കിട്ടുന്ന കഥാപാത്രങ്ങളിലൂടെ നമുക്ക് എന്തെങ്കിലും കാര്യമായി പറയണമെന്ന താല്പര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കിട്ടുന്ന കഥാപാത്രത്തിലേക്ക് ഞാൻ എന്ന വ്യക്തിയെ എങ്ങനെ ഫിറ്റ് ചെയ്യാൻ പറ്റും എന്നാണ് ഞാൻ നോക്കാറുള്ളത്.
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടോവിനോ നായകനായ നരിവേട്ട സിനിമയിലെ പോലീസ് കഥാപാത്രമായി എത്തിയ കൃഷ്ണൻ ബാലകൃഷ്ണൻ സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നു.
നരിവേട്ട തരുന്ന സന്തോഷങ്ങൾ
നരിവേട്ട സിനിമ റിലീസ് ചെയ്തത് മുതൽ ഇത്ര ദിവസം വരെക്കും കേരളത്തിൽ നല്ല മഴയാണ് . ആ മഴയെ പോലും വകവയ്ക്കാതെയാണ് പ്രേക്ഷകരിത്ര ദിവസവും തീയറ്ററുകളിൽ സിനിമ കാണാൻ വരുന്നത്. അതുപോലെ ലോകം മുഴുവനുമുള്ള മലയാളികളും അല്ലാത്തവരുമായവർ ഈ സിനിമ കാണുന്നുണ്ട്. കൂടാതെ ഞാൻ ചെയ്ത കഥാപാത്രത്തിന്റ തമാശകൾ അസ്വദിക്കുകയും എന്നെ അറിയുന്നവരും അറിയാത്തവരുമെല്ലാം അത് ഏറ്റെടുക്കുകയും ചെയ്യുന്നതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്. അതും ഇത്രത്തോളം വിഷയസാധ്യതയുള്ള സിനിമയുടെ ഭാഗമാവുക എന്നതൊക്കെ വലിയ ഭാഗ്യമാണ്. അതുപോലെ ഈ സിനിമയുടെ കഥയുമായി സാദൃശ്യമുള്ള കഥയായിരുന്നു പേരറിയാത്തവൻ എന്ന സിനിമയുടേത്. ആ സിനിമയിലും ഇതുപോലെ ഒരു ഭൂസമരത്തിന്റെ കഥ പറയുന്നുണ്ട്. അതിൽ നേതാവായി അഭിനയിച്ചത് ഞാനാണ്. അത്തരത്തിൽ ചില സൗഭാഗ്യങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്.
സിനിമയുടെ ഭാഗമാകുന്നത്
കൺട്രോളറാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. പക്ഷേ സംവിധായകൻ നിർദ്ദേശിക്കാതെ കൺട്രോളർ വിളിക്കില്ലല്ലോ. ഏതായാലും അത്തരമൊരു ഫോൺവിളിയിലൂടെയാണ് ഈ സിനിമയിലേക്ക് ഞാൻ എത്തുന്നത്. അനുരാജ് മനോഹറിനെ ഒരു സംവിധായകൻ എന്ന നിലയ്ക്ക് എനിക്ക് മുൻപേ അറിയാമായിരുന്നു. എഴുത്തുകാരനായ അബിൻ ജോസഫിനെ അറിയില്ലായിരുന്നു. വർക്ക് ചെയ്ത അനുഭവത്തിൽ എല്ലാത്തരത്തിലും വലിയ സന്തോഷം കിട്ടിയ വർക്ക് കൂടിയാണിത്. പേരറിയാത്തവൻ എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂട്ന് ദേശീയ അവാർഡ് കിട്ടുന്നത്.ആ സിനിമയിൽ എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി. വീണ്ടും അത്തരം ഒരു വിഷയം വരുന്ന സിനിമയിൽ അദ്ദേഹത്തിന്റെ കൂടെ പിന്നെയും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ആദ്യത്തെ സിനിമയിൽ ഞാനും സുരാജ് ചേട്ടനും അധകൃതരായിരുന്നുവെങ്കിൽ നരിവേട്ട സിനിമയിൽ ഞങ്ങൾ രണ്ടുപേരും പോലീസുകാരാണ്.

