KCF - 2 ന്റെ മ്യൂസിക് നന്നാക്കുക എന്നത് എന്റെ ഒരു ഉത്തരവാദിത്തം ആയിരുന്നു.മലയാളത്തിൽ ആദ്യമായി ഒരു ക്രൈം ത്രില്ലർ സീരീസ് വരുമ്പോൾ ഇന്റർനാഷണൽ ലെവലിലേക്കോ നാഷ്ണൽ ലെവലിലേക്കോ ഒക്കെയുള്ള പ്രേക്ഷകരെ കൂടി പരിഗണിച്ചാണ് ഞാൻ ഈ വർക്കിൽ ഭാഗമായിട്ടുള്ളത്.
കേരള ക്രൈം ഫയൽസ് ഒന്നാം സീസണിന് ശേഷം ഇപ്പോൾ രണ്ടാം സീസൺ എത്തിയിരിക്കുകയാണ്. ജൂണിനും മധുരത്തിനും ശേഷം അഹമ്മദ് കബീറിന്റെ സംവിധാനം, കിഷ്‌കിന്ധകാണ്ഡത്തിന് ശേഷം ബാഹുൽ രമേശിന്റെ പഴുതുകളടച്ച തിരക്കഥ, അതിനൊപ്പം ഹിഷാം അബ്ദുള്‍ വഹാബിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ കൂടെ കൂടിച്ചേരുമ്പോൾ അതിഗംഭീരമെന്ന് പറയാം. ആദ്യ സീസണിൽ നിന്ന് രണ്ടാം സീസണിൽ എത്തിയപ്പോൾ അതൊരു ഉത്തരവാദിത്തം കൂടിയായിയെന്ന് ഹിഷാം അദ്ബുൽ വഹാബ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
കെ സി എഫ് - 2
KCF-2 സീരീസിന് ഗംഭീര ഫീഡ്ബാക്ക് ആണ് കിട്ടുന്നത്. ഇത്രേയും പോസിറ്റീവായിട്ടുള്ള അഭിപ്രായം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇക്കാര്യത്തിൽ തീർച്ചയായും നന്ദി പറയേണ്ടത് ഡയറക്ടറായ അഹമ്മദ് കബീറിനോടാണ്. കാരണം ഞാൻ റൊമാന്റിക് മൂവീസിലും ഫീൽ ഗുഡ് മൂവിസിലും മാത്രമാണ് കൂടുതലായും വർക്ക് ചെയ്തിട്ടുള്ളത്. അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഇതുപോലൊരു വർക്ക് എനിക്ക് തന്നതിന് അദ്ദേഹത്തോട് നന്ദി പറയാതിരിക്കാനാവില്ല. ഇതുപോലൊരു ജോണറിൽ ഭാഗമാകാൻ പറ്റി, അതിനെ എല്ലാവരും ഒരുപോലെ അഭിനന്ദിക്കുന്നു എന്നതെല്ലാമാണ് വലിയ സന്തോഷം.

ഇമോഷണൽ ത്രില്ലറായ KCF - സീസൺ -2
സാധാരണ ത്രില്ലർ സിനിമകൾ എടുക്കുമ്പോൾ കഥാപാത്രങ്ങൾക്ക് വേണ്ടി തീം സെറ്റ് ചെയ്യും. അതുപോലെ മരണം തുടങ്ങിയ സിറ്റുവേഷൻസ് എടുക്കുമ്പോൾ അതിന് വേണ്ടി വേറെ ഒരു മ്യൂസിക് സെറ്റ് ചെയ്യും. വില്ലന്മാർക്ക് വേണ്ടി പിന്നെയും മറ്റൊരു മ്യൂസിക് സെറ്റ് ചെയ്യും. പൊതുവിൽ ത്രില്ലർ സിനിമകളുടെ രീതി ഇങ്ങനെയാണ്. പക്ഷേ ഈ സിനിമയിൽ അങ്ങനെയല്ല. ഇതിന്റെ തിരക്കഥ ചെയ്തിട്ടുള്ളത് കിഷ്‌കിന്ധകാണ്ഡം സിനിമയുടെ തിരക്കഥ ചെയ്ത ബാഹുൽ രമേശ് ആണ്. ബാഹുലിന്റെ സ്ക്രിപ്റ്റ് അനുസരിച്ചു വളരെ സട്ടിൽ ആയിട്ടുള്ള മ്യൂസിക് ആണ് വർക്കിന് ആവശ്യം വരുന്നത്. KCF -2 അവസാനിക്കുന്ന സമയത്ത് ക്ലൈമാക്സിൽ പോലീസ് ഓഫീസറും