ആസിഫ് അലി ചിത്രം സർക്കീട്ടിൽ തിളങ്ങാൻ ഒരുങ്ങി ഒർഹാൻ. സിനിമ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു
ബാക്ക് ടു ബാക്ക് ഹിറ്റുകൾ സമ്മാനിച്ച ആസിഫ് അലിയുടേതായി ഏറ്റവും പുതിയതായി തിയേറ്ററുകളിൽ എത്തുന്ന താമർ സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ആസിഫിനൊപ്പം തുല്യ പ്രാധാന്യത്തിലെത്തുന്ന നാലാം ക്ലാസുകാരനായ ഒർഹാൻ ഹൈദർ തന്റെ സിനിമ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
ആസിഫ് അലിയ്‌ക്കൊപ്പം എത്തുന്നു, എക്സ് സൈറ്റഡാണോ?
മുൻപ് ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, സർക്കീട്ട് തിയേറ്ററുകളിലേക്ക് എത്തുന്നുവെന്നത് വളരെ സ്പെഷ്യലായ കാര്യമാണ്. ഇത്തരത്തിൽ മുഴുനീള കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. പോസ്റ്ററുകളിലെല്ലാം ആസിഫിക്കയ്‌ക്കൊപ്പം എന്റെ മുഖവും കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ആസിഫിക്കയുടെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഞാൻ അത്ര ഫാനൊന്നുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു കഴിഞ്ഞപ്പോൾ ഞാൻ കട്ട ഫാനായി. സിനിമയുടെ പകുതി പോർഷനിൽ മുഴുവനും ഞാനും ആസിഫിക്കയും ഒരുമിച്ചാണ്. ഞങ്ങൾ പെട്ടന്ന് തന്നെ ഫ്രണ്ട്സായി, അതുകൊണ്ട് അഭിനയിക്കാനും ടെൻഷനൊന്നും ഉണ്ടായിരുന്നില്ല. ആസിഫിക്കയുടെ മോന്റെ പേര് പോലും എന്നെ മാറ്റി വിളിച്ചിരുന്നു.
എങ്ങനെയാണ് സർക്കീട്ടിന്റെ ഭാഗമാവുന്നത്?
വികൃതിയുള്ള കുട്ടികളെ ക്ഷണിക്കുന്നു എന്ന ഓഡിഷൻ കാൾ കണ്ട് ഉമ്മയാണ് എന്റെയും ഏട്ടന്റെയും വീഡിയോകളും പ്രൊഫൈലും വച്ചും അയച്ചു കൊടുക്കുകയായിരുന്നു. പ്രായ പരിധിയും ഹൈറ്റുമെല്ലാം നോക്കുന്നത് കൊണ്ട് ഞാനാണ് സെലക്ടായത്. ഓഡിഷന് എന്നെപോലെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. ഓഡിഷൻ കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോയി, പോവുന്ന വഴി ഒന്നുകൂടെ വരാമോയെന്ന് ചോദിച്ചു വീണ്ടും ടീം വിളിച്ചു. എന്നിട്ട് കുറച്ചു കാര്യങ്ങളെല്ലാം ചെയ്തു നോക്കിപ്പിച്ചു. അപ്പോൾ ലുക്കിലെല്ലാം ചെറിയ മാറ്റം വരുത്തി കണ്ണടയെല്ലാം വച്ചായിരുന്നു ചെയ്തു നോക്കിപ്പിച്ചത്. അത് കഴിഞ്ഞു ഓകെയാണെന്ന് പറഞ്ഞെങ്കിലും, ഒരുപാട് കുട്ടികൾ ഇനിയും ഉണ്ട് അതുകൊണ്ട് നോക്കി പറയാമെന്നായിരുന്നു പറഞ്ഞിരുന്നു. പിന്നിട് രണ്ടാഴ്ച കഴിഞ്ഞ് ടീം കുറച്ചു സീനുകൾ അയച്ച്, അത് ചെയ്തു വീഡിയോ അയക്കാൻ പറഞ്ഞു. അതും ഞങ്ങൾ അയച്ചു കൊടുത്തു. അപ്പോഴും കൺഫേം ആവാൻ ആയിട്ടില്ലെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് നേരിട്ട് ഒരു ഓഡിഷനും കൂടെ ഉണ്ടായി. അപ്പോഴാണ് സിനിമയുമായി ബന്ധപ്പെട്ട സീനുകൾ ചെയ്യിപ്പിച്ചത്. അതിനുശേഷം പാസ്സ്‌പോർട്ട് ഉണ്ടോയെന്ന് ചോദിച്ചു വിളിച്ചിരുന്നു, ഫൈനലിസസ്റ്റായി എനിക്കൊപ്പം മറ്റൊരു കുട്ടികൂടെ ഉണ്ട്, അതുകൊണ്ട് ഉറപ്പിക്കാറയില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾ പാസ്സ്‌പോർട്ട് എല്ലാം എടുത്തു വച്ചു. ഞങ്ങൾ മൈസൂരിലേക്ക് ഫാമിലിയായി പോയിരുന്നു, മൈസൂർ പാലസിൽ നിൽക്കുമ്പോഴായിരുന്നു അവിടുന്നു കാൾ വന്നു കൺഫേമേഷൻ പറയുന്നത്. അത് കേട്ടപ്പോൾ ഭയങ്കര ഹാപ്പിയായി.
