Asianet News MalayalamAsianet News Malayalam

'ആക്ഷന്‍ സീക്വന്‍സുകള്‍ ഇല്ല, കോള്‍ഡ് കേസിലേത് ബുദ്ധിയെ ആശ്രയിക്കുന്ന നായകന്‍'; തനു ബാലക് പറയുന്നു

"ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ ഇത് (കൊവിഡ്) നിയന്ത്രണങ്ങള്‍ ഉള്ള സമയത്ത് എടുത്തതാണെന്ന് തോന്നില്ല"

tanu balak interview about cold case
Author
Thiruvananthapuram, First Published Jun 25, 2021, 12:10 AM IST

ദൃശ്യം 2, ജോജി എന്നിവയ്ക്കുശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഡയറക്റ്റ് ഒടിടി റിലീസ് കൂടി എത്തുകയാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍. പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസ്' ആണ് ആ ചിത്രം. ചിത്രത്തെത്തില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്നു പറയുകയാണ് തനു ബാലക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍.

സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് പരിചിതനാണ് തനു, ഛായാഗ്രാഹകനായും പരസ്യചിത്ര സംവിധായകനായും. ആദ്യ ഫീച്ചര്‍ സിനിമയിലേക്കുള്ള കാത്തിരിപ്പ് നീണ്ടുപോയോ? 

അതിനുവേണ്ടി ഞാന്‍ ഒരുപാട് ശ്രമിച്ചിട്ടൊന്നുമില്ല. പരസ്യമേഖലയിലാണ് എന്‍റെ തൊഴില്‍. വലുതും ചെറുതുമായ നിരവധി ക്ലയന്‍റ്‍സിനുവേണ്ടി പരസ്യചിത്രങ്ങള്‍ ചെയ്‍തു. അതും സിനിമ തന്നെയാണല്ലോ. അതൊരു 30 സെക്കന്‍ഡ് സിനിമ, ഇത് രണ്ടേകാല്‍ മണിക്കൂറുള്ള സിനിമ എന്നേയുള്ളൂ വ്യത്യാസം. 30 സെക്കന്‍ഡ് സിനിമ ചെയ്യുമ്പോള്‍ നമ്മുടെ പേരോ വിവരങ്ങളോ ഒന്നും വരില്ല. ഏത് സമയദൈര്‍ഘ്യത്തിലുള്ള വര്‍ക്കിനെയും സിനിമ എന്നു വിളിക്കാനാണ് എനിക്കിഷ്‍ടം. അതേസമയം ഫീച്ചര്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടി അത്ര പ്രയത്നിച്ചില്ല. അതുകൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. അത്രയേ ഉള്ളൂ.

'കോള്‍ഡ് കേസ്' ചിത്രീകരണം ആരംഭിച്ച സമയത്ത് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ടീസര്‍, ട്രെയ്‍ലര്‍ ഒക്കെ വരുമ്പോഴാണ് ചിത്രത്തില്‍ സൂപ്പര്‍നാച്ചുറല്‍-ഹൊറര്‍ ഘടകങ്ങളൊക്കെ ഉണ്ടെന്ന് മനസിലാവുന്നത്. അത് പ്രേക്ഷകരെ വൈകി മാത്രം അറിയിച്ചാല്‍ മതി എന്ന് തീരുമാനിച്ചിരുന്നോ?

പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ കൊടുക്കുന്ന തരത്തിലുള്ള പബ്ലിസിറ്റി വേണ്ടെന്ന് ഒരു ചെറിയ തീരുമാനം ഉണ്ടായിരുന്നു. പോസ്റ്ററുകളോ മറ്റു പ്രൊമോഷന്‍ മെറ്റീരിയലുകളോ ഇറക്കിയിരുന്നില്ല. റിലീസിംഗ് സമയത്ത് ഒരു പബ്ലിസിറ്റി കൊടുക്കുക എന്നതായിരുന്നു തീരുമാനം. ഇപ്പോഴാണ് ആളുകളിലേക്ക് ഈ സിനിമ എത്തുന്നത്. ചെറിയൊരു ഇടവേള ഈ സിനിമ എവിടംവരെയായി എന്നതുപോലും പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മാത്രമല്ല, സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ കൂടിയുള്ള സിനിമയാണെന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്. 

സ്റ്റീഫന്‍ കിംഗിന്‍റെ നോവലിനെ ആസ്‍പദമാക്കിയ ത്രില്ലര്‍ സിരീസ് 'ദി ഔട്ട്സൈഡറി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയെന്ന് ചിലയിടങ്ങളില്‍ കണ്ടിരുന്നു. വസ്‍തുതയുണ്ടോ?

