ആസാദി സിനിമ കാണേണ്ടവർ   ആദ്യം തന്നെ പരിഗണിക്കേണ്ടത് അതിന്റെ കഥയേയാണ്. ഒരു എക്സ്ട്രാ ഓർഡിനറി കൈൻഡ് ഓഫ് സ്റ്റോറിയാണ് ഇത്. ഇനിയിപ്പോൾ കാണുന്ന പ്രേക്ഷകർ അതിന്റെ സാങ്കേതിക വശങ്ങൾ എല്ലാം മറന്നാലും ശരി ആ കഥ, അത് ശ്രദ്ധിക്കപ്പെട്ടിരിക്കും.

ആകാംക്ഷ ജനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾക്കുള്ള എല്ലാവിധ ഉത്തരങ്ങളുമായി നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ് 'ആസാദി'. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജോ ജോർജ് ആണ്. ശ്രീനാഥ് ഭാസിയുടെ കരിയറിലെ മികച്ച പ്രകടനമാകും ചിത്രത്തിലേതെന്നാണ് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ അവസരത്തിൽ ആസാദിയുടെ സംഗീതവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സം​ഗീത സംവിധായകൻ വരുൺ ഉണ്ണി.

'ആസാദി'യിൽ മ്യൂസിക്കിനുള്ള പ്രാധാന്യം എന്താണ് ?

ഫ്രീഡം എന്ന അടിസ്ഥാനത്തിലാണ് ആസാദിയുടെ കഥ പറയുന്നത്. ആസാദിയിൽ വന്നു പോകുന്നവർക്കെല്ലാം അവരുടേതായ ഓരോ കഥയുണ്ട്. അവർക്ക് അർഹിക്കുന്ന ഫ്രീഡം സിനിമയ്ക്ക് അവസാനം ലഭിക്കുന്നുണ്ട്. ഭാസി അവതരിപ്പിക്കുന്ന രഘുവിന് ഒരു സ്റ്റോറിയുണ്ട്, രവീണ അവതരിപ്പിക്കുന്ന ഗംഗയ്ക്കും ലാൽ സാർ അവതരിപ്പിച്ച ശിവനും ഒരു കഥയുണ്ട്. ഇവർക്കെല്ലാം കഥയ്ക്ക് അവസാനം ഫ്രീഡം കിട്ടുന്നു. സിസ്റ്റത്തിന് എതിരെ നിൽക്കുന്ന ഒരു ഫാമിലിയെ കുറിച്ചാണ് ആസാദി പറയുന്നത്. ജയിലിൽ കഴിയുന്ന ഭാര്യയ്ക്ക് വേണ്ടി നിൽക്കുന്ന ഭർത്താവും അച്ഛനും ഇതാണ് ബേസിക് പ്ലോട്ട്. ഒരിക്കലും നടക്കാൻ സാധിക്കാത്ത രീതിയിലാണ് കഥ പോകുന്നത്. ഇൻട്രോ കഴിഞ്ഞ് നേരെ ത്രില്ലറിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ് കഥ. അത് സംഭവിക്കണമെങ്കിൽ അവിടെ മ്യൂസിക് ഉണ്ടായിരിക്കണം. എന്നെ സംബന്ധിച്ച് ആസാദി വെല്ലുവിളി തന്നെയായിരുന്നു. ഒരുപാട് ഇമോഷൻസുകളും ലയറുകളും വന്നു പോകുന്നുണ്ട്. ഫാമിലി ഡ്രാമയിലൂടെ പോകുന്ന ഒരു ത്രില്ലർ സിനിമയാണ്. തുടക്കം മുതൽ അവസാനം വരെ മ്യൂസിക് ഒരു ഒഴുക്കിൽ ഉണ്ടായിരിക്കണം. ഒരുപാട് ഇമോഷൻസ് മാറി മറിയുന്നുണ്ട്. ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ ഉള്ളിലുള്ള ഇമോഷൻസിലൂടെ കടന്നു പോകുന്നുണ്ട്. വാണി വിശ്വനാഥ്‌ പോലീസ് വേഷമാണ്. ആ കഥാപാത്രവും രഘുവും തമ്മിലുള്ള കോമ്പിനേഷനെല്ലാം മറ്റൊരു തരത്തിലുള്ള ബാക്ക് ഗ്രൗണ്ട് സ്കോർ ആണ് കേറി പോകുന്നത്. മ്യൂസിക്കിന്റെ പല ഴോണർ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. പല മൊണ്ടാഷ് സീനുകളിൽ പലതരം മ്യൂസിക് കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്.

