ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിക്കുന്ന കാത്തിരിപ്പിന്റെ സംവിധായകൻ നിപിൻ നാരായണനുമായി അഭിമുഖം.
രണ്ടേ രണ്ടു കഥാപാത്രങ്ങള്‍. ബജറ്റ് വെറും അഞ്ചു ലക്ഷം. അങ്ങനൊരു സിനിമ ഇത്തവണ ഐഎഫ്എഫ്‍കെയിലുണ്ട്. നിപിൻ നാരായണന്റെ കാത്തിരിപ്പാണ് ഐഎഫ്എഫ്‍കെയില്‍ മലയാളം സിനിമ ടു ഡെയില്‍ പ്രദര്‍ശിപ്പിക്കുന്ന ആ സിനിമ. തന്റെയും സുഹൃത്തുക്കളുടെയും "കാത്തിരിപ്പി"ന് പിന്നിലെ കഥകളെക്കുറിച്ച് സംവിധായകൻ നിപിൻ നാരായണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

കാത്തിരിപ്പിന് പിന്നിലെ കഥ
രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ഫീച്ചര്‍ സിനിമയാണ് കാത്തിരിപ്പ്. ഒരു വീട്ടില്‍ ഒരു രാത്രി നടക്കുന്ന സംഭവമാണ് ഇത്. ഒരു കഥാപാത്രം ആര്‍ക്കോ വേണ്ടി അല്ലെങ്കില്‍ എന്തിനോ വേണ്ടി കാത്തിരിക്കുന്നുണ്ട്. കുറേ നാളായി ഒരോളോടും സംസാരിച്ചിട്ടില്ല. ഉറങ്ങിയിട്ടില്ല. കുറേ കാര്യങ്ങള്‍ അയാളില്‍ നിറഞ്ഞിരിപ്പുണ്ട്. അതൊക്കെ റിലീസ് ചെയ്യണമെന്നുണ്ട്. അതിനൊരു സാഹചര്യമില്ല, ആളില്ല. അയാളുടെ കാത്തിരിപ്പിന്റെയും ഒരു രാത്രിയിൽ അപ്രതീക്ഷിതമായി അയാൾക്കരികിൽ എത്തിപ്പെടുന്ന മറ്റൊരാളിന്റെയും കഥയാണ് സിനിമ പറയുന്നത്.
ഐഎഫ്എഫ്‍കെയ്‍ക്ക് വേണ്ടി ചെയ്‍ത സിനിമ
ഐഎഫ്എഫ്‍കെയിൽ തിരഞ്ഞെടുക്കപ്പെടണമെന്ന അതിയായ ആഗ്രഹത്തിലും ലക്ഷ്യത്തിലും ചെയ്‍ത സിനിമയാണിത്. അതുമാത്രമായിരുന്നു പ്രാഥമിക ആഗ്രഹം.. 2012 മുതല്‍ പയ്യന്നൂര്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ ഐഎഫ്എഫ്‍കെയ്‍ക്ക് വരുന്നുണ്ട്. അപ്പോള്‍ കുറേ ലോക സിനിമകള്‍ ഒക്കെ കാണുമ്പോള്‍ സിനിമ ചെയ്യണമെന്ന് തോന്നിയിരുന്നു. അപ്പോള്‍ അതിനുള്ള ധൈര്യമില്ലായിരുന്നു. സാങ്കേതിക വശങ്ങള്‍ ഒന്നും അറിയില്ലല്ലോ?.
ഡിഗ്രി കഴിഞ്ഞ് കെ ആര്‍ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ ഓരോ സെമസ്റ്ററിലും പ്രൊജക്റ്റുകളൊക്കെ അസൈൻമെന്റായി ഉണ്ടാകുമല്ലോ. അതൊക്കെ ചെയ്‍ത് ചെയ്‍ത് ഷോര്‍ട് ഫിലിമൊക്കെ ചെയ്യാമെന്ന് ധൈര്യമായി. അതിനിടയ്‍ക്ക് രതീഷ് പൊതുവാളിന്റെ കൂടെ കനകം കാമിനി കലഹത്തിന്റെ സ്‍ക്രിപ്റ്റിലും ഡയറക്ഷനിലും അസിസ്റ്റ് ചെയ്‍തു. സുധീഷ് ഗോപിനാഥിന്റെ മദനോത്സവത്തിന്റെ സ്‍ക്രിപ്റ്റിലും ഒരു ഭാരതസര്‍ക്കാര്‍ ഉല്‍പ്പന്നം എന്ന സിനിമയുടെ സ്‍ക്രിപ്റ്റിലും പ്രവര്‍ത്തിച്ചു.
