യ പ്രൊജക്റ്റ് മുടങ്ങിയതിന്റെ ടെൻഷനുണ്ടായിരുന്നു. അന്ന് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പ്രോ​ഗ്രാം പരാമർശിച്ചിട്ട് ആ രീതിയിലുള്ള ഒരു വെബ്സീരിസ് ആണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അതുപോലെയല്ല,  വ്യത്യസ്തമായ രീതിയിൽ, നാട്ടിൻപുറത്തെ സംഭവങ്ങളൊക്കെ ഉൾപ്പെടുത്തിയുള്ളതാണ്. അതുകേട്ടപ്പോൾ താത്പര്യം തോന്നി.'' അങ്ങനെയാണ്  അബിന്‍ ഒതളങ്ങത്തുരുത്തിലെ നത്താകുന്നത്. തുരുത്തിലെ നത്തിൽ നിന്നാണ് അബിൻ ജൂഡ് ആന്റണിയുടെ സാറാസിലേക്കെത്തുന്നത്. 

interview with abin bino actor in saras movie

സാറാസിലെത്തിയത്

ഒതളങ്ങത്തുരുത്ത് ഹിറ്റായി നിൽക്കുന്ന സമയത്ത് ജൂഡേട്ടൻ എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് അയച്ച് എന്റെ നമ്പർ ചോദിച്ചിരുന്നു. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിറ്റേന്ന് തന്നെ അദ്ദേഹം വിളിച്ചു എന്നോട് പറഞ്ഞു, 'ഞാൻ ജൂഡാണ്. സിനിമയിലഭിനയിക്കാൻ പോരുന്നോ?' എന്ന് ചോദിച്ചു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാൻ അപ്പോഴും വിചാരിച്ചത് ഫ്രണ്ട്സ് ആരെങ്കിലും പറ്റിക്കാൻ വിളിക്കുകയാണ് എന്നാണ്. എനിക്കൊന്ന് ആലോചിക്കണം എന്നായിരുന്നു എന്റെ ആദ്യത്തെ മറുപടി. ഒതളങ്ങത്തുരുത്ത് ഡയറക്ടർ അംബുജിയുടെ അടുത്ത് ചോദിച്ചിട്ട് പറയാംന്ന് പറഞ്ഞു. അങ്ങനെ ഡയറക്ടരുടെ അടുത്ത് നമ്പർ കൊടുത്തു. എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് അവര് തമ്മിൽ സംസാരിക്കട്ടെ എന്ന് കരുതി. അങ്ങനെ അവർ തമ്മിൽ വിളിച്ചു സംസാരിച്ചു. അങ്ങനെ ഓകെയായി. പക്ഷേ പിന്നീട് കോണ്ടാക്റ്റ് ഇല്ലായിരുന്നു. ഞാൻ കരുതി അംബുജിയും ജൂഡേട്ടനും തമ്മിൽ കോണ്ടാക്റ്റ് ഉണ്ടാകും എന്ന് കരുതി ഞാൻ വിളിച്ചില്ല. കുറെ നാൾ കഴിഞ്ഞപ്പോൾ മറ്റ് വിവരങ്ങളൊന്നും അറിയാത്തതിനാൽ ഞാൻ അങ്ങോട്ട് വിളിച്ചു.  അപ്പോഴാണ് ജൂഡേട്ടൻ പറയുന്നത്. നീ വിളിക്കാത്തപ്പോൾ ഞാനോർത്തു നിനക്ക് വരാൻ സാധിക്കില്ലെന്ന്. നിനക്ക് വരാൻ പറ്റുമോ? എനിക്കിഷ്ടം നീ വരാനാണ്. എന്ന് പറഞ്ഞു. അങ്ങനെ വരേണ്ട ഡേറ്റ് പറഞ്ഞു.

