തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. തലചുറ്റല്‍, ക്ഷീണം, കാഴ്ചക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക എന്നിവയും ലക്ഷണങ്ങളാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് അസാധാരണമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 

ക്യാന്‍സര്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ക്യാന്‍സറുകളില്‍ മാരകമായ ഒന്നാണ് രക്താര്‍ബുദം അഥവാ ബ്ലഡ് ക്യാന്‍സര്‍. ബ്ലഡ്‌ ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ‌ലുക്കീമിയ എന്ന പേരിലും ഇത് അറിയപ്പെടുന്നു.  ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പെട്ടെന്ന് കുറഞ്ഞുക്കൊണ്ടിരിക്കും ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും.