Asianet News MalayalamAsianet News Malayalam

'ദുരഭിമാനമൊക്കെ ആ രോഗകാലത്ത് നഷ്ടപ്പെട്ടു, ഇരുപതുകള്‍ തിരിച്ചുപിടിക്കുകയാണ് ഞാനിപ്പോള്‍'

"കീമോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള ഒരു ജോലി ചിലപ്പോള്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ ഒരു ആക്ടര്‍ക്ക് അത് പറ്റില്ലല്ലോ. ക്യാമറയുടെ മുന്നില്‍ നമുക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. ആ വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി ആയിരുന്നു.."

mamtha mohandas exclusive interview
Author
Thiruvananthapuram, First Published Nov 15, 2020, 12:22 PM IST

ഹരിഹരന്‍റെ 'മയൂഖ'ത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ മുന്നിലേക്കെത്തിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ആ അരങ്ങേറ്റത്തിന് പതിനഞ്ച് വര്‍ഷം തികയുമ്പോള്‍ ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്ന സിനിമാ നിര്‍മ്മാണ മേഖലയിലേക്കും കടന്നിരിക്കുകയാണ് അവര്‍. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ലോഞ്ചിംഗ് ഒരു മ്യൂസിക് സിംഗിള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു. ആര്‍ജെ ഏകലവ്യന്‍റെ 'ലോകമേ' എന്ന വൈറല്‍ ഗാനം മികച്ച സാങ്കേതികപ്രവര്‍ത്തകരെ സഹകരിപ്പിച്ച് മികച്ച പ്രൊഡക്ഷന്‍ നിലവാരത്തില്‍ മംമ്ത അവതരിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച്, കാന്‍സര്‍ അതിജീവനത്തെക്കുറിച്ച്, നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നതിനെക്കുറിച്ച് മംമ്ത മോഹന്‍ദാസ് സംസാരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു വേണ്ടി നിര്‍മല്‍ സുധാകരന്‍ നടത്തിയ അഭിമുഖം

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചിംഗ് ഒരു മ്യൂസിക് സിംഗിളിലൂടെ വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നോ?

അല്ല, അങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്നില്ല. ഒരു സിനിമയാണ് ആദ്യം ചെയ്യാനിരുന്നത്. അതിന്‍റെ പ്രീ പ്രൊഡക്ഷന്‍ മാര്‍ച്ചില്‍ തുടങ്ങേണ്ടിയിരുന്നതാണ്. മെയ് മാസം ചിത്രീകരണവും തീരുമാനിച്ചിരുന്നതാണ്. മാര്‍ച്ചില്‍ കൊവിഡ് വന്നതുകൊണ്ട് ആ പ്രോജക്റ്റുമായി മുന്നോട്ടുപോകാന്‍ പറ്റിയില്ല. പക്ഷേ അതൊരു അനുഗ്രഹമായതുപോലെയാണ് പിന്നീട് തോന്നിയത്. ആരംഭിച്ചതിനുശേഷമാണ് ലോക്ക് ഡൗണ്‍ വന്നിരുന്നത് എങ്കില്‍ ഒരു ദുസ്സൂചനയായി ഞാനത് എടുത്തേനെ, പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ട് ആദ്യം ചെയ്യുന്ന ഒരു പ്രോജക്ട് എന്ന നിലയില്‍. 

പിന്നീട് പെട്ടെന്നാണ് 'ലോകമേ' എന്ന ഈ സിംഗിള്‍ ഉണ്ടാക്കാനുള്ള ഒരു പ്ലാന്‍ ഉണ്ടായിവന്നത്. കണ്ടന്‍റ് നമ്മുടെ കൈയ്യില്‍ വന്നു. എനിക്ക് അതിന്‍റെ വരികള്‍ നന്നായി ഇഷ്ടപ്പെട്ടു. പ്രൊഡക്ഷന്‍ കമ്പനിയുടെ ഒരു ഷോ റീല്‍ ആക്കി മാറ്റാന്‍ പറ്റുന്ന കണ്ടന്‍റ് ആയി തോന്നി. കൊവിഡ് സമയത്ത് പ്രൊഡക്ഷന്‍ കമ്പനിയുടെ ഒരു ലോഞ്ചിംഗ് ഇവന്‍റ് ഒന്നും നടത്താന്‍ പറ്റില്ലല്ലോ. അതിനുപകരം ഇത്തരത്തില്‍ ഒരു സിംഗിള്‍ നിര്‍മ്മിച്ച് പ്രേക്ഷകരിലേക്ക് എത്തിയാല്‍ നന്നാവുമെന്ന് തോന്നി. ചെറിയ ഒരു കണ്ടന്‍റ് വലിയൊരു രീതിയില്‍ ചെയ്യാമെന്ന പ്ലാനിലേക്ക് വന്നു. അതോടൊപ്പം പുതിയൊരു ആര്‍ട്ടിസ്റ്റിന് മുഖ്യധാരയിലേക്ക് ഒരു അവസരം കൊടുക്കുകയുമാണ്. സാധാരണ ഒരു ആല്‍ബം സോംഗ് പോലെ ഒന്നുമല്ല ചെയ്തിരിക്കുന്നത്. നമ്മുടെ പ്രൊഡക്ഷനില്‍ തന്നെ നാളെ ഒരു സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുള്ള പാട്ടുമാണ് ഇത്. 