'ആസാദി'യിലെ ചാലഞ്ചിങ് എന്തായിരുന്നു ?

ആസാദിയുടെ ക്ലൈമാക്സ് ഫൈറ്റിൽ സമാന്തരമായ ഒരുപാട് കട്ടുകൾ കയറി വരുന്നുണ്ട്. അവിടെ മ്യൂസിക്കലി ചാലഞ്ചിങ്ങായിരുന്നു. ഓരോരുത്തരുടെ പേഴ്സ്പെക്ടറിവിലാണ് ഫൈറ്റ് പോകുന്നത്. ഓരോരുത്തരിലേക്ക് വരുന്നതനുസരിച്ച് മ്യൂസിക് ചേഞ്ച് ചെയ്തു കൊണ്ടേയിരിക്കണം. ഓരോ ഫൈറ്റും ഓരോ രീതിയിലാണ്. പക്ഷേ ക്ലൈമാക്സിൽ അതെല്ലാം ഒരുമിച്ചാണ് വരുന്നത്. അതുകൊണ്ടുതന്നെ ഫൈറ്റ് കോറിയോഗ്രാഫി ചെയ്യുന്നതുപോലെ തന്നെ മ്യൂസിക് കൊറിയോഗ്രഫി കൂടി ചെയ്യേണ്ടി വന്നിട്ടുണ്ട്. കൂടാതെ ഇൻട്രവൽ പഞ്ചല്പം യുണീക്കുമാണ്. ഒറ്റനോട്ടത്തിലത് സിനിമയുടെ ക്ലൈമാക്സാണെന്ന് തോന്നിപ്പോകും. മാത്രമല്ല അതിൽ മൂന്ന് നാല് മിനിറ്റുടനീളം മ്യൂസിക് ഉപയോഗിച്ചിട്ടുണ്ട്. അത് കമ്പോസ് ചെയ്യാനല്പം ചലഞ്ചിങ് ആണെങ്കിലും ഞങ്ങളത് ഏറ്റെടുത്തു. വാസ്തവത്തിൽ ഇത്തരത്തിലുള്ള ഒരു ചലഞ്ച് ഏറ്റെടുക്കാൻ വേണ്ടി തന്നെയാണ് ഈയൊരു വർക്ക് ചെയ്യാൻ തീരുമാനിച്ചത്.

Azadi -Malayalam Movie |Official Trailer |Sreenath Bhasi,Lal,Vani Vishwanath,Raveena Ravi |Jo George

'ആസാദി'യുടെ ഭാഗമായത് എപ്പോൾ മുതൽ?

സിനിമയുടെ സോങ്‌സും ബാക്ക്ഗ്രൗണ്ട്സ്കോറും ചെയ്തിട്ടുള്ളത് ഞാൻ തന്നെയാണ്. സ്ക്രിപ്റ്റിംഗ് സ്റ്റേജ് മുതൽക്കാണ് എന്റെ വർക്ക് തുടങ്ങുന്നത്. ഇതിനകത്ത് മൂന്ന് പാട്ടുകൾ കമ്പോസ് ചെയ്യാനുണ്ടായിരുന്നു. ബാഗ്രൗണ്ട് സ്ക്കോർ ചെയ്യണമെന്ന് ഞാൻ ആദ്യമേ പറഞ്ഞതുകൊണ്ട് പാട്ടും ബാക്ക്ഗ്രൗണ്ട് സ്കോറും ഒരുപോലെ എനിക്ക് കൊണ്ടുപോകാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ പാട്ടുകൾ ആദ്യം ചെയ്തു. ആ പാട്ടിന്റെ തീമുകൾ പടത്തിൽ എവിടെ ഉപയോഗിക്കണമെന്ന് സ്ക്രിപ്റ്റ് അനുസരിച്ചു ഞാൻ ആദ്യം തന്നെ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് ആ പണിയും എളുപ്പമായി. ഇതിലുള്ള ഗുണവും അതുതന്നെയാണ്. പാട്ടിന്റെ തീമിനനുസരിച്ചുള്ള സ്കോർ ചെയ്യാൻ പറ്റി എന്നത്. കഥാപാത്രങ്ങളുടെ ഇമോഷൻസിനനുസരിച്ചുള്ള തീം കൊണ്ടുവരാൻ പലയിടത്തും കഴിഞ്ഞിട്ടുണ്ട്.

