Asianet News MalayalamAsianet News Malayalam

മഡ് റേസിംഗ് കാഴ്ച്ചകളുമായി ത്രില്ലടിപ്പിക്കാൻ "മഡ്ഡി" എത്തുമ്പോൾ; സംവിധായകൻ ഡോ. പ്രഗഭല്‍ സംസാരിക്കുന്നു

ഓഫ് റോഡ് റേസിങ്ങിന്റെയും പുത്തൻ കാഴ്ച്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ മഡ്ഡി എത്തുമ്പോൾ സംവിധായകൻ ഡോ. പ്രഗഭല്‍ ചിത്രത്തെപറ്റി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു

Interview with Dr Pragabhal
Author
Kochi, First Published Mar 8, 2021, 11:17 AM IST

ഇന്ത്യയില്‍ ആദ്യമായി ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ട് ആയ മഡ് റേസിംഗ് ഇതിവൃത്തമാക്കി ഒരുങ്ങുന്ന മലയാള ചിത്രമാണ് മഡ്ഡി. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡോ. പ്രഗഭല്‍ ആണ്. പ്രഖ്യാപനം മുതല്‍ വാർത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന്റെ ടീസർ ഒരു കോടിയിലധികം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. മഡ് റേസിങ്ങ് എന്താണെന്നും അതിന്റെ പ്രത്യേകതകളെയും ഉള്‍ക്കൊള്ളിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്, കെ.ജി.എഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആദ്യമായി സംഗീതം ഒരുക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും മഡ്ഡി എന്ന ചിത്രത്തിനുണ്ട്. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിന്റെയും പുത്തൻ കാഴ്ച്ചകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ മഡ്ഡി എത്തുമ്പോൾ സംവിധായകൻ ഡോ. പ്രഗഭല്‍ ചിത്രത്തെപറ്റി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

ആദ്യ ചിത്രം തന്നെ വിത്യസ്തം

ആദ്യ ചിത്രം തന്നെ വിത്യസ്തമായിരിക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് മഡ്ഡിയുടെ തുടക്കം. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് ശരിക്കും ചിത്രത്തിന്റെ പിറവി എന്ന് പറയാം. വണ്ടികളോടും റൈഡിംഗിനോടുമെല്ലാം ആദ്യം മുതലേ എനിക്ക് താല്പര്യമുണ്ടായിരുന്നു. കേവലം മഡ് റേസിംഗിനും അപ്പുറം കഥക്ക് നല്ല പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഡ് റേസിംഗ് നടക്കുമ്പോൾ തന്നെ നമ്മുക്ക് വലിയ വാശിയും ആവേശവും കാണുവാൻ സാധിക്കും, ചിത്രത്തിലേയ്ക്ക് എത്തുമ്പോഴും അവയെല്ലാം ഉൾക്കൊള്ളിച്ച് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം. മഡ് റേസ് സിനിമയില്‍ റിയല്‍ ആയി തന്നെ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു അതു കൊണ്ട് തന്നെ ഡ്യൂപ്പില്ലാതെയും പ്രൊഫഷണല്‍ മഡ് റേസേഴ്‌സിനെയും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയത്. അതിന്റെ ഭാഗമായി തന്നെ രണ്ട് വര്‍ഷത്തെ ട്രെയിനിംഗും അഭിനേതാക്കള്‍ക്ക് നല്‍കി. 

Interview with Dr Pragabhal

വെല്ലുവിളികളെ അതിജീവിച്ച് "മഡ്ഡി"