mamtha mohandas exclusive interview

 

ഏകലവ്യന്‍ സുഭാഷിന്‍റെ ഗാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്? 

ഏകലവ്യനും വിനീത് കുമാര്‍ എന്ന മ്യൂസിക് ഡയറക്ടറും കൂടി സമീപിച്ചിരുന്നു. നല്ല രീതിയില്‍ ചെയ്യണമെന്ന് അവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാനിരിക്കുന്ന വിവരം ഇന്‍ഡസ്ട്രിയില്‍ പലര്‍ക്കും അറിയാമായിരുന്നു. വരികള്‍ ഇഷ്ടമായപ്പോള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. 

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ എന്നാണ് 'ലോകമേ'യുടെ പ്രൊമോഷനുകളിലുള്ളത്. ഫസ്റ്റ് പ്രൊഡക്ഷന്‍ ആയതുകൊണ്ടാണോ ബജറ്റില്‍ കോംപ്രമൈസ് ചെയ്യാതിരുന്നത്?

ഒരു പാട്ട് ഒരു സിനിമയ്ക്കുവേണ്ടി നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ ഒരു സംഖ്യ ആവുമല്ലോ. പക്ഷേ സിനിമയുടെ ഭാഗമായി പാട്ട് ചിത്രീകരിക്കുമ്പോള്‍ നമുക്ക് ചെലവ് ഒരുപാട് കുറഞ്ഞുകിട്ടും. കാരണം ക്യാമറയും മറ്റ് പശ്ചാത്തല സൗകര്യവുമൊക്കെ അവിടെ ഉണ്ടല്ലോ. പക്ഷേ ഒരു ഇന്‍ഡിപെന്‍ഡന്‍റ് സിംഗിള്‍, നിലവാരത്തോടെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍ ചെലവ് ഇരട്ടിയാവും. അതു പരിഗണിച്ച് നോക്കുമ്പോള്‍ മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള സിംഗിളുകളില്‍ ഏറ്റവും ചെലവേറിയ  ഒന്നാണിത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഉള്‍പ്പെടെ സാങ്കേതിക മേഖലകളിലെല്ലാം ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ചവരാണ് ഒപ്പമുണ്ടായിരുന്നത്.

മനുഷ്യരുടെ ജീവിതം അപ്പാടെ മാറിപ്പോയ എട്ട് മാസങ്ങളാണ് കടന്നുപോയത്. മംമ്തയുടെ കൊവിഡ് കാലം ഇന്ത്യയിലും അമേരിക്കയിലുമായിട്ടായിരുന്നു. വ്യക്തിപരമായി ഈ സമയത്തിലൂടെ കടന്നുപോകുന്നതിന്‍റെ അനുഭവം എന്താണ്?