 ആവിഷ്കാര സ്വാതന്ത്ര്യവും സംവിധായകന്റെ ഇടപെടലുകളും ?

എന്നെ സംബന്ധിച്ചിടത്തോളം സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുമ്പോൾ ഉറപ്പായിട്ടും സംവിധായകന്റെ ഇടപെടൽ ആവശ്യമാണ്. സംവിധായകന്റെതായിട്ടുള്ള ഇൻപുട്ടുകൾ എനിക്ക് ആവശ്യമാണ്. അതിന് വേണ്ടി സിനിമയുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങളും ഞാൻ സംവിധായകനോട് ചോദിച്ചു കൊണ്ടേയിരിക്കും. മാത്രമല്ല എനിക്ക് ഇമോഷൻസ് പ്രധാനമാണ്. വളരെ ഡ്രൈ ആയിട്ടുള്ള ഒരു സീൻ ആണെങ്കിൽ അവിടെ മ്യൂസിക് കൊടുത്തിട്ട് കാര്യമില്ല. അപ്പോ അവിടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഇമോഷൻ കൊടുത്താൽ മാത്രമേ സംഗീതത്തിനവിടെ പ്രാധാന്യം വരുകയൊള്ളൂ. ഇക്കാര്യത്തിനൊക്കെ സംവിധായകരുടെ സഹായം ആവശ്യമാണ്. മാത്രമല്ല ഈ സിനിമയ്ക്കകത്ത് എനിക്ക് സംവിധായകനും നിർമ്മാതാവ് ഫൈസൽ രാജയും പരിപൂർണ്ണ സ്വാതന്ത്ര്യം തന്നിട്ടുണ്ടായിരുന്നു. ഈ വർക്കിന് വേണ്ടി എന്നെ സമീപിക്കുന്ന സമയത്ത് ഞാൻ അവരോട് പറഞ്ഞതും അതാണ്, എനിക്ക് ഫ്രീഡം തന്നു കഴിഞ്ഞാൽ ഞാൻ നല്ല ഔട്ട് തരുമെന്ന്. അവരത് കേൾക്കുകയും പാലിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഞങ്ങൾക്കവിടെ മറ്റു കോൺഫ്ലിക്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ എല്ലാവർക്കും ഈ ഒരു സ്വാതന്ത്ര്യം നമുക്ക് കിട്ടാറില്ല. ചിലർ നമുക്ക് റഫറൻസുകൾ തരും. ഇതുപോലുള്ള വർക്കാണ് ആവശ്യമെന്നൊക്കെ പറയും. അവിടെ നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അതാ സംവിധായകരുടെ ആവശ്യമാണ്. നമ്മളത് ചെയ്തുകൊടുക്കുന്നു എന്നേയുള്ളൂ. പരസ്യങ്ങളിലെല്ലാം വർക്ക് ചെയ്യുന്ന സമയത്ത് ക്ലൈന്റ്നെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് ആകെയുള്ള ജോലി. അവിടെ നമുക്ക് ക്രിയേറ്റീവ് ആയി കാര്യമായി ഒന്നും കൊണ്ടുവരാൻ ഉണ്ടാകില്ല. പക്ഷെ സിനിമയിൽ സംവിധായകന്റെ ഇൻപുട്ട് വളരെ ആവശ്യമാണ്.പിന്നെ ആസാദി എന്നുള്ള തീം മ്യൂസിക് ഇതിനകത്തുണ്ട്. ആ ഒരു കോമ്പോസിഷൻ ആയിരുന്നു ഇതിനകത്തെ എന്റെ പ്രയോറിറ്റി. അത് ഞാൻ കമ്പോസ് ചെയ്തത് പടത്തിന്റെ ഷൂട്ട് കഴിഞ്ഞതിനുശേഷമാണ്. അതും ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടിട്ട്. 

'ആസാദി'യിലെ ശ്രീനാഥ്‌ ഭാസിയുടെ അഭിനയം വ്യത്യസ്തമാണോ ?

