പ്രഖ്യാപനം മുതൽ വാർത്തകളിൽ  നിറഞ്ഞ് നിൽക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ദി പ്രീസ്റ്റ്'. കട്ടതാടിയും വട്ടകണ്ണടയും നീളൻ തൊപ്പിയും അണിഞ്ഞുള്ള മമ്മൂട്ടിയുടെ കത്തനാർ വേഷത്തിലുള്ള പോസ്റ്ററുകൾ ചര്‍ച്ചയായിരുന്നു. മലയാളികൾ ഏറെ കാത്തിരുന്ന ഒരു താര കോമ്പോ ഒന്നിക്കുന്നു എന്നതും ദി പ്രീസ്റ്റ് സിനിമയുടെ പ്രത്യേകതയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. നിഗൂഢത നിറഞ്ഞ പോസ്റ്റർ ചർച്ചയാവുമ്പോൾ "ദി പ്രീസ്റ്റിനെ പറ്റി സംവിധായകൻ ജോഫിൻ ടി ചാക്കോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുകയാണ്. മനു വർഗീസ് നടത്തിയ അഭിമുഖം.

മമ്മൂക്ക വന്നു, തുടക്കം ഗംഭീരമായി

2015 മുതല്‍ ഞാൻ ചിന്തിക്കുന്ന കഥ ആയിരുന്നു പ്രീസ്റ്റിന്റേത്. തിരക്കഥ ആയ സമയത്ത് നിർമാതാവ്  ആന്റോ ജോസഫ് ചേട്ടനുമായി സംസാരിച്ചു. ആ സമയത്ത് തന്നെ ഈ കഥാപാത്രത്തിന് മമ്മൂക്കയെ പോലൊരു ആള് വന്നാലേ നല്ലതാവൂ എന്നൊരു ചിന്തയിലെത്തിയിരുന്നു. ആന്റോ ചേട്ടനാണ് പറയുന്നത് ബി ഉണ്ണികൃഷ്‍ണൻ സാറുമായി ചേർന്ന് ഒരു കമ്പനി തുടങ്ങുന്നുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാനും. അങ്ങനെ ഉണ്ണികൃഷ്‍ണൻ സാറിനെ കണ്ടു സംസാരിച്ചു. പിന്നീടാണ് മമ്മൂക്കയുടെ അടുത്ത് കഥ പറയാൻ പോവുന്നത്. മൂന്ന് മണിക്കൂർ സമയം എടുത്താണ് മമ്മൂക്കയോട് കഥ പറഞ്ഞത്.

മമ്മൂക്കയും മഞ്‍ജു വാര്യരും ആദ്യമായി

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറുമാണ്. ശരിക്കും ആന്റോ ചേട്ടനും ഉണ്ണികൃഷ്‍ണൻ സാറും ഈ സിനിമ നിര്‍മ്മിക്കാമെന്ന് പറയുന്നിടത്താണ് സിനിമയുടെ ആദ്യ ഘട്ടം. എന്നെപ്പോലൊരു പുതുമുഖ സംവിധായകന് മമ്മൂക്കയേയും മഞ്ജു ചേച്ചിയേയും പോലെ വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ സാധിച്ചത് അവര്‍ കാരണമാണ്. മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജു ചേച്ചിയിലേക്കെത്തുന്നത്.

'ദി പ്രീസ്റ്റ്' ഒരു മിസ്റ്ററി ത്രില്ലർ

ചിത്രം ഒരു ഒരു മിസ്റ്ററി ത്രില്ലർ ആണെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമേ നമ്മൾ പുറത്ത് വിട്ടിട്ടുള്ളു. അതുകൊണ്ട് സിനിമയെ കുറിച്ച് ഒരുപാട് വിവരങ്ങൾ പുറത്ത് വിടാറായിട്ടില്ല. ചിത്രത്തിന്റെ കഥ എന്റെയാണ്. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം മേനോൻ കോക്ടെയിൻ സിനിമയുടെയും ദീപു കുഞ്ഞിരാമായണത്തിന്റെയും തിരക്കഥ എഴുതിയവരാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്. ബേബി മോണിക്ക കൈതി സിനിമയിലൂടെ ശ്രദ്ധേയയായ കുട്ടിയാണ്. മധുപാല്‍, ജഗദീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

പിപിഇ കിറ്റിനുളളിലെ ഷൂട്ടിംഗ്

ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവിടെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട് ചെയ്‍തത്. ആ സമയത്ത് നമ്മൾ ചിത്രീകരണവും നിർത്തി വച്ചിരുന്നു. ചിത്രത്തിന്റെ 80 ശതമാനവും മാര്‍ച്ച് പത്താം തീയതിയോടെ, കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് ഷൂട്ട് തുടങ്ങിയത് ഒക്‌ടോബറിലാണ്. ചിത്രീകരണം നടന്ന പത്ത് ദിവസവും പ്രോട്ടോക്കോള്‍ അനുസരിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.  15 മണിക്കൂറുകളോളം പിപിഇ കിറ്റുകള്‍ക്കുളളില്‍ നിന്നാണ് വര്‍ക്ക് ചെയ്‍തത്. എറണാകുളവും കുട്ടിക്കാനവും ആലപ്പുഴയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ചിത്രം തിയേറ്ററിൽ തന്നെ കാണണം

 ഞാൻ സിനിമയിൽ 2012 മുതൽഉണ്ട്. എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഞാൻ ഫിലിം മേക്കിങ് പഠിക്കുന്നത്. ഫിലിം മേക്കിങ് പഠിച്ച ശേഷമാണ് ജിസ് ജോയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നത്. ഏതാണ്ട് 2015 ലാണ് ഈ കഥയുടെ ത്രെഡ് എനിക്ക് കിട്ടുന്നത്. ഇപ്പോൾ സിനിമയുടെ അവസാന ഘട്ട മിനുക്കുപണികളിലാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉടൻ തന്നെ പ്രേക്ഷകരിലെത്തും. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഈ ഘട്ടത്തില്‍ വെളിപ്പെടുത്താറായിട്ടില്ല. ചിത്രം തിയേറ്ററിൽ തന്നെ പ്രേക്ഷകർ കാണണം എന്നാണ്  ആഗ്രഹം. എത്രയും പെട്ടന്ന് തന്നെ തീയേറ്ററുകൾ തുറക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഫോറൻസികിന് ശേഷം അഖിൽ ജോർജാണ് ചിത്രത്തിന്  ഛായാഗ്രഹണം നിർവഹിക്കുന്നത്  രാഹുൽ രാജാണ് സംഗീത സംവിധാനം.