കൂടുതല്‍ സമയം കിട്ടി എന്നതാണ് പ്രത്യേകതയായി തോന്നിയ ഒരു കാര്യം. കൊച്ചിയില്‍ വീടുപണി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ലോക്ക് ഡൗണ്‍ ആയത്. ചുവരൊക്കെ ഞാന്‍ തന്നെയാണ് പെയിന്‍റ് ചെയ്തത്. അച്ഛനും അമ്മയ്ക്കുമൊപ്പം എത്രയോ കാലത്തിനു ശേഷമാണ് ഞാന്‍ ഇത്രയും സമയം ചിലവഴിക്കുന്നത്. മനോഹരമായ 65 ദിവസങ്ങളായിരുന്നു അത്. എയര്‍ ഇന്ത്യയുടെ ഇവാക്വേഷന്‍ ഫ്ളൈറ്റിലെ യാത്രയായിരുന്നു മറ്റൊരു അനുഭവം. ഇവിടുന്ന് ദില്ലിക്ക് പോയി അവിടുന്നാണ് ഷിക്കാഗോയിലേക്ക് പോയത്. അതൊരു വിചിത്രമായ യാത്രയായിരുന്നു. രണ്ടിരട്ടി തുകയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെക്കുറിച്ചും മറ്റു മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ടെര്‍മിനലിലൊക്കെ അനൗണ്‍സ്‍മെന്‍റുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഫ്ലൈറ്റിനകത്ത് വന്‍ തിരക്കായിരുന്നു! എനിക്ക് വലിയ പരാതിയുണ്ടായിരുന്നു ആ സമയത്ത്. നമ്മള്‍ കൊടുക്കുന്ന നികുതിയ്ക്കൊന്നും ഒരു വിലയുമില്ലല്ലോ എന്ന് തോന്നി. ലോസ് ഏഞ്ചല്‍സില്‍ എത്തിയപ്പോള്‍ അമേരിക്കയുടെ കൊവിഡ് കൈകാര്യം ചെയ്യല്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത്ര മോശമായി തോന്നിയില്ല. ഒന്നാമത് ഇവിടുത്തേതിനെ അപേക്ഷിച്ച് ജനക്കൂട്ടം വളരെ കുറവാണ്. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ അവിടെ ആയിരുന്നു. അവിടുത്തെ താമസസ്ഥലവും ഷിഫ്റ്റ് ചെയ്യണമായിരുന്നു. പിന്നീട് 'അണ്‍ലോക്ക്' എന്ന ഒരു സിനിമയുടെ തിരക്കഥ കേട്ടു. അത് വളരെ ഇഷ്ടപ്പെട്ടു. കൊവിഡ് സമയത്ത് ചെയ്യാന്‍ പറ്റിയ ഒരു സിനിമയായി തോന്നി. കഴിഞ്ഞയാഴ്ച അതിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞു. 

mamtha mohandas exclusive interview

 

ഹരിഹരന്‍റെ 'മയൂഖ'ത്തിലൂടെ അരങ്ങേറ്റം കുറിച്ചിട്ട് 15 വര്‍ഷങ്ങള്‍ ആകുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ഗ്രാറ്റിറ്റ‍്യൂഡ് ആണ് തോന്നുന്നത്. വലിയ നന്ദി. ഞാന്‍ വിചാരിക്കാത്ത ഒരു കരിയറാണ് എന്നിലേക്ക് വന്നുചേര്‍ന്നത്. ആദ്യത്തെ ഒരു മൂന്നുനാല് വര്‍ഷം ഞാന്‍ ഈ കരിയറിലെ സീരിയസ് ആയി കണ്ടിരുന്നില്ല. അതും ഒരുപക്ഷേ നല്ലതിനുവേണ്ടി ആയിരുന്നു. വന്നുപെട്ടിടത്ത് വിജയിക്കണം എന്നൊരു ആലോചനയൊന്നും അന്ന് എനിക്കില്ലായിരുന്നു. കഠിനാധ്വാനം ചെയ്യണം എന്നുമാത്രം അറിയാമായിരുന്നു. ലഭിക്കുന്ന വേഷങ്ങള്‍ നന്നായി ചെയ്യണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവ വിജയം കാണുമോ, എത്തരത്തിലുള്ള ഒരു ആക്ടറായി മാറണം തുടങ്ങിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കരിയറിന്‍റെ തുടക്കകാലത്ത് എനിക്ക് വിജയങ്ങളും ഇല്ലായിരുന്നു. വിജയം വളരെ പതുക്കെയാണ് വന്നത്. മയൂഖം ഉള്‍പ്പെടെയുള്ള പല സിനിമകളും തീയേറ്ററുകളില്‍ വലിയ വിജയങ്ങള്‍ ആയിരുന്നില്ല. ബിഗ് ബി,  പാസഞ്ചര്‍ എന്നിവയാണ് ആദ്യകാലത്ത് ചെയ്ത സിനിമകളില്‍ വിജയം കണ്ടത്. പാസഞ്ചര്‍ കഴിഞ്ഞയുടന്‍ എന്‍റെ ആരോഗ്യം മോശമായി. ആ സമയത്താണ് സിനിമയെക്കുറിച്ച് കുറച്ചുകൂടി ഗൗരവത്തോടെ ആലോചിക്കുന്നത്. അതുവരെ സമീപിച്ചിരുന്നതുപോലെ പോര എന്ന് തോന്നി. ജീവിതത്തില്‍ സമയത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ ഒരു ഘട്ടം കൂടിയായിരുന്നു അത്. പക്ഷേ അപ്പോഴും എനിക്ക് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ 24ന്‍റെ പക്വതയൊന്നും അന്നത്തെ 24ന് ഇല്ല. ആരോഗ്യകാര്യത്തില്‍ രണ്ടാമതും മൂന്നാമതുമൊക്കെ തിരിച്ചടികള്‍ ലഭിച്ച സമയത്താണ് എന്നെപ്പറ്റിത്തന്നെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. എന്താണ് എന്‍റെ ശക്തിയെന്നും എന്താണ് എനിക്ക് വഴങ്ങുകയെന്നതുമൊക്കെ. ഇപ്പോള്‍ ധാരണകളുണ്ട്, എന്നാല്‍ വീഴ്ചകള്‍ വരുത്തില്ലെന്നല്ല. പുതിയ പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുമ്പോള്‍ അതിന്‍റെ വര്‍ക്കിംഗ് പാറ്റേണിനെക്കുറിച്ചൊക്കെ സങ്കല്‍പ്പങ്ങളുണ്ട്. ഒപ്പമുള്ളവരോട് വളരെ ട്രാന്‍സ്‍പെരന്‍റ് ആയി കമ്യൂണിക്കേറ്റ് ചെയ്ത് ജോലി ചെയ്യണമെന്നൊക്കെ. സിംപിള്‍ കണ്ടന്‍റ് ആണ് ഉണ്ടാക്കുന്നതെങ്കിലും അത് വളരെ ഓര്‍ഗനൈസ്‍ഡ് ആയിട്ടുവേണം ചെയ്യാനെന്നുണ്ട്. കടന്നുവന്നത് ഗംഭീരമായ 15 വര്‍ഷങ്ങള്‍ ആണെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

