മലയാളം സിനിമ ടുഡെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചാവുകല്യാണം എന്ന സിനിമയുടെ സംവിധായകൻ വിഷ്‍ണു ബി ബീനയുമായി അഭിമുഖം.

പതിനെട്ടാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവെച്ച് നാട്ടിലേക്ക് വന്നു- സിനിമ പിടിക്കാൻ. അങ്ങനെ എടുത്ത ആദ്യ സിനിമ ഐഎഫ്എഫ്‍കെയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഷോര്‍ട് ഫിലിമിന്റെ ബജറ്റില്‍ ഒരുക്കിയ ചാവുകല്യാണവുമായി ഐഎഫ്എഫ്‍കെയിലേക്ക് എത്തുമ്പോള്‍ മുപ്പതുകാരൻ വിഷ്‍ണു ബി ബീന നിറഞ്ഞ സന്തോഷത്തിലാണ്. ചാവുകല്യാണത്തിന്റെ പിന്നിലെ കഥകളെ കുറിച്ച് സംവിധായകൻ വിഷ്‍ണു ബി ബീന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

എന്താണ് ചാവുകല്യാണം?

ചാവുകല്യാണം സെലിബ്രേഷൻ ഓഫ് ഡെത്ത് എന്നുള്ള രീതിയിലാണ് ഉപോയിഗിച്ചിരിക്കുന്നത്. മലബാറിലൊക്കെ പ്രായമായ ആൾക്കാർ മരിക്കുമ്പോൾ പൊതുവെ പറയുന്ന പേരാണ് ചാവുകല്യാണം. ആ മരണവീട്ടില്‍ ഉണ്ടാകുന്ന കുറെ സംഭവങ്ങളും ഫാമിലി റീയൂണിയനും ഫാമിലി ഇമോഷൻസും ഒക്കെ ചേർന്നതാണ് ചാവുകല്യാണം എന്ന സിനിമ. ഇതൊരു മോക്യുമെന്ററി സ്റ്റൈലിലുള്ള ഒരു സിനിമയാണ് എന്ന് ഒറ്റ വാചകത്തില്‍ പറയാം.

ചാവുകല്യാണം എന്ന ആശയത്തിലേക്ക് എത്തുന്നതെങ്ങനെയാണ്?

ഞാൻ നേരത്തെ പറഞ്ഞതുപോലെ പ്രായമായിട്ടുള്ള ആള്‍ക്കാര്‍ മരിക്കുമ്പോള്‍ ചാവുകല്യാണം എന്നാണ് പറയാറുള്ളത്. എന്റെ അമ്മാച്ചനും വീടിന്റെ അടുത്തുള്ള ആള്‍ക്കാരൊക്കെ മരിച്ചപ്പോള്‍ ആ മരണ വീട്ടിലെ സംഭവങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ അകത്ത് ഒരു സിനിമയുണ്ടല്ലോ എന്ന് തോന്നി. നമ്മള്‍ നേരിട്ട് കണ്ടിട്ടുള്ള സംഭവങ്ങള്‍ ഒക്കെ ചേര്‍ത്ത് സിനിമയായി എഴുതിനോക്കിയതാണ്. ഒരു സ്ഥലത്ത് മാത്രം നടക്കുന്ന കഥയാകുമ്പോള്‍ ബജറ്റ് കുറയുമെന്ന് വിചാരിച്ച് മരണവീട് നമ്മൾ സെറ്റ് ചെയ്യുകയുമായിയിരുന്നു.

ആദ്യ സിനിമ തന്നെ ഐഎഫ്എഫ്‍കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എന്തു തോന്നി?

ഞാൻ ആദ്യമായിട്ടാണ് ഐഎഫ്എഫ്‍കെയ്‍ക്ക് വരുന്നത്. അതും സ്വന്തം സിനിമയായിട്ടായതില്‍ വലിയ സന്തോഷമുണ്ട്.

ചാവുകല്യാണത്തിനറെ പ്രീമിയറാണ് ഐഎഫ്എഫ്‍കെയില്‍ നടക്കാനിരിക്കുന്നത്?. എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്?

ഇതൊരു വളരെ ലൈറ്റായിട്ടുള്ള ഒരു സിനിമയാണ്. ഫ്രീ ടൈം ഒക്കെ കിട്ടുമ്പോൾ, വൈകുന്നേരം ചായ ഒക്കെ കുടിച്ച് കാണാൻ പറ്റുന്ന ഒരു സിനിമ. ഭയങ്കര ഡാർക്ക് ആയിട്ടുള്ള സബ്‍ജക്റ്റ് ഒന്നുമല്ല. ചെറിയ ചെറിയ തമാശ ഒക്കെയായിട്ട് പോകുന്ന സിനിമയാണ്. പാട്ടുകളൊക്കെ ഉള്ള ഒരു സിനിമ.

എങ്ങനെയാണ് ഒരു സംവിധായകനാകണമെന്ന തീരുമാനത്തിലെത്തുന്നത്?

സിനിമ ചെയ്യണമെന്ന് ചെറുപ്പംമുതലേ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇതിലേക്ക് എത്തിപ്പെടാൻ കുറച്ച് സമയം എടുത്തു. ഞാൻ കുറച്ചു കാലം ആർമിയിൽ വർക്ക് ചെയ്‍തിരുന്നു. നാലഞ്ച് വര്‍ഷം കഴിഞ്ഞ് ആര്‍മിയില്‍ നിന്ന് രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടില്‍ നിന്നാല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിച്ച് ചാലക്കുടിയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ഗ്രാജുവേഷൻ ചെയ്‍തു. വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദമൊക്ക ഒരുവശത്തുണ്ടായിരുന്നു. അതിനിടയ്‍ക്ക് മായനാട് യുപി സ്‍കൂളില്‍ ഹിന്ദി ടീച്ചറായിട്ട് ജോലി കിട്ടി.