ജപ്പുവുമായി സാമ്യതയുണ്ടോ ഒർഹാന്?
ഹേയ് ഇല്ല, ജപ്പു എന്ന കഥാപാത്രം ഹൈപ്പർ ആക്ടിവായ ഒരാളാണ്. പക്ഷേ ഞാൻ അത്രയും ഹൈപ്പറല്ല, പക്ഷേ സ്മാർട്ടാണ്. സംവിധായകൻ പറഞ്ഞു തരുന്നനുസരിച്ച് ചെയ്യുകയാണ് ചെയ്തത്. ഡയലോഗുകളൊന്നും നേരത്തെ പഠിച്ചിരുന്നില്ല. ഓരോ സീൻ എടുക്കുന്നതിന് മുൻപ് ഇതാണ് സാഹചര്യം എന്ന് പറയും, ജപ്പു ഈ സമയത്ത് ഇങ്ങനെയാണ് ചെയ്യുന്നതെന്നും പറഞ്ഞു തരും. അതുപോലെ ചെയ്തു കാണിക്കുകയായിരുന്നു.
മുഴുനീള കഥാപാത്രം, പേടി തോന്നിയിരുന്നോ ?
എനിക്ക് പേടിയൊന്നും തോന്നിയില്ല. ചെറുപ്പം മുതൽ ക്യാമറ പരിചയമുള്ളത് കൊണ്ട് കുറച്ച് എളുപ്പമായി തോന്നി. പക്ഷേ എന്റെ പരന്റ്സിന് പേടി ഉണ്ടായിരുന്നു. ഞാൻ എങ്ങനെ ചെയ്യുമെന്ന കാര്യത്തിൽ. എന്റെ സീനോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആ സീൻ എടുത്തു കഴിഞ്ഞപ്പോൾ സംവിധായകൻ അവരോട് പറഞ്ഞു ഇവൻ അടിപൊളിയാണെന്ന്. അപ്പോഴാണ് അവർക്ക് എന്റെ കാര്യത്തിൽ ആത്മവിശ്വാസം വന്നത്. അതുപോലെ എനിക്ക് ആഴ്ചയിലൊരിക്കൽ തുമ്മലും അലർജിയുമെല്ലാം വരുന്നതായിരുന്നു. പക്ഷേ, ഗൾഫിൽ ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഉമ്മ ഫാർമിസിസ്റ്റായത് കൊണ്ട് മരുന്നെല്ലാം കരുതിയിട്ടുണ്ടായിരുന്നു. പക്ഷേ എനിക്ക് യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായില്ല എന്നത് ഭാഗ്യമായി തോന്നി.
സ്കൂളിലുള്ളവരുടെ സപ്പോർട്ട് ?
തിരുവല്ല ബദനി അക്കാഡമിയിലാണ് പഠിക്കുന്നത്. ഇപ്പോൾ നാലാം ക്ലാസ്സിലാണ്. എനിക്ക് ഇങ്ങനെ അവസരം കിട്ടിയെന്ന് പറഞ്ഞപ്പോൾ തന്നെ ടീച്ചേഴ്‌സും, കൂട്ടുകാരെല്ലാം ഹാപ്പിയായിരുന്നു. കഴിഞ്ഞ ഡിസംബർ മാസമായിരുന്നു ഷൂട്ട്. രണ്ടുമാസത്തോളം സ്കൂളിൽ പോവാൻ കഴിഞ്ഞില്ല. അവർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എക്സാമെല്ലാം നന്നായി എഴുതാൻ കഴിഞ്ഞത്. മിസ്സായ പാഠഭാഗങ്ങൾ എല്ലാവരുടെയും ഹെൽപ്പ് കൊണ്ട് മനസിലാക്കിയെടുക്കാൻ കഴിഞ്ഞു.
സോഷ്യൽ മീഡിയയിലും താരമാണല്ലോ ?
അതിന്റെ ഫുൾ ക്രെഡിറ്റ് എന്റെ പരന്റ്സിനാണ്. ബാക്കിയുള്ള കുട്ടികൾ കേൾക്കുന്ന നോ ഞങ്ങൾക്ക് അധികം കേൾക്കേണ്ടി വന്നിട്ടില്ല. ചെറുപ്പം മുതൽ എന്നെയും ഏട്ടൻ ഇഷാനെയും അത്രയും സ്മാർട്ടായാണ് പരെന്റ്സ് വളർത്തിയത്. ഓട്ടവും ചാട്ടവുമെല്ലാം ഇഷ്ടമാണ്. പാർകൗർ ചെയ്യാൻ ഇഷ്ടമാണ്. പരെൻസിനാണെങ്കിലും തുടക്കം തുടക്ക സമയത്ത് ഞങ്ങളെ ഇത്തരത്തിൽ ട്രെയിൻ ചെയ്യിപ്പിക്കുമ്പോൾ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. പക്ഷേ അതെല്ലാം ഇത്തരത്തിൽ നല്ലതിനായി എന്നതിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയാണ്.


