Asianet News MalayalamAsianet News Malayalam

Joby George | ഒടിടിയിലെ വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാവല്‍ തിയറ്ററിനുള്ളതാണ്: ജോബി ജോര്‍ജ് അഭിമുഖം


ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ചിത്രമാണ് "കാവൽ".

joby george interview
Author
Kochi, First Published Nov 23, 2021, 9:27 AM IST
  • Facebook
  • Twitter
  • Whatsapp

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകൻ എത്തി തുടങ്ങിയിരിക്കുന്നു. വൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ തിയറ്ററിലേക്ക് എത്താനുള്ള കാത്തിരിപ്പിലുമാണ്. മലയാളത്തില്‍ ആദ്യം തിയറ്ററുകളിലേയ്ക്ക് എത്തുന്ന സൂപ്പർ താര ചിത്രമാണ് സുരേഷ് ഗോപി നായകനാവുന്ന 'കാവൽ'. പ്രേക്ഷകൻ എന്നും സ്വീകരിച്ചിട്ടുള്ള പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി അവതരിപ്പിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. സുരേഷ് ഗോപിയുടെ രണ്ടാംവരവിൽ  എത്തുന്ന ആദ്യ മാസ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. നിഥിൻ രൺജിപണിക്കരുടെ സംവിധാനം ചെയ്യുന്ന  ചിത്രം നിർമ്മിച്ചിരിക്കുന്നത്  ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ ജോബി ജോർജ്ജാണ്. ചിത്രം തിയറ്ററിലേക്ക് എത്തുമ്പോൾ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനുമായി പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ജോബി ജോർജ്.

'കാവൽ' തിയറ്ററിൽ റിലീസ് ചെയ്യണമെന്നുതന്നെ തീരുമാനിച്ചിരുന്നോ?

ഒടിടിയിൽ നിന്ന് കാവൽ  സിനിമയ്ക്ക് നല്ല ഓഫറാണ് വന്നത്, എനിക്ക് വേണമെങ്കിൽ  ചിത്രം അവർക്ക് കൊടുക്കാമായിരുന്നു, വലിയ രീതിയിൽ ലാഭം നേടാമായിരുന്നു. പക്ഷെ അത് ശരിയല്ലെന്ന് തന്നെയാണ് എന്റെ തീരുമാനം. നല്ല പടമാണ് കാവൽ, നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾ ഇപ്പോൾ തിയേറ്ററിലേയ്ക്ക് വരുന്ന സമയമാണ്, അവർക്ക് ഇഷ്‍ടപ്പെടുന്ന, ആഘോഷമാക്കാവുന്ന ചിത്രമാണ് കാവൽ. തിയേറ്ററുകളില്ലാതെ ഞാൻ എന്ന നിർമാതാവോ ഗുഡ്‌വിൽ എന്ന കമ്പനിയോ ഇല്ല. തിയേറ്റർ ആരവങ്ങളിലാണ് താരങ്ങൾ ജനിക്കുന്നത്. ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത് തിയറ്ററുകളുടെയും സിനിമയെ സ്‍നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. തീയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തീയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പോസ്റ്റർ ഒട്ടിക്കുന്നർ, ഫ്ലക്സ് നിർമിക്കുന്നവർ അങ്ങനെ ഒരുപാട് പേരുടെ അന്നമാണ് സിനിമ. ഞാൻ നിലകൊള്ളുന്നത് കേരളത്തിൽ സിനിമകൾക്ക് വേണ്ടി പണം മുടക്കുന്ന നിർമാതാക്കൾക്ക് വേണ്ടിയാണ്. അതിൽ വലുപ്പം ചെറുപ്പം ഒന്നും ഇല്ല.

joby george interview

എന്താണ് ശരിക്കും 'കാവൽ'?

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ചിത്രമാണ് 'കാവൽ'. പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ മാസ് പരിവേഷം ചിത്രത്തിലുണ്ട്, നല്ലൊരു കഥയും പശ്ചാത്തലവും എല്ലാം തന്നെ ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുപ്പിക്കും. കാവൽ വലിയ പ്രതീക്ഷയാണ്, സിനിമ എന്നും മലയാള സിനിമ പ്രേമികൾക്ക് കാവൽ ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

joby george interview

നിഥിൻ രൺജിപണിക്കര്‍ ചിത്രത്തില്‍ രണ്‍ജി പണിക്കരും അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ടല്ലോ?

കസബയ്ക്ക് ശേഷം നിഥിൻ രൺജിപണിക്കർക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണ് 'കാവൽ'. ചിത്രം ഒരു ഫയർ ബ്രാൻഡാണ് .  നിഥിൻ രൺജിപണിക്കരുടെ പിതാവും സംവിധായകനുമായ രൺജിപണിക്കരും ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യം ഈ വേഷം ലാലിന് കൊടുക്കാനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‍നം ആയപ്പോൾ  രൺജിപണിക്കർ എത്തുകയായിരുന്നു. രൺജിപണിക്കർ– സുരേഷ് ഗോപി കൂട്ടുകെട്ടിലുണ്ടായ വിജയം നിഥിൻ രൺജിപണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിലും ഉണ്ടാവും. തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിലാണ് രൺജി പണിക്കര്‍ എത്തുന്നത്.

joby george interview

'മരക്കാര്‍' എത്തുമ്പോള്‍ 'കാവല്‍' റിലീസ് ചെയ്യണമോയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ചോദ്യം നേരിടേണ്ടിവരുന്നില്ലേ?


ഇവിടെ ഡീഗ്രേടിംഗ്  ചെയ്യപ്പെട്ടതിന്റെ പേരിൽ ഒരു സിനിമയും തകർന്നടിഞ്ഞട്ടില്ല. പബ്ലിസിറ്റി കൊടുത്തതിന്റെ പേരിൽ  വൻ വിജയം ആയിട്ടും ഇല്ലാ. ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കിൽ ആര് എന്ത് ചെയ്‍താലും ഓടും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഞാൻ എടുത്ത സിനിമകളെല്ലാം വിജയം ആണ്.  ഗുഡ്‌വില്ലിന്റെയും ഫാൻസാണ് ഇവരൊക്കെ. ഒരിക്കലും മരക്കാർ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല. രണ്ട് സിനിമയും അതിന്റെ വഴിക്ക് പോവും. 'കാവൽ'  ഒരു വർഷം മുൻപ് റിലീസ് പ്രഖ്യാപിച്ചതാണ്. ഫേസ്ബുക്ക് വഴി ഫാൻസ്‍കാര് തെറിവിളിക്കുന്നുണ്ട്, പക്ഷെ അത് ഞാൻ കാര്യമായി എടുക്കുന്നില്ല. സീസറിനുള്ളത് സീസർക്ക് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറയുന്നത് പോലെ മരക്കാറിനുള്ളത് മരക്കാറിന്, കാവലിനുള്ളത് കാവലിന്.

joby george interview

Follow Us:
Download App:
  • android
  • ios