mamtha mohandas exclusive interview

 

'മയൂഖ'ത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസിലേക്ക് വരുന്നത് എന്താണ്?

ഹരിഹരന്‍ സാറിനെ ആദ്യം മീറ്റ് ചെയ്ത സമയമാണ് ഓര്‍മ്മ വരുന്നത്. കോഴിക്കോട് ആയിരുന്നു അത്. അച്ഛനും അമ്മയും ഞാനും കൂടിയാണ് ബാംഗ്ലൂരില്‍ നിന്ന് സാറിനെ കാണാനായി എത്തിയത്. സര്‍ഗം സിനിമ ഞാന്‍ കുറേത്തവണ കണ്ടിട്ടുള്ളതാണ്, അതില്‍ സംഗീതത്തിനുള്ള പ്രാധാന്യം കൊണ്ട്. കര്‍ണാടിക് സംഗീതം പഠിക്കാനുള്ള കാരണം തന്നെ സര്‍ഗത്തിലെ പാട്ടുകളായിരുന്നു. ആ സിനിമയുടെ സംവിധായകനെ ഒന്നു കാണാമല്ലോ  എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനുമമ്മയും നില്‍ക്കുകയായിരുന്നു, പക്ഷേ ഞാന്‍ അദ്ദേഹത്തിന്‍റെ മുന്നിലുള്ള ഒരു കസേരയില്‍ ഇരുന്നു. ക്രോസ് ലെഗ്ഗ്ഡ് ആയിട്ടാണ് ഇരുന്നത്. അങ്ങനെ ഒരുപക്ഷേ ആരും ഇരുന്നുകാണില്ല. 400 പെണ്‍കുട്ടികളെയോ മറ്റോ ഓഡിഷന്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. 'ഷോ സം റെസ്പെക്റ്റ്' എന്നൊക്കെ അമ്മ പറയുന്നുണ്ടായിരുന്നു. പക്ഷേ ഇതാണ് ഞാന്‍, എന്നെ അങ്ങനെതന്നെ കണ്ടോട്ടെ എന്ന ഭാവമായിരുന്നു എനിക്ക്. 'സര്‍, സര്‍ഗം വാസ് ഓസം, ഞാന്‍ ആ സിനിമയിലെ പാട്ടുകളുടെ ഫാന്‍' ആണെന്നും ഞാന്‍ ഹരിഹരന്‍ സാറിനോട് പറഞ്ഞു. 'ഓ, താങ്ക്യൂ' എന്ന് മാത്രമായിരുന്നു സാറിന്‍റെ മറുപടി. അടുത്തുനിന്ന സഹായിയോട് സാര്‍ അപ്പോള്‍ പറഞ്ഞു, ഫോട്ടോഗ്രാഫറെ വിളിച്ച് ഇവളുടെ രണ്ടുമൂന്ന് പടം എടുത്ത് നോക്കാന്‍. ഫോട്ടോ എടുക്കുന്നതിന് മുന്‍പ് കഥയൊന്ന് പറയാന്‍ ഞാന്‍ പറഞ്ഞു. കഥയൊക്കെ പിന്നെ പറയാം, ആദ്യം പടമെടുക്കട്ടെ എന്ന് സാറും പറഞ്ഞു. അപ്പോള്‍ അച്ഛന്‍ ഇടപെട്ട് പറഞ്ഞു, സാറൊന്നും വിചാരിക്കരുത്, മംമ്ത പുറത്ത് വളര്‍ന്നതുകൊണ്ട് ഇങ്ങനെയൊക്കെയാണെന്ന്. തിരിച്ച് ബാംഗ്ലൂര് പോയതിനുശേഷം പലപ്പോഴും കോള്‍ വന്നു. ആദ്യമൊന്നും ഫോണ്‍ എടുത്തില്ല. അവസാനം സെറ്റില്‍ ചെന്നപ്പോള്‍ സാര്‍ പറഞ്ഞു, നിന്‍റെ ആ ഇരുത്തം കണ്ടപ്പോഴേ ഞാന്‍ തീരുമാനിച്ചിരുന്നു നീയാണ് ഇന്ദിരയെന്ന്. 