ഇല്ല. അങ്ങനെയുള്ള സിരീസുകളുമായോ നോവലുകളുമായോ ഒരു ബന്ധവുമില്ല.

tanu balak interview about cold case

 

കൊവിഡ് ആദ്യ തരംഗത്തിനു ശേഷം ആദ്യം ചിത്രീകരണം ആരംഭിച്ച സിനിമകളിലൊന്നാണ് കോള്‍ഡ് കേസ്. സിനിമയുടെ ആദ്യ ചിന്ത ആരംഭിച്ചത് എപ്പോഴാണ്?

ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ടൊന്‍പത് മാസം എടുത്തു അത് എഴുതാന്‍. കൊവിഡിനു മുന്‍പേ ആരംഭിച്ചിരുന്നു. സ്ക്രിപ്റ്റിനു പുറത്ത് നന്നായി പണിയെടുത്തിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ഭാഗത്തിന്‍റെ റിസര്‍ച്ചിനുവേണ്ടി, ഫോറന്‍സിക് പരിശോധനയെക്കുറിച്ചൊക്കെ അറിയാന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. 

നായകനായി ആദ്യമേ പൃഥ്വിരാജ് ആയിരുന്നോ മനസില്‍?

പൃഥ്വി നമ്മുടെ മനസ്സില്‍ ഉള്ള ആള്‍ തന്നെ ആയിരുന്നു. മലയാള സിനിമയില്‍ പൊലീസ് യൂണിഫോം ചേരുന്ന അഞ്ചോ ആറോ വലിയ നടന്മാരെ എടുത്താല്‍ അതിലൊരാള്‍ എന്തായാലും പൃഥ്വിരാജ് ആണ്. ജോമോനും ഷമീറും ആന്‍റോ ചേട്ടനുംകൂടിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോഴേക്ക് ജോമോന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചു. ജോമോനാണ് പൃഥ്വിയെ തിരക്കഥ കാണിക്കുന്നത്. പൃഥ്വിക്കും കഥ വളരെ ഇഷ്‍ടമായി. കാരണം ഇതില്‍ സൂപ്പര്‍ഹീറോയിക് ആയി ഒന്നും ചെയ്യാനില്ല. അത്തരമൊരു സിനിമയല്ല ഇത്. ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല. ഇന്‍വെസ്റ്റിഗേറ്റീവ് ഭാഗങ്ങളൊക്കെ റിയലിസ്റ്റിക് ആയാണ് നമ്മള്‍ സമീപിച്ചിരിക്കുന്നത്. ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന ആളാണ് ഇതിലെ നായകന്‍. മറ്റുള്ള പലരോടും ആലോചിച്ചിട്ടുകൂടിയാണ് അയാള്‍ പലതും ചെയ്യുന്നത്. യഥാര്‍ഥത്തിലുള്ള അന്വേഷണ രീതികള്‍ എങ്ങനെയോ അങ്ങനെയാണ് ഈ ചിത്രത്തില്‍. 

ആക്ഷന്‍ രംഗങ്ങളില്ലാത്ത ചിത്രമായിരിക്കുമെന്ന് ആദ്യമേ കേട്ടിരുന്നു. ഒപ്പം ഇന്‍ഡോര്‍ രംഗങ്ങളായിരിക്കും കൂടുതലെന്നും?

ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ ഇത് (കൊവിഡ്) നിയന്ത്രണങ്ങള്‍ ഉള്ള സമയത്ത് എടുത്ത സിനിമയാണെന്ന് തോന്നില്ല. ഇന്‍ഡോര്‍ മാത്രമല്ല, ഔട്ട്ഡോര്‍ രംഗങ്ങളും ആള്‍ക്കൂട്ടം വരുന്ന രംഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത് ഒരുപാടില്ല എന്നേയുള്ളൂ. ആദ്യം ഇന്‍ഡോര്‍ സീക്വന്‍സുകള്‍ മുഴുവന്‍ തീര്‍ത്തിട്ട് ഔട്ട്ഡോര്‍ രംഗങ്ങളിലേക്ക് പോവുകയാണ് ചെയ്‍തത്. കൊവിഡ് കാലത്തെ മുന്‍കരുതല്‍ എന്ന രീതിയില്‍ ചെയ്‍തതാണ്. അതുകൊണ്ട് ചിത്രീകരണത്തിനിടെ ഒരാള്‍ക്കുപോലും കൊവിഡ് പിടിപെട്ടില്ല. അതൊരു വലിയ ഭാഗ്യമാണ്. മുപ്പതോളം ലൊക്കേഷനുകള്‍ തന്നെ ഉണ്ടായിരുന്നു. അത്രയും വലുപ്പത്തില്‍ ചെയ്‍ത സിനിമയാണ്. കൊവിഡ് സമയത്ത് എങ്ങനെ ചിത്രീകരണം സാധിച്ചു എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന സിനിമയായിരിക്കും കോള്‍ഡ് കേസ്. 

tanu balak interview about cold case

 

കൊവിഡ് കാലത്ത് ചിത്രീകരിച്ചതുകൊണ്ട് തിരക്കഥ റീഡിസൈന്‍ ചെയ്യേണ്ടിവന്നിരുന്നോ?