ചെറുതെങ്കിൽ ചെറുത്, ഐഎഫ്എഫ്‍കെ ലക്ഷ്യമാക്കി ഒരു സിനിമ പരിമിതമായ സാഹചര്യങ്ങളിൽ ചെയ്യാമെന്ന ചിന്ത ആ സമയത്ത് ശക്തമായി. ആ സമയത്താണ് ഒരാശയം തിരക്കഥയാക്കാമോ എന്ന് ചോദിച്ച് സുഭാഷ് ലളിത സുബ്രമണ്യൻ ബന്ധപ്പെടുന്നത്. പിന്നീട് അതിന് പിന്നാലെയായി നടത്തം. "കറക്കം" എന്ന ആ സിനിമയ്ക്ക് തിരക്കഥാരചനയിൽ പങ്കാളിയാവുകയും ക്രിയേറ്റീവ് ഡയറക്ടറായി വർക്ക് ചെയ്യുകയും ചെയ്‍തു. അതിനാൽ ആ വർഷത്തെ ഐഎഫ്എഫ്‍എകെയ്‍ക്ക് സിനിമ ചെയ്യാൻ സാധിച്ചില്ല.
കറക്കത്തിന്റെ ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ നടക്കുന്ന സമയത്താണ് ഐഎഫ്എഫ്കെയ്‍ക്ക് ഒരു സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. അടുത്ത ഐഎഫ്എഫ്‍കെയ്‍ക്ക് വളരെ ചുരുക്കം മാസങ്ങൾ മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. വളരെ ചെറിയ ബജറ്റിൽ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചപ്പോഴും പണം എങ്ങനെ സംഘടിപ്പിക്കും എന്ന് ധാരണയായിരുന്നില്ല. എന്റെ അതേ ബാച്ചിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിംഗ് പഠിച്ച രഞ്ജു താടിക്കാരനോടാണ് ഞാൻ ഐഎഫ്എഫ്‍കെ സിനിമാ ആഗ്രഹം പങ്കുവെച്ചിരുന്നത്. അവനും അതിൽ അതീവ താല്‍പര്യം കാണിച്ചിരുന്നു. അതിനു വേണ്ടി അധ്വാനിക്കാൻ തയ്യാറായിരുന്നു. പൈസയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടെന്നും ലോണെടുത്തിട്ടായാലും നമുക്കിത് ചെയ്യണമെന്നും അവനും ഉത്സാഹിച്ചു. രാജുവും അവന്റെ പാർട്ണർ എലിസബത്തും ചേർന്ന് ലോണെടുത്തും കടം വാങ്ങിയുമൊക്കെയാണ് സിനിമയ്ക്കുള്ള പണം കണ്ടെത്തിയത്. അതിനാൽത്തന്നെ ലോ ബജറ്റ് സിനിമ എന്ന് പറയാമെങ്കിലും സത്യത്തിൽ ഞങ്ങളെ സംബന്ധിച്ച് ഇതൊരു ലോ ബജറ്റ് സിനിമയല്ല. അഞ്ച് ലക്ഷം രൂപയായിരുന്നു ബജറ്റ്.

ഐഎഫ്എഫ്‍കെ നല്‍കുന്ന സ്വാതന്ത്യം
ഐഎഫ്എഫ്എഫ്‍കെയില്‍ തന്നെ വേണം എന്റെ സിനിമ കാണിക്കാൻ എന്ന് ഭയങ്കരമായ ആഗ്രഹമുണ്ടായിരുന്നു. ഇത്രയും ആള്‍ക്കാരുടെ കൂടെ സ്വന്തം സിനിമ കാണാം. എന്തിന് വേണ്ടി ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ഐഎഫ്എഫ്‍കെയ്‍ക്ക് വേണ്ടി ചെയ്യുന്നു എന്ന് തന്നെയാണ് ഉത്തരം. നമുക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ട്. നമ്മുടെ മുന്നോട്ടു പോക്കിലും സഹായകരമാകും.
പിന്നെ അവിടെ ഇൻഡിപെൻഡന്റായ പലതരം സിനിമകള്‍ വരുന്നു. നമുക്ക് എന്തും പരീക്ഷിക്കാം. അതിലുള്ള സ്വാതന്ത്ര്യവും ഐഎഫ്എഫ്‍കെയ്‍ക്ക് കിട്ടുന്നുണ്ട്. രണ്ട് കഥാപാത്രങ്ങളേയുള്ളൂവെന്നൊന്നും ആശങ്കപ്പെടേണ്ട കാര്യമില്ല. ക്വാളിറ്റിയുണ്ടെങ്കില്‍ അവിടെ എന്റര്‍ ആകാം.