അപ്പോഴും സിനിമാക്കാരനാകാൻ ആഗ്രഹിച്ച് അസിസ്റ്റന്റ് ആയിട്ട് ചാൻസ് ചോദിക്കാനും മറ്റും ശ്രമിക്കുന്നുണ്ടായിരുന്നു. അതൊന്നും നടന്നില്ല. എന്തായാലും ഒടുവില്‍ ഇവിടെ എത്തി.

സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിച്ചെടുത്തതെങ്ങനെയാണ്?

വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ സിനിമയുടെയടക്കമുള്ള പാഠങ്ങളുണ്ടല്ലോ. പിന്നെ അവിടെ പഠിക്കുമ്പോള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഷോര്‍ട് ഫിലിമുകളൊക്കെ ചെയ്‍തിട്ടുണ്ട്. സീറോ ബജറ്റിലാണ് അവയൊക്കെ എടുത്തത്. അങ്ങനെയാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്.

ചാവുകല്യാണത്തിന്റെ ബജറ്റ് കണ്ടെത്തിയത് എങ്ങനെയാണ്?

ബജറ്റ് കണ്ടെത്താൻ കുടുംബക്കാര് സഹായിച്ചിരുന്നു. എന്റെ അച്ഛൻ, അമ്മ, ഏട്ടൻ ഒക്കെ കുറച്ച് കുറച്ച് പൈസ തന്നിരുന്നു. ഒരു പേഴ്‍സണല്‍ ലോണെടുത്തു. ഒരു കുറിയുണ്ടായിരുന്നു. സുഹൃത്തുക്കളൊക്കെ ചെറിയ പൈസയൊക്കെ തന്ന് സഹായിച്ചു. അമ്മയുടെ ചേച്ചി കുറച്ചധികം പൈസ തന്നു. അജിത ജയചന്ദ്രൻ എന്നാണ് അവരുടെ പേര്. പ്രൊഡ്യൂസറുടെ പേരും അവരുടേതാണ് നല്‍കിയത്. ഒരു തരത്തില്‍ ക്രൗഡ് ഫണ്ടിംഗ് വഴിയെടുത്ത സിനിമയാണ് ചാവുകല്യാണം. ഒരു ഷോര്‍ട് ഫിലിമിന്റെ ബജറ്റിലെടുത്ത സിനിമയാണ് ചാവുകല്യാണം.

36 പുതുമുഖങ്ങള്‍ എന്ന ടാഗ്‍ലൈനിന് പിന്നില്‍?

കോഴിക്കോട്ടെ എലത്തൂരാണ് എന്റെ നാട്. കോഴിക്കോട്ടത്തെ ആള്‍ക്കാരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നതും. അയല്‍പ്പക്കത്തുള്ളവരും നാട്ടിന് സമീപത്തുള്ളവരുമൊക്കെയാണ് അഭിനയിച്ചിരിക്കുന്നത്. അഭിമൽ ദിനേഷ്, തേജാലക്ഷ്‍മി, നിതീഷ് ഭാസ്‍കർ, അജയരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എല്ലാവരും കാശ് വാങ്ങാതെയാണ് അഭിനയിച്ചത്.

അണിയറപ്രവര്‍ത്തകരും മിക്കവരും നവാഗതരാണ്. സിനിമാറ്റോഗ്രാഫർ ശ്രീഹരിയാണ്. ശ്രീഹരി എസ്ആർഎഫ്‍ടിഐയിൽ പഠിച്ചതാണ്. എന്റെ കൂടെ ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്തേയുള്ള സുഹൃത്താണ്. കണ്ണൂരില്‍ നിന്നുള്ള രാഹുലാണ് എഡിറ്റര്‍. മ്യൂസിക് ചെയ്‍തിരിക്കുന്നത് നിതിൻ ജോർജാണ്. മെൽവിൻ, അജയ് ശങ്കർ എന്നവര്‍ ചെയ്‍ത പാട്ടുകളും സിനിമയില്‍ ഉണ്ട്. സൗണ്ട് ഹൃദ്യയാണ് ചെയ്‍തത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രണവ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ വിഷ്‍ണുപ്രസാദ് പി കെ. മിക്കവരും എന്റെ സുഹൃത്തുക്കളാണ്.

അഭിനേതാക്കള്‍ക്ക് പരിശീലനം എന്തെങ്കിലും നല്‍കിയിരുന്നോ?

ഒരു ആഴ്‍ചത്തെ ക്യാമ്പ് നടത്തിയിരുന്നു. സ്‍ക്രിപ്റ്റ് വായിച്ച് ചെയ്‍ത് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. റിയലിസ്റ്റിക് കഥയായതുകൊണ്ട് പുതുമുഖങ്ങള്‍ ഗുണകരമായി. ഓരോ ആള്‍ക്കാരെയും റോ ആയിട്ട് കാണിക്കണമെന്നായിരുന്നു. അധികം സമയം നമുക്കുണ്ടായിരുന്നില്ല. 25 ദിവസത്തെ ഷൂട്ടിംഗായിരുന്നു നടന്നത്.

ലൊക്കേഷൻ?

പട്ടർപാലത്ത് വെച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. അവിടെ ഒരു വീട്ടിലാണ് സെറ്റിട്ടത്. കടയില്‍ നിന്നുള്ള ചില രംഗങ്ങളൊക്കെ അതിന് അടുത്ത പ്രദേശത്ത് തന്നെ ഷൂട്ട് ചെയ്‍തു.