വില്ലനും ഒരു ചിരി ചിരിക്കുന്നുണ്ട്. അവിടെയാണ് മ്യൂസിക്കിന്റെ ഹൈ വരുന്നത്. ആ ഭാഗത്ത് മാത്രം ഹൈ വരണമെന്ന് സംവിധായകൻ ആദ്യം തന്നെ പറഞ്ഞിരുന്നു. ആ ഒരു കാര്യം ഉൾക്കൊണ്ടുകൊണ്ടാണ് ഫസ്റ്റ് എപ്പിസോഡ് മുതൽ ഞാൻ മ്യൂസിക് ചെയ്തു പോയിട്ടുള്ളത്. ഒരു സ്ഥലത്ത് പോലും ഹൈ കൊടുക്കാതെയാണ് അവസാനം വരെ കൊണ്ടുപോയിട്ടുള്ളത്. എങ്കിലേ അവസാനത്തെ ഹൈ വേണ്ടപോലെ എഫ്ക്റ്റീവ് ആകൂ. അതുതന്നെയായിരുന്നു ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. കാരണം മറ്റു ത്രില്ലർ സിനിമകളിൽ എല്ലാം കഥയുടെ കൂടെ തന്നെ ഹൈ മ്യൂസിക് കൂടി കൊടുക്കുമ്പോഴാണ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇതിൽ
പെറ്റ്സിന് വേണ്ടി പ്രത്യേക പരിഗണന
എന്നെ സംബന്ധിച്ചിടത്തോളം ഈ സീരിസ് എനിക്ക് ഒരു സെൽഫ് എക്സ്പ്ലോറേഷൻ കൂടിയായിരുന്നു. അതായത് ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് മുതൽ മൂന്നാമത്തെ എപ്പിസോഡ് വരേയ്ക്കും കഥ പതുക്കെയാണ് പോകുന്നത്. ഇന്ദ്രൻസ് ചേട്ടൻ ചെയ്യുന്ന അമ്പിളി രാജു എന്ന കഥാപാത്രം എവിടെയാണെന്നുള്ള തിരച്ചിലാണ് അതുവരെയ്ക്കും ഉള്ളത്. നാലാമത്തെ എപ്പിസോഡ് മുതലാണ് അമ്പിളി രാജുവിന്റെ തിരച്ചിൽ എന്ന ചിന്ത മാറ്റുന്നത്. അവിടുന്ന് അങ്ങോട്ടാണ് കഥയിലേക്ക് നമ്മൾ ഇറങ്ങുന്നത്. അവിടുന്ന് അങ്ങോട്ട് പ്രേക്ഷകരെ പേടിപ്പിക്കാൻ പറ്റുന്ന ഒരാൾ അതിൽ ഉണ്ട് എന്നുള്ള ഫീൽ കൊണ്ടുവരണം. അതിന്റെ കൂടെ തന്നെ പെറ്റ്സിന്റെ പ്രാധാന്യം കാണിക്കണം. പെറ്റ്സ് മൂലം സൈക്കിക്ക് ആവുന്ന കഥാപാത്രത്തെ കാണിക്കണം. ആ സൈക്കിക്ക് കൊണ്ടുവരാനാണ് എനിക്ക് ബുദ്ധിമുട്ട്. കാരണം ആ സൈക്കിക്ക് കഥാപാത്രം കരയുന്ന സീൻ ഉണ്ട്. എന്നാൽ കരയുമ്പോൾ തന്നെ അയാളെ ഗ്ലോറിഫൈ ചെയ്യാനും പാടില്ല. എന്നാൽ അയാളുടെ ട്രോമയും കാണിക്കണം. അതിൽ എന്റെ ഉത്തരവാദിത്വം എന്ന് പറയുന്നത് ആ കഥാപാത്രത്തിന്റെ ഇമോഷണൽ സൈഡ് കുറച്ചു കൂടുതലായിട്ട് അണ്ടർ ലൈൻ ചെയ്യുക, അതേസമയത്തു ഗ്ലോറിഫൈ ചെയ്യാതെ കാര്യങ്ങളെ മ്യൂസിക്കിലേക്ക് എത്തിക്കുക എന്നുള്ളതാണ്. അത് ചെയ്തെടുക്കാൻ കുറച്ചു പണിപെട്ടു. അതുപോലെ തന്നെ അർജുൻ ചെയ്ത നോബിൾ എന്ന കഥാപാത്രത്തിന് തിരിച്ചറിവ് വരുന്ന ചില രംഗങ്ങൾ ഒക്കെ സീരീസിൽ ഉണ്ട്. ആ ഘട്ടത്തിലെല്ലാം ഞാൻ അയാളെ അണ്ടർലൈൻ ചെയ്യുന്ന വിധത്തിലുള്ള മ്യൂസിക് കൊടുത്തിട്ടുണ്ട്.