ഇല്ല. ഒരു ഇനിഷ്യല്‍ തോട്ട് നേരത്തേ ഉണ്ടായിരുന്നെങ്കിലും സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കുന്നത് കൊവിഡ് സമയത്തുതന്നെയാണ്. അതേസമയം കൊവിഡ് സമയത്ത് എളുപ്പത്തില്‍ ചിത്രീകരിക്കണം എന്നുവച്ച് ആലോചിച്ച സിനിമയുമല്ല. പിന്നെ കൊവിഡ് ഇത്രകാലം നീണ്ടുനില്‍ക്കുമെന്നും അന്ന് കരുതിയിരുന്നില്ല. 

ഒടിടി റിലീസ് എന്നത് മനസില്‍ കണ്ടിരുന്നോ?

ഇല്ല, സിനിമ ചെയ്യുമ്പോള്‍ ഒരു തിയറ്റര്‍ റിലീസ് തന്നെയാണ് പ്ലാന്‍ ചെയ്‍തത്. പക്ഷേ തിയറ്ററില്‍ ആണെങ്കിലും കുറച്ചുകഴിഞ്ഞാല്‍ സിനിമകള്‍ ഒടിടിയിലേക്ക് വരുമല്ലോ. ശബ്ദവിന്യാസവും സംഗീതവുമൊക്കെ തിയറ്റര്‍ അനുഭവത്തിനു വേണ്ടിത്തന്നെയാണ് ചെയ്‍തത്. മ്യൂസിക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കുറച്ച് 'ലൗഡ്' ആയി നില്‍ക്കുന്ന സിനിമയാണ് ഇത്. ഭയപ്പെടുത്തുന്ന ചില സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങളൊക്കെ ചിത്രത്തിലുണ്ട്. തുറന്ന സ്ഥലത്തിരുന്ന് ഒരു മൊബൈലില്‍ ചിത്രം കാണുന്ന പ്രേക്ഷകന് നമ്മള്‍ ഉദ്ദേശിച്ച ഒരു ആംബിയന്‍സ് കിട്ടണമെന്നില്ല. മറിച്ച് ഒരു ഹോം തിയറ്ററില്‍ കാണുന്ന ആള്‍ക്ക് അതിന്‍റെ കറക്റ്റ് ഫീല്‍ കിട്ടും. എന്നാല്‍ ഇത് ഭയങ്കരമായ ഒരു ഹൊറര്‍ ഫിലിം അല്ല. അത്തരം ചില നിമിഷങ്ങള്‍ ഉണ്ട് എന്നേയുള്ളൂ. 

ഒടിടി റിലീസ് മലയാള സിനിമയ്ക്കു മുന്നില്‍ വലിയ സാധ്യതകള്‍ കൂടിയല്ലേ തുറന്നുതരുന്നത്?

ഒടിടി റിലീസ് എന്നത് വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. കാരണം അത്രയും രാജ്യങ്ങളിലേക്കും പ്രേക്ഷകരിലേക്കും എത്തുകയാണ്. അത്രയും വിശാലമായ ഒരു പ്രേക്ഷകവൃന്ദത്തിലേക്ക് ഒറ്റദിവസം കൊണ്ട് സിനിമ എത്തുകയാണ്. ഒരു തിയറ്റര്‍ റിലീസില്‍ അത് നടക്കില്ല. പക്ഷേ നമ്മുടെ ഒരു ശീലമാണ് തിയറ്ററില്‍ ഹൗസ്‍ഫുള്‍ ഷോകള്‍ ആസ്വദിക്കുക എന്നത്. അത് കാണുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കു കിട്ടുന്ന ഒരു സന്തോഷമുണ്ട്. പിന്നെ കോള്‍ഡ് കേസിനെ സംബന്ധിച്ച് ഇത് ഉത്സവപ്രതീതീ ഉണ്ടാക്കുന്ന ഒരു സിനിമയുമല്ല. ഈ സിനിമയില്‍ ആസ്വദിക്കാനുള്ള ഘടകങ്ങള്‍ ഒടിടി റിലീസിലൂടെയും പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 

tanu balak interview about cold case

 

കോള്‍ഡ് കേസിനു ശേഷം പുതിയ സിനിമകളുടെ ആലോചനയുണ്ടോ?

ഇതുവരെ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. നല്ലൊരു തിരക്കഥ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും. സിനിമയുടെ അടിത്തറയെന്നു പറയുന്നത് തിരക്കഥ ആണല്ലോ. 

Follow Us:
Download App:
  • android
  • ios