നരിവേട്ട സിനിമയിലെ ചൊറിയൻ പോലീസ്ക്കാരൻ
ആ സിനിമയ്ക്ക് അകത്ത് ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ല. അവർ എഴുതി വച്ചതും പറഞ്ഞു തന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഞാൻ കഥാപാത്ര സാധ്യതയെ ഉപയോഗപ്പെടുത്തി എന്നേയുള്ളൂ. സ്ക്രിപ്റ്റ്, ഡയലോഗ് എന്നതിനിടയിലാണ് ഒരു നടന്റെ പെർഫോമൻസ് ആവശ്യമുള്ളത്. ആ പെർഫോമറുടെ വിടവ് മാത്രമാണ് ഞാൻ നികത്തിയിട്ടുള്ളത്. അതിലേക്ക് പോലീസ് കഥാപാത്രത്തെ ചൊറിയൻ എന്ന രീതിക്ക് ഒക്കെ ഞാൻ കൈയീന്ന് എടുത്ത് അഭിനയിച്ചതാണെന്ന നിലയ്ക്കൊക്കെ പലരും കരുതിയിരുന്നു. അത് അങ്ങനെയല്ല. അവർ പറഞ്ഞ പോലെ മാത്രമാണ് ചെയ്‍തത്.പക്ഷേ അവർ പറയുന്ന കാര്യത്തെ പരമാവധി അഭിനയിച്ചു ഭംഗിയാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.ആ ശ്രമം വിജയിച്ചു എന്നാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത്.അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നിങ്ങളിൽ നിന്നെല്ലാം വരുന്നത്.
ചേരനോടൊപ്പമുള്ള അനുഭവം
അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സീൻ ഷൂട്ട് ഇല്ലെങ്കിൽ പോലും അദ്ദേഹം ലൊക്കേഷനിൽ ഉണ്ടാവും. അദ്ദേഹം മറ്റുള്ളവരിൽ നിന്നും മാറി നിൽക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ചേരൻ സാറിനെ ഒക്കെ നമ്മൾ ഓട്ടോഗ്രാഫ് സിനിമയിലൂടെ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടതാണ്.ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ നമ്മൾ ഓർക്കുന്നത് ആ സിനിമയിലൂടെയാണ്. അദ്ദേഹത്തിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ ഞാൻ ആ സിനിമയിലെ പാട്ട് ഒക്കെ യൂട്യൂബിൽ നോക്കി. കാരണം അദ്ദേഹം മാർക്ക് ചെയ്യപ്പെട്ടത് ആ സിനിമയിലൂടെ ആണല്ലോ. ചില മനുഷ്യ നമുക്ക് അറിയാമെങ്കിലും അവരെ ഒരിക്കലും നേരിട്ട് കാണുമെന്ന് പ്രതീക്ഷിക്കില്ല. അത്തരത്തിലൊരാളായിരുന്നു ചേരൻ സാർ.
സിനിമകളുടെ തിരഞ്ഞെടുപ്പ്
കിട്ടുന്ന കഥാപാത്രങ്ങളിലൂടെ നമുക്ക് എന്തെങ്കിലും കാര്യമായി പറയണമെന്ന താല്പര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കിട്ടുന്ന കഥാപാത്രത്തിലേക്ക് ഞാൻ എന്ന വ്യക്തിയെ എങ്ങനെ ഫിറ്റ് ചെയ്യാൻ പറ്റും എന്നാണ് ഞാൻ നോക്കാറുള്ളത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ നാലു കഥാപാത്രങ്ങളുണ്ട്. അതിൽ കൊല്ലം കടലോരത്തെ ഒരു മുക്കുവ കുടുംബത്തിലെ ഒരു അച്ഛൻ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. ആ കഥാപാത്രത്തിലേക്ക് എന്നെ എങ്ങനെ മാറ്റാൻ പറ്റുമെന്നാണ് ഞാൻ നോക്കുന്നത്. എല്ലാ കഥാപാത്രങ്ങളിലും ഞാൻ അതാണ് ചെയ്യുന്നത്. തിരക്കഥയിലെയും സംഭാഷണത്തിലെയും വിടവിന് ഇടയിലെക്ക് സ്വയം ഫിറ്റ് ചെയ്യാൻ ശ്രമിക്കും.