പനിച്ചുകിടന്നപ്പോള്‍ എഴുതിയ കാത്തിരിപ്പ്
മൂന്നുദിവസം പനിച്ചുകിടന്നപ്പോഴാണ് ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതുന്നത്. വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യണമെന്ന ചിന്തയുണ്ടായതിനാൽ ഒരു ലൊക്കേഷനും രണ്ട് കഥാപാത്രങ്ങളും എന്ന രീതിയിലേക്ക് ആലോചനയെ ഒതുക്കിനിർത്തി. അഭിനയിക്കുന്നവരെ നേരത്തെതന്നെ മനസിൽ കണ്ടിരുന്നു. രഞ്ജുവും ജിതേഷും രണ്ടുപേരും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജ്യോതിഷ് എം. ജി ക്ക് കീഴിൽ അഭിനയം പഠിച്ചവരാണ്. അവസരങ്ങൾ കിട്ടിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ്. അവരോട് സ്ക്രിപ്റ്റ് പങ്കുവെച്ചു. വേഗത്തിൽ ചെയ്യാമെന്ന ധാരണയിലെത്തി.
പ്രീ പ്രൊഡക്ഷൻ സമയത്ത് ഞാനും രഞ്ജുവും തന്നെയായിരുന്നു സകല ജോലികളും ചെയ്‍തത്. ലൊക്കേഷൻ കണ്ടുപിടിക്കലായിരുന്നു അതിൽ ഏറ്റവും ശ്രമകരം. ആവശ്യമുള്ള വീട് കിട്ടില്ലെന്നും അതുകൊണ്ട് സിനിമ ഈ ഐഎഫ്എഫ്‍കെയ്ക്ക് മുൻപ് നടക്കില്ലെന്നും ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. കൊച്ചിയിൽ പലവഴികളിൽ ഞങ്ങൾ സ്‍കൂട്ടറിൽ അലഞ്ഞു. കൊച്ചിയിൽ നിന്നും ദൂരെ മാറി കോട്ടയത്തെങ്ങാനും വീട് കിട്ടുമെന്ന് അറിയാമായിരുന്നു. പക്ഷെ ഞങ്ങളുടെ ബജറ്റ് അതിനു സമ്മതിക്കുന്ന ഒന്നായിരുന്നില്ല. പ്രതീക്ഷ നശിച്ചുതുടങ്ങിയ സമയത്ത് ഒരു സുഹൃത്ത് വഴി ഒരു വീട് കിട്ടി. വീട് കിട്ടിയതോടെ ബാക്കി പണികൾ വേഗത്തിലായി.
ആക്രിക്കടയിലെ ആര്‍ട് വര്‍ക്ക്
വീട് ഞങ്ങൾ തന്നെ വൃത്തിയാക്കി, ആവശ്യമുള്ള മുറി ഞങ്ങൾ തന്നെ പെയിന്റ് ചെയ്‍തു. ആക്രിക്കടകളിൽ നിന്നും കൊണ്ടിറക്കിയ സാധനങ്ങൾ ഓരോന്നായി വീടിനകത്തേക്ക് കയറ്റി ഞങ്ങൾ തന്നെ ആർട്ട് ചെയ്‍ത് ഞങ്ങൾക്ക് വേണ്ട ഇന്റീരിയർ ഉണ്ടാക്കിയെടുത്തു. പിന്നീട് ആർട്ടിൽ സുഹൃത്ത് ഷിജോൺ പങ്കാളിയായി. അതിനിടയിൽ തന്നെ റിഹേഴ്സൽ നോക്കി. എല്ലാം വേറെ വേറെ ചെയ്യാനോ നന്നായി വിശ്രമിക്കാനോ ഉള്ള സമയം പോലും ഉണ്ടായിരുന്നില്ല. ആർട്ട് ചെയ്‍ത് തീർന്നതിന്റെ തൊട്ടടുത്ത ദിവസം ഷൂട്ട് തുടങ്ങണമായിരുന്നു. അതേ ക്ഷീണത്തിലാണ് ഷൂട്ടിലേക്ക് കയറിയത്. പത്തുദിവസം ഷൂട്ട് ചെയ്‍തു.

കാത്തിപ്പിന്റെ അണിയറക്കാര്‍
രണ്ട് പേരാണ് കഥാപാത്രങ്ങളെന്ന് പറഞ്ഞല്ലോ. രണ്ട് പേരും 2016 കെ ആര്‍ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ ആക്റ്റിംഗ് ബാച്ചില്‍ പഠിച്ച ആള്‍ക്കാരാണ്. രഞ്‍ജുവും ജിതേഷും. ജിതേഷ് ഭാവന സ്റ്റൂഡിയോസ് റിലീസ് ചെയ്‍ത സിംമ്പ്റ്റ്സ് ഓഫ് ലൗവ് എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സഞ്‍ജു സുരേന്ദ്രന്റെ ഖഡ്‍കി ഗാവിലുമുണ്ട്. ക്യാമറ 2019 ബാച്ചിലെ ആദര്‍ശാണ്. എഡിറ്റിംഗ് അമല്‍ ആന്റണി. മ്യൂസിക് എന്റെ ബാച്ചിലുണ്ടായിരുന്ന ഫെബിൻ കെ തോമസ് ആണ്. സൗണ്ട് ഡിസൈനും സൗണ്ട് മിക്സും എന്റെ ബാച്ചിലുണ്ടായ ഗോകുല്‍ ആര്‍ നാഥ്. നന്ദഗോപൻ പി എന്നിവരാണ്. പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ബാച്ചുകളിലെ സുഹൃത്തുക്കൾ പങ്കാളികളായി. ഇത് ഞങ്ങളുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൂട്ടായ്‍മയിൽ നിന്നുള്ള സിനിമ എന്ന് ഞാൻ പറയും.