വെബ്സിരീസിൽ നിന്ന് സിനിമയിലേക്ക്

സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് കഥാപാത്രത്തെക്കുറിച്ച് വിശദമായിട്ടൊന്നും പറഞ്ഞിരുന്നില്ല. അസിസ്റ്റന്റ് ‍‍ഡയറക്ടറായിട്ടാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. വെബ്സീരീസ് ചെയ്യുന്ന സമയത്ത് ടെൻഷനൊന്നുമുണ്ടായിരുന്നില്ല. കാരണം നമുക്ക് അറിയാവുന്ന ഡയറക്ടറാണ്. ഞാൻ ആദ്യമായി കാണുന്ന ഫിലിം ഡയറക്ടർ ജൂഡേട്ടനാണ്. അദ്ദേഹവും എന്നെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. ആദ്യമായിട്ട് ജൂഡേട്ടനെ കാണാൻ പോകുന്ന സമയത്ത് എനിക്ക് ടെൻഷനായിരുന്നു. പക്ഷേ എന്നെ കണ്ടപ്പോൾ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെയായിരുന്നു പെരുമാറ്റം. ഞാനങ്ങ് ഞെട്ടിപ്പോയി. 'അബീ, എപ്പ വന്നെടാ, നമുക്ക് പൊളിക്കണ്ടേ? അന്ന വരട്ടെ, അന്ന വന്ന് കഴി‍ഞ്ഞ് നമുക്ക് ഷോട്ടെടുക്കാം, നമുക്ക് പൊളിക്കാം.' എന്നോടാദ്യം പറഞ്ഞത് ഇങ്ങനെയാണ്. അതൊക്കെ കേട്ടപ്പോൾ സമാധാനമായി. അന്ന ബെന്നിനൊപ്പമായിരുന്നു ആദ്യത്തെ ഷോട്ട്. സോം​ഗ് കട്ടായിരുന്നു ആദ്യം. പിന്നീടാണ് മറ്റ് ഷോട്ടുകളെല്ലാമെടുത്തത്.  

കോമഡിക്ക് വേണ്ടി ഞാനൊന്നും ചെയ്യുന്നില്ല. പക്ഷേ ചെയ്യുന്നതെല്ലാം കോമഡി ആയിപ്പോകുന്നതാണ്. വെബ്സീരിസിൽ അങ്ങനെയാണ് സംഭവം. സാറാസിൽ എന്റെ കഥാപാത്രം അസിസ്റ്റന്റ് ഡയറക്ടറുടേതാണ്. അസിസ്റ്റന്റ് ഡയറക്ടർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് എനിക്കറിയില്ല, അങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല. അന്നക്കൊപ്പമായിരുന്നു കൂടുതൽ സീനുകൾ. വളരെ ഫ്രണ്ട്ലി ആയിട്ടുള്ള ആളാണ് അന്ന. സണ്ണി വെയിനിനൊപ്പം ഒരു സീനിൽ മാത്രമേ ഉള്ളൂ. കല്യാണത്തിന് ഷേക്ക്ഹാൻഡ് കൊടുക്കുന്ന സീൻ. 

interview with abin bino actor in saras movie

ഇന്ത്യയെന്താ ഭൂമീലല്ലേ?

ഞാനാദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിന് മുമ്പ് അഭിനയിച്ചിട്ടേ ഇല്ല. സിനിമയിലെത്തുമെന്ന് ചിന്തിച്ചിട്ടു കൂടിയില്ല. പഠിക്കുന്ന സമയത്ത് മിമിക്രി ഒക്കെ ചെയ്യുമായിരുന്നു. പക്ഷേ മിമിക്രി കൊണ്ട് ജീവിക്കണമെന്നോ സിനിമയിൽ അഭിനയിക്കണമെന്നോ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഒതളങ്ങതുരുത്ത് നാലഞ്ച് എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് അഭിനയത്തോട് ഒരാ​ഗ്രഹം തോന്നിത്തുടങ്ങിയത്.  ഒതളങ്ങത്തുരുത്തിലെ നത്തും ഞാനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടാവാം എല്ലാവർക്കും ആ കഥാപാത്രത്തെ അത്രക്കും ഇഷ്ടമായത്. കഥാപാത്രത്തിന്റെ എനർജിയാണ് അംബുജി നോക്കുന്നത്. പിറ്റേദിവസം ഷൂട്ട് തുടങ്ങി. ഇരുപത് എപ്പിസോഡെങ്കിലും ആയാൽ മാത്രമേ ക്ലിക്കാകൂ എന്നായിരുന്നു കരുതിയത്.

