ഒരു നടനെ സംബന്ധിച്ചിടത്തോളം എല്ലാവിധ വെല്ലുവിളിയും ഏറ്റെടുത്തു കഥാപാത്രത്തെ ചെയ്യുക, അത് ജനങ്ങൾ അംഗീകരിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ നരിവേട്ട നിരൂപക പ്രശംസകൾ അടക്കം നേടി പ്രദർശനം തുടരുകയാണ്. ടൊവിനോയ്ക്ക് ഒപ്പം തന്നെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടുന്നുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് താമി. നടൻ പ്രണവ് ആണ് ഈ വേഷം വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ട്രാക്കിലെത്തി, പിന്നീട് മലയാളത്തിലും തമിഴിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആളാണ് പ്രണവ്. ഈ കാലത്തിനിടയ്ക്ക് നരിവേട്ടയിലെ താമിയാണ് തനിക്കൊരു ഐഡന്റി നൽകിയതെന്ന് പറയുകയാണ് പ്രണവ് ഇപ്പോൾ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടന്റെ പ്രതികരണം.

നരിവേട്ട തരുന്ന സന്തോഷങ്ങൾ 

ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് എവിടെയെങ്കിലും എത്തിപ്പെടണം, ജനങ്ങൾ നമ്മളെ തിരിച്ചറിയണം എന്നുള്ള ആഗ്രഹം വലുതായിരുന്നു. ആ നിലയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ ആ ആഗ്രഹം കൃത്യമായി സംഭവിക്കുന്നത് നരിവേട്ടയിലൂടെയാണ്. തിയേറ്ററിനകത്ത് നമ്മുടെ കഥാപാത്രത്തിന് കിട്ടുന്ന കയ്യടി എത്രയോ അവാർഡുകളെക്കാളും വലുതായിട്ടുള്ള കാര്യമാണ്. ഈ സന്തോഷം ഒക്കെ ഒരുപാട് കഷ്ടപ്പാടിന്റെ ഭാഗമായി സംഭവിച്ചതാണ്.

താമി അല്പം സ്പെഷ്യലാണ്

നരിവേട്ടയിലെ താമി എന്ന കഥാപാത്രം ദൈവമായി കൊണ്ടുവന്ന ഒരവസരമായാണ് ഞാൻ കണുന്നത്. താമിക്ക് വേണ്ടി ഒരുപാട് പേരെ ഓഡിഷൻ ചെയ്തിരുന്നെങ്കിലും ആ കഥാപാത്രത്തിന് ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. അതിനിടയിൽ നിന്നാണ് ആ കഥാപാത്രം എനിക്ക് കിട്ടുന്നത്. പിന്നെ പച്ചയായ വളരെയധികം നിഷ്കളങ്കമായ ജീവിതം ജീവിക്കുന്ന കുറെയധികം ജനങ്ങളുടെ ജീവിതം ഈ കഥാപാത്രത്തിലൂടെ എനിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റി. അതുകൊണ്ടുതന്നെ ഈ കഥാപാത്രം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും. ഞാനാണെങ്കിൽ പരമാവധി താഴെക്കിടയിലുള്ള ആളുകളുമായി ഇടപഴകുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഈ കഥാപാത്രം ചെയ്യാനും എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. ശരീരഭാഷ കൊണ്ടും അഭിനയം കൊണ്ടും ആ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ആ വ്യക്തിത്വത്തിലേക്ക് പൂർണമായിട്ട് കടന്നു ചെല്ലുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ടാസ്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവിതമൊക്കെ പഠിക്കാൻ വേണ്ടി ഷൂട്ടിന് ഒരു മൂന്നാഴ്ച മുൻപ് ഞാൻ യഥാർത്ഥ ട്രൈബ്‌സിന് ഇടയിൽ പോയി താമസിച്ചു. അവിടെയുള്ള പ്രസാദ് എന്ന വ്യക്തിയാണ് അവിടത്തെ ലൈഫ്, ഭാഷ ഒക്കെ എന്നെ പഠിപ്പിച്ചത്. അതോടൊപ്പം സംവിധായകനും എഴുത്തുകാരനും എല്ലാം എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. കൂടാതെ എന്റെ കൂടെ അഭിനയിക്കുന്ന ഒരു നായയുമായി നന്നായി അടുക്കാനും മൂന്നാഴ്ച മുൻപേ തന്നെ ഞാൻ ശ്രമിച്ചിരുന്നു. അതോടൊപ്പം യൂട്യൂബിൽ നിന്നും മുത്തങ്ങ സംഭവത്തെക്കുറിച്ച് കുറെ റഫറൻസ് എടുത്തു. കഥാപാത്രത്തിന്റെ മീറ്റർ മാത്രമാണ് ഷൂട്ട് സമയത്ത് സംവിധായകൻ ക്ലിയർ ചെയ്തു തന്നത്. ബാക്കിയെല്ലാം ഷൂട്ടിന് മുൻപേ തന്നെ സെറ്റ് ആയിരുന്നു.