ഹരിഹരന്‍, അമല്‍ നീരദ്, സത്യന്‍ അന്തിക്കാട്, ശ്യാമപ്രസാദ്, ജീത്തു ജോസഫ്, കമല്‍, വേണു തുടങ്ങിയ മുന്‍നിര സംവിധായകര്‍ക്കൊപ്പവും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഫിലിമോഗ്രഫിയില്‍ പൂര്‍ണ്ണ തൃപ്തിയാണോ?

ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് ചില മികച്ച അവസരങ്ങള്‍ വേണ്ടെന്നുവെക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ എനിക്കതില്‍ നഷ്ടബോധമൊന്നുമില്ല. എനിക്ക് പറഞ്ഞിട്ടുള്ളത് എനിക്ക് കിട്ടും എന്നാണ് വിശ്വാസം. അതേസമയം പകുതി ആരോഗ്യം വച്ച് ചില സിനിമകള്‍ ചെയ്തിട്ടുണ്ട്, അവ വിജയം നേടിയിട്ടുമുണ്ട്. കഥ തുടരുന്നു, അന്‍വര്‍ എന്നീ സിനിമകള്‍ രോഗത്തില്‍ നിന്നും പൂര്‍ണ്ണമായും തിരിച്ചുവരുന്നതിനു മുന്‍പ് ചെയ്ത സിനിമകളാണ്. നഷ്ടപ്പെടുത്തിയ ചില അവസരങ്ങളോട് യെസ് പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ കരിയര്‍ തന്നെ മറ്റൊരു രീതിയില്‍ പോയേനെ. ചെയ്യുന്നതിനേക്കാള്‍ വലിയ സിനിമകളായേനെ ഇപ്പോള്‍ ചെയ്യുമായിരുന്നത്. അതേസമയം ഇപ്പോള്‍ എന്താണോ, എവിടെയാണോ അതില്‍ തീര്‍ച്ഛയായും സന്തോഷവതിയാണ്.  

mamtha mohandas exclusive interview

 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വ്യക്തിപരമായ പരീക്ഷണങ്ങളിലൂടെയൊക്കെ കടന്നുപോയി. സിനിമ ഒരു സോഴ്സ് ഓഫ് ഇന്‍സ്പിരേഷന്‍ ആയിരുന്നോ?

രോഗത്തോട് പൊരുതാന്‍ ഏറ്റവുമധികം പ്രേരിപ്പിച്ചത് എന്‍റെ കുടുംബത്തിന്‍റെ സ്നേഹമാണ്. ഞാന്‍ ഒരു മകള്‍ മാത്രമാണ് അവര്‍ക്ക്. ഞാനില്ലാതെ അവര്‍ ജീവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണ്. രണ്ട് ഗംഭീര മനുഷ്യരാണ് അച്ഛനും അമ്മയും. എനിക്ക് പകരം മറ്റൊരു മകനോ മകളോ അവര്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്നുപോയേനെ. ആ സാഹചര്യങ്ങളിലൊന്നും സിനിമ ഒരു ഇന്‍സ്പിരേഷന്‍ ആയിരുന്നില്ല, മറിച്ച് ഒരു ചാലഞ്ച് ആയിരുന്നു. മലയാളത്തില്‍ ആദ്യമായി എനിക്കൊരു സ്വീകാര്യത നേടിത്തന്നത് 'പാസഞ്ചര്‍' ആയിരുന്നു. പാസഞ്ചറിന്‍റെ റിലീസും എന്‍റെ കാന്‍സര്‍ പരിശോധനയും ഒരേസമയത്തായിരുന്നു. പാസഞ്ചറിനു പിന്നാലെ നാല് സിനിമകള്‍ ഞാന്‍ സൈന്‍ ചെയ്തിരുന്നു. അത് നാലും എനിക്ക് ഒഴിവാക്കേണ്ടിവന്നു. എന്‍റെ രോഗത്തെപ്പറ്റി സിനിമയില്‍ ആദ്യമായി ഒരാളോട് ഞാന്‍ പറയുന്നത് കമല്‍ സാറിനോടാണ്. 'ആഗതന്‍' എന്ന സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍. ആ സിനിമയുടെ ഷൂട്ടിന് അപ്പോള്‍ 15 ദിവസമേ ഉണ്ടായിരുന്നുള്ളൂ. 