പക്ഷേ ലോക്ക്ഡൗൺ സമയത്ത് ആറാമത്തെ എപ്പിസോഡിൽ തന്നെ സംഭവം ക്ലിക്കായി. ഒരുപാട് പേരിലേക്കെത്തി. ഇൻസ്റ്റയിലൊക്കെ ഫോളേവേഴ്സിന്റെ എണ്ണം കൂടിയപ്പോൾ എന്റെ തന്നെ കണ്ണ് തള്ളിപ്പോയി. അച്ചടിഭാഷ ഇല്ല എന്നതായിരുന്നു ഒതളങ്ങത്തുരുത്തിന്റെ സ്ക്രിപ്റ്റിന്റെ പ്രത്യേകത. അതുകൊണ്ടാണ് സംഭാഷണങ്ങളൊക്കെ സ്വാഭാവികമായത്. മറ്റൊരു പ്രത്യേകത ആദ്യം ക്ലൈമാക്സായിരിക്കും അംബുജി പറയുന്നത്. പിന്നെയാണ് തുടക്കത്തിലേക്ക് എത്തുന്നത്. നമ്മുടെ ഭാ​ഗത്ത് നിന്നുള്ള കൂട്ടിച്ചേർക്കലുകളും സ്ക്രിപ്റ്റിൽ അനുവദിക്കാറുണ്ട്. ടേക്കെടുക്കുന്ന സമയത്ത് ഓട്ടോമാറ്റിക്കായി നമ്മുടെ കയ്യീന്ന് എന്തെങ്കിലും വീഴും. അത് ഇഷ്ടപ്പെട്ടാൽ സ്ക്രിപ്റ്റിൽ അതും ഉൾപ്പെടുത്തും. അത്തരം ഒരുപാട് കൂട്ടിച്ചേർക്കലുകൾ അതിൽ നടന്നിട്ടുണ്ട്. ആറാമത്തെ എപ്പിസോഡിൽ കോയിൻ വച്ച് ഇന്ത്യ വരക്കുന്ന സീനിൽ ഇന്ത്യയെന്താ ഭൂമീലല്ലേ എന്ന് ചോദിക്കുന്നത് അങ്ങനെ അറിയാതെ എന്റെ വായിൽവന്നതാണ്. 

കുടുംബം

ഞാൻ എന്ത് വർക്ക് ചെയ്താലും വീട്ടിൽ കാണിക്കില്ല. വേറാരെങ്കിലും പറഞ്ഞിട്ടായിരിക്കും അതിനെക്കുറിച്ച് അവർ അറിയുന്നത്. അച്ഛനോ അമ്മയോ നടന്നു പോകുമ്പോൾ ആരെങ്കിലും പറയും മോന്റെ പരിപാടി കണ്ടു, കൊള്ളാമായിരുന്നു എന്ന്. അപ്പോഴാണ് അവർ അറിയുന്നത് മോൻ ഇങ്ങനെയാണെന്ന്. അച്ഛൻ അജയകുമാർ, അമ്മ ബിന്ദു, അനിയൻ അർജുൻ പ്ലസ്ടൂവിന് പഠിക്കുന്നു. അവരെല്ലാവരും  സാറാസ്  കണ്ടു. സിനിമ കണ്ട് ധാരാളം പേർ മെസ്സേജ് അയച്ചിരുന്നു. വളരെ നല്ല സിനിമയാണ്. അത്തരമൊരു സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞത് വളരെ ഭാ​ഗ്യമാണ് എന്നൊക്കെ പറഞ്ഞു. 