മഡ്ഡ് റേസിംഗ് പശ്ചാത്തലമാക്കിയ സിനിമ ചിന്തിച്ചുതുടങ്ങിയതു മുതൽ ഇതുവരെ എല്ലാ സ്റ്റേജുകളിലും പ്രത്യേകിച്ച് പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജുകളിൽ, ചെറുതും വലുതുമായി ഒരുപാട് വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. പ്രീപ്രൊഡക്ഷൻ സ്റ്റേജ് എടുത്തുകഴിഞ്ഞാൽ ഈ സിനിമക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു. റിയലിസ്റ്റിക് ആയി മഡ് റേസിംഗ് ചെയ്യാവുന്ന താരങ്ങളെ ചൂസ് ചെയ്യുകയെന്നതാണ് ആദ്യം നേരിട്ട വെല്ലുവിളി, അതിനോടൊപ്പം തന്നെ അഭിനയമികവ് ഉള്ളവരുമായിരിക്കണം, അതുകൊണ്ട് തന്നെ കാസ്റ്റിംഗ് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പിന്നെ ഒരു വർഷത്തോളം സമയം എടുത്താണ് ലൊക്കേഷൻ കണ്ടുപിടിച്ചത്. ഇതുവരെ കാണാത്ത ലൊക്കേഷനുകളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 Interview with Dr Pragabhal

റിയലിസ്റ്റികായി റേസിംഗ് ചിത്രീകരിക്കുമ്പോഴും പലപ്പോഴും അപകടം ഉണ്ടായിട്ടുണ്ട്. കാടിനുള്ളിലാണ് പ്രധാന ഭാഗം എല്ലാം ഷൂട്ട് ചെയ്തത്. അങ്ങോട്ടുള്ള യാത്ര പലപ്പോഴും ബുദ്ധിമുട്ടായിരുന്നു. അവിടെയെല്ലാം  കൂടെയുള്ള എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം ആവശ്യമായിരുന്നു. അത്തരമൊരു ടീമിനെ കണ്ടെത്തുക എന്നതുതന്നെ ഒരു വലിയ വെല്ലുവിളിയായിരുന്നു. നല്ലൊരു ടീമിന്റെ സപ്പോർട്ട് ഇല്ലാതെ, ഇത്തരത്തിലുള്ള ഷൂട്ടിംഗ് സ്പോട്ടുകളിൽ ഭക്ഷണങ്ങൾ എത്തിക്കാനും ഷൂട്ടിങ്ങിനും ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാനും സാധിക്കില്ലായിരുന്നു. മോഡിഫൈഡ് വണ്ടികൾ ഉപയോഗിച്ചുകൊണ്ട് മഡ്ഡ് റേസുകൾ  ആവേശവും, അഡ്വഞ്ചറസും ഒട്ടും കുറയാതെ തന്നെ സിനിമാറ്റിക് സ്റ്റൈലിൽ എങ്ങനെ  ചെയ്യാം എന്നത് വലിയൊരു ചലഞ്ച് ആയിരുന്നു. ചിത്രീകരണവേളയിൽ റിയലായി റേസിംഗും, ചേയ്സിങ്ങും ഉള്ളതിനാൽ ഒരുപാടു അപകടങ്ങളും പരുക്കുകളും സംഭവിച്ചിട്ടുണ്ട് , അതെല്ലാം നേരിടുക എന്നതുതന്നെ വലിയ വെല്ലുവിളിയായിരുന്നു. പിന്നെ വളരെ ചുരുങ്ങിയ സമയം മാത്രമെ ഷൂട്ടിംഗിനായി ലഭിച്ചിരുന്നുള്ളു. അതുപോലെതന്നെ മഴ വലിയൊരു വെല്ലുവിളിയായിരുന്നു, ലൊക്കേഷനിൽ എത്തിപ്പെടാനുള്ള വഴികൾ കൂടുതൽ മോശമാവുകയും യാത്രാസമയം നീണ്ടുവരുകയും ഷൂട്ടിoഗിനായി സമയം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടായി. പിന്നെ ഒരു പുതുമുഖ സംവിധായകൻ അഭിമുഖീകരിക്കുന്ന  ഒരു കോമൺ ചോദ്യം: “ഇതിന് മുമ്പ് എത്ര പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്” എന്ന ചോദ്യമാണ് , ആ ചോദ്യവും ഞാൻ ഒരുപാടു ഫേസ് ചെയ്യേണ്ടിവന്നിട്ടുണ്ട്, ഒരു കൂട്ടായ്മയാണ് ഒരു സിനിമയുടെ വിജയം, ഈ സിനിമയില്‍ അത് കാണുവാൻ കഴിഞ്ഞിട്ടുണ്ട്. 