Narivetta Official Trailer | Tovino Thomas | Suraj Venjaramoodu | Anuraj Manohar

താമിയിലേക്കുള്ള മെയ്ക്ക് ഓവർ 

സിനിമയുടെ മേക്കപ്പ് അമൽ ചന്ദ്രൻ ആയിരുന്നു. മേക്കപ്പിലൂടെ തന്നെ ആ കഥാപാത്രമായി എന്നെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൃത്രിമമായി പല്ലിൽ കറ കൊണ്ടുവന്നു. അതുപോലെ ഇടയ്ക്ക് മുറക്കാൻ ഒക്കെ വാങ്ങിച്ചു ഞാൻ മുറുക്കുമായിരുന്നു. വസ്ത്രാലങ്കാരം ചെയ്തത് അരുൺ മനോഹറാണ്. അതും പെർഫെക്ട് ആയിരുന്നു. അതുപോലെ ഓരോ ഡിപ്പാർട്ട്മെന്റും കൂടെ നിന്നതു കൊണ്ടാണ് ആ കഥാപാത്രം നന്നായി ചെയ്യാൻ പറ്റിയത്. പിന്നെ ലൊക്കേഷൻ നമുക്ക് മുത്തങ്ങയുടെ ആ ഒരു ഫീലാണ് തരുന്നത്. അതും കൂടി ആയി കഴിഞ്ഞാൽ കഥാപാത്രത്തിലേക്ക് കയറുക എന്നത് എളുപ്പമായി. 

സോഷ്യൽ മീഡിയയിൽ തരംഗമായി താമി 

അത്തരത്തിലുള്ള ചില പോസ്റ്റുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ടൊവിനോ ചേട്ടൻ ചെയ്ത വർഗീസിനെക്കാൾ കൂടുതലായി താമിയാണ് പ്രേക്ഷകരിലേക്ക് എത്തിയതെന്ന്. നമ്മുടെ കഥ ഡിമാൻഡ് ചെയ്യുന്ന വഴിയിൽ കൂടി പോയതുകൊണ്ടാണ് ആ കഥാപാത്രം ഒരുപക്ഷേ പ്രേക്ഷകരിലേക്ക് എത്തിയത്. പക്ഷേ ടൊവിനോ ചേട്ടൻ ഇല്ലെങ്കിൽ ഈ പടം കാണാൻ ആളുകൾ കയറുമോ എന്ന് പോലും സംശയമാണ്. അദ്ദേഹത്തെ കാണാനാണ് ആളുകൾ തിയേറ്ററിൽ വരുന്നത്. പക്ഷേ വന്നതിനുശേഷം ആണ് ഇതുപോലെ ജീവനുള്ള ഒരു സിനിമ എല്ലാവരും ഏറ്റെടുത്തത്.

ടൊവിനോടൊപ്പമുള്ള അനുഭവം 

ഒരുപാട് സ്ട്രഗിൾ ചെയ്ത് സിനിമയിലെത്തിയ ആളാണ് ടൊവിനോ ചേട്ടൻ. ഞാനും അതുപോലെ തന്നെയാണ്. അത്തരം ഒരു നടന്റെ കൂടെ നമുക്ക് സ്ക്രീൻസ്‌പേസ് ഒരുപാട് കിട്ടുക, നന്നായി പെർഫോം ചെയ്യാൻ പറ്റുക എന്നതൊക്കെ ഭാഗ്യമാണ്. മാത്രമല്ല ഓൺ സ്ക്രീനിൽ കാണുന്ന ടൊവിനോ ചേട്ടനും ഓഫ്സ്‌ക്രീനിൽ കാണുന്ന ചേട്ടനും തമ്മിൽ ഒരു വ്യത്യാസവുമില്ല. അത്രയും നല്ല രീതിയിൽ മറ്റുള്ളവരോട് ഇടപഴകുന്ന ആളാണ് അദ്ദേഹം. അത്രയ്ക്കധികം സപ്പോർട്ടുമാണ്.