എന്നില്‍ നിന്നും ദുരഭിമാനം എടുത്തുകളഞ്ഞ ഒരു അസുഖം കൂടിയാണ് ഇത്. കീമോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള ഒരു ജോലി ചിലപ്പോള്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ ഒരു ആക്ടര്‍ക്ക് അത് പറ്റില്ലല്ലോ. ക്യാമറയുടെ മുന്നില്‍ നമുക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. ആ വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി ആയിരുന്നു. ആറ് മാസം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. അപ്പോഴത്തെ എന്നെ കാണാന്‍ ഇതുപോലെയല്ല. എങ്ങനെ എന്നെ ഞാന്‍ തിരിച്ചുകൊണ്ടുവരും? സിനിമയിലെ വിജയം അറിഞ്ഞുതുടങ്ങുമ്പോഴേക്കാണ് എന്നെ ഈ അസുഖം അടിച്ചിട്ടിരിക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഐസ്ക്രീം കൊടുത്തിട്ട് അത് കഴിക്കാന്‍ തുടങ്ങുമ്പോള്‍ പിടിച്ചുമേടിച്ച് ദൂരേക്ക് വലിച്ചെറിയുന്നതുപോലെയായിരുന്നു ആ അനുഭവം. അതുകൊണ്ട് തിരിച്ചുവന്നേ പറ്റൂ എന്ന് ഉണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ അതിന്‍റെ പിറകെയായിരുന്നു എന്‍റെ ഓട്ടം. അവസാനം കാന്‍സര്‍ എന്നില്‍ നിന്ന് എടുത്തത് എനിക്ക് തിരികെ തന്നു. ഇത്തരത്തില്‍ ഒരു അനുഭവത്തിലൂടെ കടന്നുപോയത് അഭിനയത്തെ ഗുണപരമായി സ്വാധീനിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. ഈ പരീക്ഷണം നേടിടേണ്ടിവന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രകാലം ഞാന്‍ സിനിമയില്‍ നിലനില്‍ക്കില്ലായിരുന്നു.

mamtha mohandas exclusive interview

 

ഇപ്പോള്‍ സിനിമ ഒരുപാട് മാറിയിട്ടുണ്ട്. സിനിമ പറയുന്ന രീതികള്‍ മാറിയിട്ടുണ്ട്. സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടാവുന്ന ഈ സമയത്തും എനിക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പറ്റുന്നുണ്ട്. 15 വര്‍ഷത്തോളം കരിയര്‍ മാത്രമല്ല, ആളുകളുടെ സ്നേഹം, സഹപ്രവര്‍ത്തകരുടെ ബഹുമാനം, അവരുടെ പിന്തുണ ഒക്കെ നിലനിര്‍ത്താന്‍ പറ്റി. ജീവിതവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പറ്റി. ആ ഊര്‍ജ്ജം എന്‍റെ ശരീരത്തിലുണ്ട് എന്നതാണ് ഏറ്റവും വലിയ നേട്ടം. 