ദൂരദര്‍ശൻ മുതല്‍ ഏഷ്യാനെറ്റ് വരെയുള്ള ഓട്ടം
ചെറുപ്പത്തിലേ താല്‍പര്യം സിനിമയോടായിരുന്നു. പത്താം ക്ലാസ് വരെ വീട്ടില്‍ കറന്റും ടിവിയും ഉണ്ടായിരുന്നില്ല. അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടില്‍ പോയി സിനിമ കാണും. ഒരു വീട്ടില്‍ ദൂരദര്‍ശനുണ്ട്. മറ്റൊരു വശത്തെ വീട്ടില്‍ ഏഷ്യാനെറ്റ് കിട്ടും. കുറച്ച് ദൂരമുണ്ട് രണ്ട് വീടുകളും തമ്മില്‍. രണ്ടാമത്തെ ഏട്ടനും ഞാനും സിനിമ കാണാൻ ഓരോ വീടിലേക്കും ഓടും. അങ്ങനെ കുറേ സിനിമകള്‍ കണ്ടു. മൂത്ത ഏട്ടൻ ചിത്രഭൂമിയും നാനയും വാങ്ങും. അതൊക്കെ വായിച്ചും സിനിമയോട് താല്‍പര്യമായി. രണ്ടുപേർക്കും എൻ്റെ സിനിമയിലേക്കുള്ള യാത്രയിൽ ചെറിയ പങ്കുണ്ട് എന്നുതന്നെ പറയാം.
കാര്‍ട്ടൂണില്‍ തുടക്കം, പിന്നെ സിനിമയിലേക്ക്
ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നത് കാര്‍ട്ടൂണിസ്റ്റാകണമെന്നായിരുന്നു. മൂത്ത ഏട്ടന്റെ ക്ലാസ്സില്‍ അനുരാജ് ഏളയാട് എന്ന ഒരു കാര്‍ട്ടൂണിസ്റ്റുണ്ടായിരുന്നു. അനുരാജേട്ടൻ വരയ്‍ക്കുന്നു. സമ്മാനം കിട്ടുന്നു. കാര്‍ട്ടൂണുകളും അനുരാജേട്ടന്റെ ഫോട്ടോയും പത്രത്തില്‍ വരുന്നു. അതൊക്കെ കണ്ട് കാര്‍ട്ടൂണിസ്റ്റ് ആകാൻ ആഗ്രഹമുണ്ടായിരുന്നു. പിന്നെ ആനിമേഷൻ പഠിക്കാൻ പോയി. അതില്‍ സിനിമയുടെ ഒരു വശമുണ്ടല്ലോ. പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ലോക സിനിമകള്‍ കാണാൻ തുടങ്ങുന്നത്. അങ്ങനങ്ങനെ സിനിമയോടായി താല്‍പര്യം.
ഐഡിഎസ്‍എഫ്‍എഫ്‍കെയില്‍ രണ്ട് തവണ
ഐഡിഎസ്‍എഫ്‍എഫ്‍കെയില്‍ രണ്ട് തവണ സ്വന്തം സിനിമകളുമായി പോയിട്ടുണ്ട്. ഇൻസ്റ്റിസ്റ്റ്യൂട്ടില്‍ പഠിക്കുമ്പോഴുള്ള പ്രൊജക്റ്റായ ഷോര്‍ട് ഫിലിം അരിമ്പാറ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പയ്യന്നൂരിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെയ്‍ത ഉള്ളം എന്ന മ്യൂസിക് വീഡിയോയും ഐഡിഎസ്‍എഫ്‍എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
'നൊസ്റ്റാള്‍ജിയത്തിന്റെ പുസ്‍തക'വും 'ഇതും'
ഇതിനിടയില്‍ രണ്ട് പുസ്‍തകങ്ങളും പ്രസിദ്ധീകരിച്ചു. ചിന്ത പ്രസിദ്ധികരിച്ച 'ഇത്' ഒരു ഗ്രാഫിക്സ് കഥയാണ്. സോഷ്യല്‍ സറ്റയറാണ്. നൊസ്റ്റാള്‍ജിയത്തിന്റെ പുസ്‍തകം എന്ന ഒരു ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