Interview with Dr Pragabhal

 

അണിയറയിലെ ഹിറ്റ് മേക്കേഴ്സ് 

ഇന്ത്യയൊട്ടാകെ തരംഗമായ കെ.ജി.എഫിന്റെ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യ ചിത്രമാണ് 'മഡ്ഡി', രവി ബസ്റൂറിനെ കൂടാതെ രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഇന്ത്യൻ - ഹോളിവുഡ് ഫ്രെയിം കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഈ സിനിമയുടെ തുടക്കം മുതൽ തന്നെ ടെക്നിക്കൽ സൈഡിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നു. എന്നാൽ മാത്രമാണ് മഡ് റേസിംഗ് ആബ്യൻസ്  ഒട്ടും കളയാതെ തന്നെ സിനിമാറ്റിക് സ്റ്റൈലിൽ തിയേറ്ററിൽ എത്തിക്കാൻ കഴിയുക. അങ്ങനെ രവി സാറിനെ അപ്രോച്ച് ചെയ്യുകയും ഫോണിൽകൂടിത്തന്നെ ഏകദേശം ഡീറ്റെയിൽസ് അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു. അദ്ദേഹം ഒരുദിവസം നേരിട്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ വരുകയും അതുവരെ ഷൂട്ട് ചെയ്ത ഫൂട്ടേജ് എല്ലാം കണ്ടു. വളരെ ഹാപ്പി ആയിരുന്നു. മ്യൂസിക്ക് വർക്ക് ചെയ്യാൻ കൂടുതൽ സ്പേസ് ഉള്ള വ്യത്യസ്തമായ ആശയമുള്ള മൂവി ആണെന്നും പറഞ്ഞു. സിനിമയുടെ എഡിറ്റിംഗ്, ഏകദേശം മുപ്പതു  മണിക്കൂറിലധികം ഫുട്ടെജുകളായിരുന്നു ഉണ്ടായിരുന്നത്. കാരണം അഡ്വഞ്ചറസ് ആയിട്ടുള്ള ലൊക്കേഷനുകളിൽ കൂടുതൽ റീടേക്കിങ് സാധ്യമല്ലാത്തതിനാൽ കൂടുതൽ ക്യാമറകളുടെ സഹായം ഉപയോഗിച്ച് എല്ലാ ആങ്കിളുകളും കവർ ചെയ്യാൻ ശ്രമിച്ചിരുന്നു. പതിമൂന്നുമുതൽ പതിനാലു ക്യാമറകളോളം ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തത്. മ്യൂസിക്കിലേയ്ക്ക്  വരുമ്പോൾ വരുമ്പോൾ വണ്ടികളുടെ റേസും, ചേസും കൂടുതൽ ഉള്ളതിനാൽ സൗണ്ട് എഫക്ട്സും ബിജിഎമ്മും ക്ലാഷ് ആവാത്ത രീതിയിലുള്ള സൗണ്ട് ഡിസൈൻസ് എങ്ങനെ ചെയ്യാം എന്നതുതന്നെ ഒരു വലിയ വെല്ലുവിളി ആയിരുന്നു. അതുപോലെതന്നെ  ഒരുപാട് സമയം ചിലവിട്ട് സൗണ്ട്ട്രാക്ക് വേർഷൻസ് ചെയ്തുനോക്കുകയും, പലരീതിയിലുള്ള സൗണ്ട് എക്സ്പെരിമെൻറ്റുകളും സിനിമയിലുണ്ട്. 