ഇന്ന് സിനിമയുടെ പിന്നാലെയല്ല എന്‍റെ ഓട്ടം. പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ എന്‍റെ ഓട്ടം. കൈയ്യില്‍നിന്ന് പോയ വര്‍ഷങ്ങളുടെ ഊര്‍ജ്ജം എനിക്ക് ഇപ്പോഴാണ് കിട്ടുന്നത്. എന്‍റെ ഇരുപതുകള്‍ എനിക്ക് ഇപ്പോഴാണ് കിട്ടുന്നത്. ഇപ്പോള്‍ സിനിമ ഇന്‍സ്പയറിംഗ് ആണ്, തീര്‍ച്ഛയായിട്ടും. സിനിമ കാണിക്കുന്ന രീതികളും മാറിയിരിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വന്നിരിക്കുന്നു. സ്ത്രീകളുടെ കഥകള്‍ കുറച്ചുകൂടി ആഴത്തില്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കഥകള്‍ ഞങ്ങളുടേതായ രീതികളില്‍ പറയാനുണ്ട്. 'നന്മ' നിറഞ്ഞ അമ്മയും ഭാര്യയും എന്ന ക്ലീഷേ വിട്ടിട്ടുള്ള കഥാപാത്രങ്ങള്‍ മാറുന്ന സിനിമയില്‍ ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. ഇന്നത്തെ കാലത്തും സ്ക്രീനില്‍ ഉണ്ടാവുക, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാവുക എന്നതൊക്കെ വലിയ വിജയമാണ്. പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ വിചാരിക്കുന്നതുപോലെ മുന്നോട്ടുപോവുകയാണെങ്കില്‍ നല്ല കഥകളും നല്ല കഥാപാത്രങ്ങളെയുമൊക്കെ സ്ക്രീനില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രൊഡക്ഷനിലേക്ക് ഇറങ്ങണമെന്ന് ഒരു ആലോചന തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി.

മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്‍റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

കൊവിഡ് കാരണം പ്രീ-പ്രൊഡക്ഷന്‍ മാറ്റേണ്ടിവന്നെന്ന് പറഞ്ഞ ചിത്രം തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഒരു പുതിയ പ്രൊഡക്ഷന്‍ ഹൗസ് എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാക്റ്റിക്കലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സിനിമയാണ് അത്. ഒരു എന്‍റര്‍ടെയ്നര്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്. കൊറോണ കാലത്ത് മുഴുവന്‍ റിയലിസ്റ്റിക് സിനിമകള്‍ മാത്രം കണ്ട് കുറച്ചൊന്ന് ക്ഷീണമായി എന്ന് തോന്നുന്നു. പുതിയ പ്രോജക്ടുകള്‍ക്കുവേണ്ടിയുള്ള തിരക്കഥകള്‍ക്കായി നമ്മുടെ ടീം തന്നെ ശ്രമിക്കുന്നുണ്ട്. അതില്‍ രണ്ടെണ്ണം വളരെ ഭംഗിയായി വന്നിട്ടുണ്ട്. പുറത്തുനിന്നും തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്. ഏത് വച്ച് തുടങ്ങണമെന്ന ആലോചനയിലാണ്. അടുത്ത വര്‍ഷം ആദ്യം അനൗണ്‍സ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. 

mamtha mohandas exclusive interview

 

മംമ്തയുടെ വരാനിരിക്കുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമുള്ള ഒന്നാണ് ബിലാല്‍. കരിയറിന്‍റെ തുടക്കത്തിലെ ചിത്രങ്ങളില്‍ ഒന്നായിരുന്നല്ലോ ബിഗ് ബി. 13 വര്‍ഷത്തിനു ശേഷം അതിന്‍റെ സീക്വലില്‍ അഭിനയിക്കുന്നതിന്‍റെ എക്സൈറ്റ്മെന്‍റ് എന്താണ്? ത്രൂഔട്ട് വേഷമാണോ?

ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാല്‍. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ബിലാലില്‍ 13 വയസ് കൂടും. അങ്ങനെയാണ് അതിന്‍റെ ടൈം സ്പാന്‍ കണക്കാക്കിയിരിക്കുന്നത്. ഞാന്‍ അവതരിപ്പിക്കുന്ന റിമി ടോമി എന്ന കഥാപാത്രം ബിലാലിന്‍റെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോള്‍. മുന്‍പ് ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഇപ്പോള്‍ അവള്‍ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകന്‍ എന്ന കഥാപാത്രത്തെക്കാള്‍ സ്നേഹം റിമിക്ക് ആ കുടുംബത്തില്‍ ഇപ്പോള്‍ കിട്ടുന്നുണ്ട്. ഈ 13 വര്‍ഷം കൊണ്ട് സ്ത്രീസമൂഹത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടല്ലോ. ആ മാറ്റം ബിലാലിനെ സ്ത്രീകഥാപാത്രങ്ങളില്‍ ഉണ്ടാവും. ബിഗ് ബിയില്‍ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാന്‍ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ ആ ഗ്യാങ്ങിന്‍റെ ഭാഗം തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍, പക്വതയൊക്കെ എല്ലാവര്‍ക്കുംതന്നെ ഉണ്ടാവും. അതേ ആക്ടിവിറ്റീസ്, പക്ഷേ പുതിയ ഗ്യാങ്ങ് മെമ്പേഴ്സ്. എല്ലാവരും വെയ്റ്റ് ചെയ്യുകയാണ്. പക്ഷേ ഒരു വലിയ സിനിമയാണ്. കൊവിഡ് ഒക്കെ മാറിയാലേ അത് പ്രാക്റ്റിക്കല്‍ ആവൂ. 