6 മാസത്തെ വർക്ക്
KCF - 1 ഇവിടുത്തെ ആദ്യത്തെ ക്രൈം സീരീസ് ആണ്. അതിനുമുൻപിവിടെ അങ്ങനെ ഒരു വർക്ക് വന്നിട്ടില്ല. അതുകൊണ്ട് നമുക്ക് കൂടുതൽ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷേ KCF-2 അങ്ങനെയല്ല. തൊട്ടുമുമ്പ് ചെയ്ത് വിജയിപ്പിച്ച ഒരു വർക്കുണ്ട് മുൻപിൽ.ആ വർക്കിലെ കഥാപാത്രങ്ങളും വരുന്നുണ്ട്. അതോടൊപ്പം ഇമോഷണൽ സൈഡ് കൂടി കാണിക്കണം. അതുകൊണ്ട് തന്നെ ഒരു ആറു മാസത്തോളം വർക്ക് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും നാലാമത്തെയും ആറാമത്തെയും എപ്പിസോഡിന് വേണ്ടിയാണ് കൂടുതൽ സമയം മാറ്റിവെച്ചത്. പട്ടിയും കുട്ടിയും തമ്മിലുള്ള ഇമോഷൻസിനെ രജിസ്റ്റർ ചെയ്യുന്നത് ഒരു വയലിനാണ്. ആ വയലിന്റെ തീം വായിച്ചത് ഗോവിന്ദ് വസന്തയാണ്. ആളോട് പ്രത്യേകം നന്ദിയുണ്ട്. വേറൊരു മ്യൂസിക് ഡയറക്ടറിനു വേണ്ടി മറ്റൊരു മ്യൂസിക് ഡയറക്ടർ വന്ന് മ്യൂസിക് വായിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.ഞാൻ ട്യൂൺ ചെയ്തത് ഗോവിന്ദ് അതുപോലെയങ് വായിച്ചു.
തയ്യാറെടുപ്പുകൾ
KCF - 2 ന്റെ മ്യൂസിക് നന്നാക്കുക എന്നത് എന്റെ ഒരു ഉത്തരവാദിത്തം ആയിരുന്നു.മലയാളത്തിൽ ആദ്യമായി ഒരു ക്രൈം ത്രില്ലർ സീരീസ് വരുമ്പോൾ ഇന്റർനാഷണൽ ലെവലിലേക്കോ നാഷ്ണൽ ലെവലിലേക്കോ ഒക്കെയുള്ള പ്രേക്ഷകരെ കൂടി പരിഗണിച്ചാണ് ഞാൻ ഈ വർക്കിൽ ഭാഗമായിട്ടുള്ളത്. അവർക്ക് നമ്മളിൽ നിന്ന് കൂടി റഫറൻസ് എടുക്കാൻ പറ്റുന്ന വർക്ക് ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ ഒരു ആഗ്രഹത്തിലാണ് ഞാനിതിന്റെ സ്കോർ ചെയ്തത്. എല്ലാ ഭാഷകാർക്കും ആസ്വദിക്കാൻ പറ്റണം എന്നായിരുന്നു ചിന്ത. സീസൺ 1ൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് സീസൺ 2 വിലുള്ള സൗണ്ടിങ്. പിന്നെ എല്ലാ വെബ് സീരീസിന്റെയും ഓരോ എപ്പിസോഡും കഴിയുമ്പോൾ അടുത്ത എപ്പിസോഡ് കാണണമെന്നുള്ള താൽപര്യം പ്രേക്ഷകർക്ക് വരണം. ഈ വർക്കിലും അഹമ്മദ് കബീർ അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. കാണുന്ന പ്രേക്ഷകർക്ക് അടുത്ത എപ്പിസോഡിലേക്ക് പോകാനുള്ള താല്പര്യം വരും. ഓരോ എപ്പിസോഡിന്റെയും അവസാനത്തെ 15 സെക്കൻഡ് ൽ ഞാൻ മ്യൂസിക്കിലും ചില ഹൈ പരിപാടികൾ ഒക്കെ ചെയ്തിട്ടുണ്ട്.