ശ്രീനാഥ് ഭാസിയുടെ വേറിട്ടൊരു അഭിനയമായിരിക്കും ഈ സിനിമയ്ക്ക് അകത്ത് കാണാൻ പോകുന്നതെന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. സാധാരണഗതിയിൽ നമ്മൾ കാണുന്ന ഭാസിയുടെ സിനിമകളൊക്കെ ഒന്നിലേറെ നായക നടന്മാർ ഉൾപ്പെടുന്ന സിനിമകളാണ്. എന്നാൽ ഇതിനകത്ത് ഒന്നിലേറെ താരങ്ങൾ ഉണ്ടെങ്കിലും പ്രധാന നടൻ ശ്രീനാഥ് ഭാസി തന്നെയാണ്. ഇതിനകത്ത് ഭാസിക്ക് ഒരു നടൻ എന്ന നിലയിൽ പല രീതിക്ക് അഭിനയിക്കാനുള്ള അവസരങ്ങൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രീനാഥ് ഭാസിയുടെ പെർഫോമൻസ് എന്ന രീതിയിൽ ഈ സിനിമ ശ്രദ്ധിക്കപ്പെടും.

Azadi - Malayalam Movie |Official Teaser| Sreenath Bhasi,Lal,Vani Vishwanath,Raveena Ravi |Jo George

സിനിമക്കുള്ളിലെ സാങ്കേതിക വിദഗ്ധരുടെ സ്വീകാര്യത കൂടിയിട്ടില്ലേ ?

 പണ്ടൊക്കെ പിന്നണി പ്രവർത്തകർ എന്നുള്ളതായിരുന്നു നമുക്ക് കിട്ടുന്ന ടാഗ്. അതിനപ്പുറത്തേക്ക് അതിനെക്കുറിച്ചൊന്നും കാര്യമായി ആരും ചിന്തിക്കില്ല. സൗണ്ട് ഡിസൈനർ എന്നൊരു പോസ്റ്റ് പോലും സിനിമയിൽ ഉണ്ടെന്ന് ഇപ്പോഴാണ് ആളുകൾ അറിഞ്ഞു തുടങ്ങിയത്. അതുപോലെതന്നെ മ്യൂസിക് ഡയറക്ടർ മാത്രമല്ല ബാഗ്രൗണ്ട് സ്ക്കോർ കമ്പോസ് ചെയ്യുന്ന ടെക്നീഷ്യൻസും നമുക്കിടയിൽ ഉണ്ടെന്നൊക്കെ ഇന്നാണ് ആളുകൾ അറിയുന്നത്. അവർ അതിനെപ്പറ്റിയൊക്കെ വ്യക്തമായി അറിഞ്ഞു തുടങ്ങി. മാത്രമല്ല സാധാരണ പ്രേക്ഷകർക്ക് പോലും സിനിമയെക്കുറിച്ചും സിനിമയിലെ ടെക്നീഷ്യൻസിനെ കുറിച്ചും ഇപ്പോൾ നല്ല ധാരണയാണ്. അതുകൊണ്ട് തന്നെ നമ്മൾ ആളുകൾക്കിടയിൽ തിരിച്ചറിയപ്പെടുന്ന വ്യക്തിയായി മാറും. എന്നാൽ അതോടൊപ്പം തന്നെ നമ്മുടെ ഉത്തരവാദിത്വം വർദ്ധിക്കുകയുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വർക്ക് ഉഴപ്പിയിട്ടുണ്ടെങ്കിൽ അവരത് മനസിലാക്കും. അവർ നമ്മുടെ മുഖത്ത് നോക്കിയത് പറയുകയും ചെയ്യും. കോംപ്രമൈസ് ചെയ്യുക എന്നൊരു പരിപാടി നമ്മുടെ ജോലിയിൽ ഇല്ല. അങ്ങനെ ചെയ്താൽ ആളുകളത് കയ്യോടെ പിടിക്കും. അതുകൊണ്ടുതന്നെ ഒരു കോംപിറ്റിറ്റിവ് ഫീൽ വരുന്നുണ്ട് നമുക്കെല്ലാം. അത് നല്ലതാണ്. അപ്പോഴാണ് നല്ല നല്ല വർക്കുകൾ വരിക.

എന്തുകൊണ്ട് ആസാദി പ്രധാനപ്പെട്ട ഒന്നാകുന്നു ?