Vaada Veda Promo Song | Narivetta | Ft. Jakes Bejoy & Vedan | Tovino Thomas

നിസ്സഹായനായ താമി 

നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഒത്തിരി പേര് താമിയെ പോലെ നിസ്സഹായരായി ജീവിക്കുന്നുണ്ട്. പ്രതികരിക്കാനുള്ള ആത്മധൈര്യം ഉണ്ടെങ്കിൽ പോലും പ്രതികരിക്കാൻ കഴിയാതെ പോകുന്ന ആളുകൾ. അത്തരത്തിലുള്ള അവസ്ഥയാണ് ഈ സിനിമയിലും കാണിച്ചിട്ടുള്ളത്. ഇത്തരം കമ്മ്യൂണിറ്റിയിൽ ജീവിക്കുന്ന ആളുകൾക്ക് പുറത്തുള്ള ജനങ്ങളെ കണ്ടാൽ മിണ്ടാൻ പോലും പേടിയാണ്. അവർ കളങ്കമില്ലാത്ത മനുഷ്യരാണ്. പക്ഷെ അവരെ മനുഷ്യരായി പോലും പലരും കാണാത്തത് എന്താണെന്നാണ് എനിക്ക് മനസിലാകാത്തത്.

ആക്ഷൻ സീക്വൻസിന് വേണ്ടിയുള്ള തയ്യാറെടുപ്പ്

ഏറ്റവും പ്രയാസമുള്ള ഒന്നാണ് ഫൈറ്റ്. ഓപ്പോസിറ്റ് നിൽ`ക്കുന്നത് ടൊവിനോ ചേട്ടൻ ആയത് കാരണം അദ്ദേഹത്തിന് പരിക്കുകൾ പറ്റരുത് എന്ന നിർബന്ധം എനിക്കുണ്ട്. അതിന് ഫൈറ്റ് മാസ്റ്റർ ഒരുപാട് സഹായിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ പ്രതിരോധമാണ് എന്റെ ഫൈറ്റിന് വേണ്ടി കമ്പോസ് ചെയ്തിട്ടുള്ളത്. അതായത് മാസ്സീവ് എലമെന്റ്സിന് പകരം ജീവനുള്ള ഫൈറ്റാണ് ഉപയോഗിച്ചത്.

സിനിമയിലെ വർണ്ണ വിവേചനവും ജാതീയതയും 

ഒരു മനുഷ്യൻ എന്ന നിലയിൽ ഈ ലോകത്ത് എത്ര കാലം നമ്മൾ ജീവിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അത് ഉൾക്കൊണ്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കൊക്കെ ഉള്ളൂ. പക്ഷെ അതിന് കഴിയാത്ത ആളുകളാണ് ഇത്തരം വിവേചനങ്ങൾ ഇപ്പോഴും കാണിക്കുന്നത്. പക്ഷേ വേടനെ പോലെയുള്ള പുതിയ തലമുറയിലെ ആളുകൾ മുന്നോട്ട് വരുമ്പോൾ അത് മാറുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സിനിമ കണ്ടിട്ട് ഇതുപോലുള്ള ഒരു വ്യക്തി എങ്ങനെയാണ് സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള മനുഷ്യർ ഒക്കെ സിനിമയിലേക്ക് വരാമോ എന്നൊന്നും ചിന്തിക്കരുത്. എല്ലാവരും പരസ്പരം സ്നേഹിക്കുക, പരസ്പരം സഹകരിക്കുക എന്നൊക്കെയാണ് ഞാൻ ആഗ്രഹിക്കുന്നത്. 

നരിവേട്ടക്ക് മുൻപും ശേഷവും 

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട വാർത്ത സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ കേൾക്കുന്നത്. അതിനുശേഷം ഇതുപോലെ ഓരോ വിഷയങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇതൊക്കെ നമ്മുടെ മനസ്സിൽ എവിടെയോ അടിഞ്ഞുകൂടും. പക്ഷെ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാൻ ആരുമുണ്ടാകില്ല. അങ്ങനെ നമ്മൾ അത് മറന്നുപോകും. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ ടാഗ് ലൈൻ അങ്ങനെയായത്, 'മറവികൾക്കെതിരായ ഓർമ്മകളുടെ പോരാട്ടം'. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം സിനിമയ്ക്ക് മുൻപും സിനിമയ്ക്ക് ശേഷവും ഞാൻ ഒരു പോലെയാണ്. അന്നും ഇന്നും സാധാരണക്കാരുമായി ഇടപെടുന്ന ഒരാളാണ് ഞാൻ. പിന്നെ ഇതുപോലെയുള്ള സിനിമ കിട്ടിയപ്പോൾ എനിക്ക് ഇത്തരം വിഷയങ്ങൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ കഴിഞ്ഞു. അതോടൊപ്പം ട്രൈബ്സ് തന്ന പിന്തുണ മറക്കാൻ പറ്റില്ല. ഒരു ആക്ടിംഗ് വർക്ക്ഷോപ്പിലും പോയാൽ പോലും ഈ കഥാപാത്രം എനിക്ക് ഇത്രക്ക് പെർഫെക്റ്റ് ആക്കാൻ കഴിയില്ല. അതിനുള്ള ഒറ്റ കാരണം അവർ തന്ന പിന്തുണയാണ്. പിന്നെ പണിയ ഭാഷ പഠിച്ചെടുക്കുക എന്നെ സംബന്ധിച്ച് എന്റെ മുന്നിലുള്ള മറ്റൊരു ചാലഞ്ചായിരുന്നു. അവിടെയുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് അതെനിക്ക് നന്നായി അവതരിപ്പിക്കാൻ സാധിച്ചത്. അവിടെയുണ്ടായ ചെറിയ കുഞ്ഞുങ്ങൾ വരെ അതിന് എന്നെ സഹായിച്ചിട്ടുണ്ട്. 