കലാപാരമ്പര്യമുളള്ള വീടൊന്നുമല്ല എന്റേത്. പക്ഷേ ഞാൻ വെബ്സീരീസ് ചെയ്തപ്പോഴും ഇപ്പോൾ സിനിമയിലെത്തിയപ്പോഴും വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. എന്റെ ഏറ്റവും വലിയ സപ്പോർട്ട് കുടുംബമാണ്. പിഎസ്‍സി പരീക്ഷയെഴുതി സർക്കാർ ജോലി വാങ്ങിക്കുക എന്ന ലക്ഷ്യമായിരുന്നു വീട്ടുകാർക്ക്. കുറച്ചുനാൾ പിഎസ്‍സി കോച്ചിം​ഗിനൊക്കെ പോയി. ജികെയൊക്കെ പഠിച്ചു. അങ്ങനെയിരിക്കെയാണ് അംബുജിയെ കാണുന്നത്. പിന്നെ ഒതളങ്ങത്തുരുത്തും പിഎസ്‍സിയും ഒന്നിച്ചങ്ങ് കൊണ്ടുപോയി. നാട്ടുകാരൊക്കെ ഇപ്പോൾ സിനിമാ നടാ എന്നാണ് വിളിക്കുന്നത്. 

interview with abin bino actor in saras movie

പുള്ളിയും വാതിലും

സൂഫിയും സുജാതയും ഫെയിം ദേവ്മോഹനൊപ്പമുള്ള പുള്ളിയാണ് അടുത്ത സിനിമ. ജിജു അശോകനാണ് സംവിധാനം. ദേവേട്ടന്റെ സുഹൃത്തായിട്ടാണ് അതിലെ കഥാപാത്രം. ജൂഡേട്ടൻ വിളിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ വെബ്സീരിസ് കണ്ട് ഇഷ്ടപ്പെട്ട ആളായിരുന്നു ജിജു അശോകൻ. അദ്ദേഹം എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഒടുവിൽ തൃശൂരുള്ള ഒരു സുഹൃത്തു വഴിയാണ് അദ്ദേഹത്തിന് എന്റെ നമ്പർ കിട്ടുന്നത്. ഞാൻ പുളളിയുടെ കഥ കേൾക്കാൻ പോയപ്പോഴാണ് ജിജുവേട്ടൻ ഇക്കാര്യം പറയുന്നത്. അഞ്ചാമത്തെ എപ്പിസോഡ് മുതൽ ഞാൻ അബിനെ കോണ്ടാക്റ്റ് ശ്രമിക്കുന്നു കിട്ടിയില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്നല്ലേ? സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലാണ് അടുത്ത സിനിമ. ഈ രണ്ട് സിനിമയും റിലീസിം​ഗിന് തയ്യാറായി ഇരിക്കുകയാണ്. 

കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ തിയേറ്ററിൽ കണ്ട സമയത്ത് സിനിമയിൽ അഭിനയിച്ചാലോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. സിനിമ കണ്ട് വീട്ടിലെത്തി ഉറങ്ങി എഴുന്നേറ്റപ്പോൾ ആ തോന്നലങ്ങ് പോയി. പക്ഷേ ഇപ്പോൾ ആ സിനിമയും എന്റെ ഇപ്പോഴത്തെ അവസ്ഥയും തമ്മിലൊരു ബന്ധമുണ്ടെന്ന് തോന്നുന്നുവെന്ന് അബിൻ പറയുന്നു. കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളിയിൽ ആലപ്പാടിനടുത്ത് വെള്ളനാതുരുത്താണ് അബിന്റെ സ്വദേശം. ഒതളങ്ങത്തുരുത്ത് സിനിമയാകാനുള്ള തയ്യാറെടുപ്പിലാണ്.  അൻവർ റഷീദാണ് നിർമ്മാണം. സീരീസ് ഒരുക്കിയ അംബുജി തന്നെയായിരിക്കും സിനിമയുടെ സംവിധാനവും. 

പ്രേക്ഷകരുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും എല്ലാ തുടക്കം തുരുത്തായിരുന്നു എന്ന് അബിൻ പറയുന്നു. സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന ഒരു യുവാവ് മലയാള സിനിമയിലേക്ക് ചുവടുവച്ച് തുടങ്ങുകയാണ്. വരുംകാലങ്ങളിൽ പുതിയ സിനിമകൾക്കൊപ്പം ഈ കലാകാരന്റെ പേര് കൂടി പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം.  

Follow Us:
Download App:
  • android
  • ios