ആസാദി സിനിമ കാണേണ്ടവർ ആദ്യം തന്നെ പരിഗണിക്കേണ്ടത് അതിന്റെ കഥയേയാണ്. ഒരു എക്സ്ട്രാ ഓർഡിനറി കൈൻഡ് ഓഫ് സ്റ്റോറിയാണ് ഇത്. ഇനിയിപ്പോൾ കാണുന്ന പ്രേക്ഷകർ അതിന്റെ സാങ്കേതിക വശങ്ങൾ എല്ലാം മറന്നാലും ശരി ആ കഥ, അത് ശ്രദ്ധിക്കപ്പെട്ടിരിക്കും. നമ്മൾ സ്ഥിരമായി കാണുന്ന ത്രില്ലർ പടങ്ങളുടെ പാറ്റേൺ അല്ല ഈ സിനിമ. പിന്നെ ഇതിനകത്ത് വർക്ക് ചെയ്ത ടെക്നീഷ്യൻസ് എല്ലാം സിനിമയുടെ ബജറ്റ്നുള്ളിൽ നിന്ന് കൊണ്ട് തന്നെ ടോപ്പ് നോച്ച് ആയിട്ടുള്ള വർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും അവരുടെ 100% തന്നെ കൊടുത്തിട്ടുണ്ട്. സോ പടം ടെക്നിക്കലി സൗണ്ട് ആണ്. 

ശ്രദ്ധിക്കപ്പെട്ട പാതയോരങ്ങളെ..

പാതയോരങ്ങളെ ഭൂതകാലങ്ങളെ എന്നത് കണ്ണൂർ സൈഡിലുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഒരു മുദ്രാവാക്യമാണ്. ഒരു വെബ് സീരീസിന് വേണ്ടിയാണ് അതിന്റെ ഡയറക്ടർ ടീം എന്നെ തേടി വരുന്നത്. ഇത് ആര് എഴുതി എന്നറിയില്ല. വർഷങ്ങളായി പലരും പാടി നടക്കുന്ന സംഭവമാണ്. പിന്നെ അതിന്റെ വരികളിലെ അർത്ഥമൊക്കെ ഏത് സാധാരണക്കാർക്കും പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റും. അങ്ങനെയാണ് ആ സോങ് ചെയ്തത്. ആ പടത്തിന് വേണ്ടി തീം സോങ് ആയാണ് അത് ചെയ്തത്. പക്ഷേ ഞാൻ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ അതിന്റെ റീച് കൂടി. ആ പ്രോജെക്ട് നടന്നില്ല. പക്ഷെ പാട്ട് ശ്രദ്ധേയമായി. അത് അപ്രതീക്ഷിതമായി സംഭവിച്ച ഒന്നാണ്.

സിനിമക്കകത്തുള്ള ബാക്ക്ഗ്രൗണ്ട് സ്കോറിന്റെ പ്രാധാന്യം? 

തീരെ ബാക്ക്ഗ്രൗണ്ട് സ്കോറില്ലാത്ത കുറെയേറെ പടങ്ങൾ ഉണ്ട്. നമ്മൾ ഏത് ഴോണർ പടം എടുക്കുന്നു, അതിന്റെ മെയ്ക്കിങ് എങ്ങനെയാണ് എന്നൊക്കെ നോക്കിയാണ് സിനിമക്കകത്തു ബാക്ക്ഗ്രൗണ്ട് സ്കോർ വേണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുക. വളരെയധികം ഹിറ്റ് ആയി മാറിയ പാരനോർമൽ ആക്റ്റിവിറ്റി എന്ന സിനിമയിൽ ബാക്ക്ഗ്രൗണ്ട് സ്കോറില്ല. അതൊരു ഹൊറർ മൂവിയാണ്. അതിന്റെ മെയ്ക്കിങ് അങ്ങനെയായത് കൊണ്ടാണത് അങ്ങനെയൊക്കെയാക്കിയത്. സംവിധായകന്റെ താല്പര്യമാണ് അവിടെയൊക്കെ ഘടകം. സനൽ കുമാർ ശശിധരൻ ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന സിനിമയിലും മിനിമൽ ആണ് മ്യൂസിക്. അതാ സംവിധായകന്റെ തീരുമാനമാണ്. ഇനിയിപ്പോ കോമഴ്ഷ്യൽ സക്സസ് വേണ്ട മിക്ക സിനിമക്കും ബാക്ക്ഗ്രൗണ്ട് സ്കോർ വേണ്ടിവരും. എല്ലാം സംവിധായകരുടെ തീരുമാനം ആശ്രയിച്ചിരിക്കും.