സിനിമയിലെ വെല്ലുവിളി 

ഒരു നടനെ സംബന്ധിച്ചിടത്തോളം എല്ലാവിധ വെല്ലുവിളിയും ഏറ്റെടുത്തു കഥാപാത്രത്തെ ചെയ്യുക, അത് ജനങ്ങൾ അംഗീകരിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. പിന്നെ ഈ സിനിമയിൽ എന്റെ വെല്ലുവിളികൾ ഞാൻ ഏറ്റെടുക്കുകയായിരിന്നു. സിനിമയ്ക്ക് വേണ്ടി മരം കയറാൻ പഠിപ്പിച്ചതൊക്കെ അവിടെയുള്ള ചേട്ടന്മാരാണ്.

അനുരാജ് മനോഹർ എന്ന സംവിധായകൻ 

നമ്മളെ രസിപ്പിക്കാൻ കഴിയുന്ന ഒന്നാണ് കല എന്ന് പറയുന്നത്. ഒരു കല എന്ന നിലയോളം തന്നെ മനോഹരമായിരിക്കണം ഒരു മനുഷ്യൻ എന്ന് കൂടിയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അനുരാജ് ചേട്ടനും ലോകേഷ് സാറുമൊക്കെ അത്തരത്തിൽ മനോഹരമായി ഇടപഴകുന്നവർ ആണ്. ഒരാൾക്ക് പോലും ടെൻഷൻ തരുന്ന ആളല്ല അനുരാജ് ഏട്ടൻ. ഒരു ക്രിയേറ്റർ എന്ന നിലയ്ക്ക് മറ്റാരെയും ബുദ്ധിമുട്ടിക്കാതെ എല്ലാ വേദനയും ഏറ്റെടുത്ത് അത് ജനങ്ങളിലേക്ക് എത്തിക്കുന്ന ആളാണ് ഒരു നല്ല കലാകാരൻ. ആണ് നിലക്ക് പോയാൽ നല്ല നിലയിൽ എത്താൻ പറ്റുമെന്ന് തന്നെയാണ് വിശ്വാസം.

Narivetta - Maayum Maayum Lyrical | Tovino Thomas, Anuraj Manohar, Jakes Bejoy

സിനിമയിലേക്ക് എത്തുന്നത് 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ഞാൻ കരിയർ ആരംഭിച്ചത്. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു അതിൽ. അതിൽ മാത്രമല്ല മമ്മൂക്കയുടെ പോക്കിരിരാജയിൽ ഒക്കെ ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒരു നല്ല ആക്ടർ ആവണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഞാൻ വിശ്വൽ കമ്മ്യൂണിസേഷൻ പഠിച്ചു. അതുവഴി എനിക്ക് കിട്ടിയ കോണ്ടാക്ട് എല്ലാം തമിഴ്നാട്ടിൽ ഉള്ളവരായിട്ടായിരുന്നു. അങ്ങനെ ഞാൻ മുപ്പതോളം ഷോർട്ട് ഫിലിം ചെയ്തു. അന്ന് എന്റെ കൂടെ പഠിച്ച ഒരു പയ്യൻ ലോകേഷ് സാറിന്റെ കൂടെ വർക്ക് ചെയ്യുകയായിരുന്നു. അവൻ വഴിയാണ് ഞാൻ സാറിനെ കാണുന്നത്. അങ്ങനെയാണ് സാറിന്റെ മാസ്റ്റർ മൂവിയിൽ അഭിനയിച്ചത് 

വരും പ്രൊജക്ട് 

താമി എന്ന കഥാപാത്രമായി മാത്രം എന്നെ ഒതുക്കരുത്. അതിനപ്പുറത്തേക്ക് എന്തെല്ലാം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റും എന്നാണ് ഇനി നോക്കുന്നത്. വലിയ ബഡ്ജറ്റ് സിനിമകളുടെ ഭാഗമാകണമെന്നല്ല, നല്ല സിനിമയുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അതിൽ ഒക്കെ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് താല്പര്യം. പിന്നെ ഏറ്റവും പുതിയതായി വരുന്ന സിനിമ തമിഴ് സിനിമയാണ്. അതിന്റെ ഷൂട്ട് കഴിഞ്ഞിട്ടില്ല.