Interview with Dr Pragabhal

പുതുമ നിറഞ്ഞ ലൊക്കേഷനുകൾ 

പ്രീപ്രൊഡക്ഷന്റെ തുടക്കത്തിൽ തന്നെ ഡീറ്റൈലിംഗ് ആയുള്ള സ്റ്റോറിബോർഡ് ചെയ്തതുകൊണ്ട് അതിനനുസരിച്ചുള്ള ലൊക്കേഷനുകൾ തെരഞ്ഞെടുക്കുക എന്നതുതന്നെ ഒരു വലിയ വെല്ലുവിളി ആയിരുന്നു. അതിനായി ഒരുവർഷത്തിലധികം സമയമാണ് ചിലവഴിക്കേണ്ടി വന്നത്. മഡ്ഡ് റേസിംഗിനും, അഡ്വെഞ്ചറസ് ആയിട്ടുള്ള ആക്ഷൻസിനും യോജിച്ച പലതരം ലൊക്കേഷനുകളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ സ്ഥലങ്ങളിലേയ്ക്ക് എത്തിപ്പെടാൻ സാധിച്ചത് ഓഫ്റോഡ് ജീപ്പുകളെ ആശ്രയിച്ചുമാത്രമായിരുന്നു, അതും ഒരുപാട് ഓഫ്റോഡ് വഴികളിലൂടെവേണം അവിടെക്ക് എത്തിപ്പെടാൻ. ഇതുവരെ സിനിമയിൽ കാണാത്തതും അഡ്വഞ്ചറസ് ആയ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലം സിനിമക്ക് ഒരു മുതൽക്കൂട്ടാവുമെന്നാണ് ഞാൻ വിശ്വാസിക്കുന്നത്.

Interview with Dr Pragabhal

ചിത്രത്തിലെ പുതുമുഖതാരങ്ങൾ

ഏറ്റവുംകൂടുതൽ വെല്ലുവിളി അനുഭവപ്പെടുന്ന ഒരു സ്റ്റേജ് ആയിരുന്നു സിനിമക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക എന്നത്. സ്ക്രിപ്റ്റ് വർക്ക് ചെയ്യുന്നതിനൊപ്പം തന്നെ എല്ലാ കഥാപാത്രങ്ങളെയും കുറിച്ചും ഡീറ്റൈലിംഗ് ചെയ്തിരുന്നു. സ്കെച്ച് ചെയ്ത് ആ കഥാപാത്രത്തിന്റെ സവിശേഷത, എന്തുകൊണ്ട് ആ  കഥാപാത്രം എന്ന രീതിയിലുള്ള ഡീറ്റൈൽ വർക്കിംഗ് ചെയ്തിരുന്നു. പ്രോജക്ടിന്റെ തുടക്കത്തിൽ കുറച്ചു ആർട്ടിസ്റ്റുകളെ അപ്രോച്ച് ചെയ്യാൻ ശ്രമിച്ചിരുന്നു. ഒരു പുതുമുഖ ഡയറക്ടർ ആയതുകൊണ്ടുതന്നെ അത് അത്ര വിജയിച്ചിരുന്നില്ലാ. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് എനിക്കും ചില ആവശ്യങ്ങൾ ഉണ്ടായിരുന്നു. അതായത് മഡ്ഡ്  റേസിങ്ങ് റിയൽ ആയി ചെയ്യണം, അഡ്വെഞ്ചറസ് ഷോട്ടുകളെല്ലാം ഡ്യൂപ്പ് ഇല്ലാതെ ചെയ്യണം, അതും റിയൽ അഡ്വഞ്ചറസ് ലൊക്കേഷനിൽതന്നെ വന്നു ചെയ്യണം കൂടാതെ ഈ ഷൂട്ടിനുവേണ്ടി കൂടുതൽ സമയവും ചിലവഴിക്കാൻ തയ്യാറായിട്ടുള്ള ആളുകൾ കൂടി വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതിനോടൊപ്പംതന്നെ നല്ല അഭിനയ മികവ് പുലർത്തുന്നവരും ആയിരിക്കണം, അങ്ങനെയാണ് പുതുമുഖതാരങ്ങളെ വെച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചത്.

Interview with Dr Pragabhal

പുതിയൊരു എക്സ്പീരിയൻസ് ആണ് ഈ സിനിമയിൽ കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖ നടന്മാരെ വെച്ചു സിനിമ എടുക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. പി.കെ. സെവന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. 

Follow Us:
Download App:
  • android
  • ios