ആക്ടേഴ്സില്‍ പലരും ഇന്ന് ഡയറക്ടേഴ്സുമാണ്. മംമ്തയെ സംബന്ധിച്ച് അങ്ങനെയൊരു ആഗ്രഹമുണ്ടോ?

ഭാവിയില്‍ ഒരുപക്ഷേ ചെയ്യുമായിരിക്കും. എന്‍റേതായ രീതിയില്‍ ചില സിനിമകളിലൊക്കെ ചില സീന്‍സ് ഞാന്‍ ഡയറക്ട് ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയമുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അനുഭവപരിചയമുള്ള അഭിനേതാക്കള്‍ ഒരു സ്പേസില്‍ വരുമ്പോള്‍ നമ്മള്‍ തന്നെ ആ സീന്‍ എക്സിക്യൂട്ട് ചെയ്യും ചിലപ്പോള്‍. ഫോറന്‍സിക്കിലെ ക്ലൈമാക്സ് രംഗങ്ങള്‍ ഞാന്‍ അങ്ങനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഡയറക്ഷന്‍ എന്നത് എന്നില്‍ നിന്ന് സ്വാഭാവികമായി വരുകയാണെങ്കില്‍ തീര്‍ച്ഛയായും ഞാന്‍ ചെയ്യും. പക്ഷേ സ്ക്രീന്‍ റൈറ്റിംഗ് എന്ന് പറയുന്നത് വികസിപ്പിച്ചെടുക്കണം. ഇത്രയും സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം സംവിധാനം ചെയ്യാന്‍ പറ്റും എന്ന അഹങ്കാരത്തോടെ ഞാന്‍ എന്തായാലും ഇറങ്ങില്ല. ഡയറക്ഷന് അതിന്‍റേതായ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും ഒക്കെയുണ്ട്. ഒരു തിരക്കഥാ രചയിതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. എഴുതണമെന്ന് സഹപ്രവര്‍ത്തകരില്‍ പലരും പറയാറുണ്ട്. പക്ഷേ അത് നേരത്തെ പറഞ്ഞതുപോലെ സ്വാഭാവികമായി സംഭവിക്കണം. സംവിധാനം ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ. പക്ഷേ അത് ചെയ്യണമെന്ന് തോന്നിയാല്‍ തീര്‍ച്ഛയായും ചെയ്യും. ഇനിയും അഭിനേതാക്കള്‍ സംവിധാനരംഗത്തേക്ക് വരുമെന്നും എനിക്ക് തോന്നുന്നു. പൃഥ്വി ആണ് അതിന്‍റെ വലിയൊരു ഉദാഹരണം. അദ്ദേഹത്തിനൊപ്പം അഭിനയിച്ച സിനിമകളില്‍ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിനോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രീകരണത്തിനിടെ പൃഥ്വി ചില സീനുകള്‍ ഏറ്റെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സംവിധായകന് പിന്നെ ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. 

mamtha mohandas exclusive interview

 

ഇലക്ഷന്‍ സമയത്തെ അമേരിക്കന്‍ അനുഭവം എങ്ങനെ ആയിരുന്നു?

രണ്ടാമത്തെ ഡിബേറ്റ് സമയം വരെയാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് ഇങ്ങോട്ട് വന്നു. ഡെമോക്രാറ്റുകള്‍ക്കായിരുന്നു എന്‍റെ മാനസികമായ പിന്തുണ. അതേസമയം പൂര്‍ണ്ണ ഡെമോക്രാറ്റ് സപ്പോര്‍ട്ടര്‍ എന്ന് പറയാമോ എന്നും അറിയില്ല. പക്ഷേ ട്രംപിനെയല്ല ഞാന്‍ പിന്തുണയ്ക്കുന്നതെന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ എങ്ങനെ വോട്ട് ചെയ്ത് പുറത്താക്കാം എന്നതായിരുന്നു ആലോചന. അത് എന്‍റെ സുഹൃത്തുക്കളിലൂടെ ഞാന്‍ ചെയ്തു. അമേരിക്കന്‍ സുഹൃത്തുക്കളൊക്കെ ബൈഡനാണ് വോട്ട് ചെയ്തത്. ഡെമോക്രാറ്റുകള്‍ ഇത്തവണ ജയിച്ചതില്‍ വലിയ സന്തോഷമുണ്ട്. കാരണം അതിന് സമയമായിരുന്നു. 

Follow Us:
Download App:
  • android
  • ios