പുതിയ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം നൽകുന്നുവെന്ന വിമർശനങ്ങൾക്കിടെ, പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ടിസിഎസ് വൻ പാക്കേജുകൾ നൽകുന്നതായി റിപ്പോർട്ട്. 50 ലക്ഷത്തിന് മുകളിൽ ശമ്പളമുള്ള ഒരു ഉദ്യോഗാർത്ഥിക്ക് 25 ശതമാനം വർധനവ് നൽകിയെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൂടാതെ, പുതിയ തൊഴിൽ നിയമങ്ങൾക്കനുസരിച്ച് ശമ്പള ഘടനയിലും മാറ്റങ്ങൾ വരുത്ത.
പുതിയ ജീവനക്കാർക്ക് കുറഞ്ഞ ശമ്പള പാക്കേജുകൾ നൽകുന്നുവെന്ന വിമർശനം നേരിടാറുള്ള ഐടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ ടിസിഎസ്. പ്രതിവർഷം മൂന്നുലക്ഷം രൂപയോളം വരുന്ന പാക്കേജുകളാണ് പുതുമുഖങ്ങൾക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ ടിസിഎസിനെതിരായ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി ഇവൈ ജീവനക്കാരനായ സോഫ്റ്റ്‌വെയർ ഡെവലപ്പർ രംഗത്തെത്തിയിരിക്കുകയാണ്.
ഹൈദരാബാദ് സ്വദേശിയായ പങ്കജ് കുമാറാണ് തന്റെ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 10 വർഷത്തിലേറെയായി എന്റർപ്രൈസ് ആപ്ലിക്കേഷനുകളുടെ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കുമാർ, ടിസിഎസിന്റെ ഇക്കോസ്പേസ് ക്യാമ്പസിൽ മാനേജർ തലത്തിലുള്ള അഭിമുഖത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു.
50 ലക്ഷം രൂപയ്ക്ക് മുകളിൽ നിലവിലെ സിടിസി
അഭിമുഖവുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് തന്റെ ശമ്പള പ്രതീക്ഷകൾ പാലിക്കാൻ ടിസിഎസ് തയ്യാറാണോ എന്ന് ഉറപ്പാക്കാൻ അദ്ദേഹം തീരുമാനിച്ചു. പ്രതീക്ഷിക്കുന്ന സിടിസി നൽകാൻ കഴിയുമോ എന്ന് കമ്പനിയോട് മൂന്ന് തവണ ചോദിച്ചുവെന്നാണ് കുമാറിന്റെ അവകാശവാദം. ടിസിഎസ് തനിക്ക് 25 ശതമാനം ശമ്പള വർധനയും നൽകുന്നുണ്ടെന്നും അതുകൊണ്ട് ടിസിഎസിനെ പരിഹസിക്കുന്നത് നിർത്തൂ എന്നുമാണ് കുമാർ പറയുന്നത്.
62.5 ലക്ഷം രൂപയിലധികം പാക്കേജ്?
കുമാർ പങ്കുവച്ച കണക്കുകൾ പ്രകാരം 50 ലക്ഷം രൂപയുടെ സിടിസിയിൽ 25 ശതമാനം വർധന ലഭിച്ചാൽ വാർഷിക പാക്കേജ് കുറഞ്ഞത് 62.5 ലക്ഷം രൂപയാകും. എന്നാൽ അദ്ദേഹത്തിന്റെ കൃത്യമായ നിലവിലെ സിടിസിയും പുതിയ ശമ്പള പാക്കേജിന്റെ ഘടനയും അനുസരിച്ച് യഥാർഥ പ്രതിഫലം ഇതിലും കൂടുതലായിരിക്കാം.
മൂന്ന് ലക്ഷം രൂപ മാത്രമല്ല നൽകുന്നത്...
പുതിയ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ടിസിഎസ് വിമർശനങ്ങൾക്ക് മറുപടിയായാണ് കുമാറിന്റെ പ്രതികരണം. എന്നാൽ അദ്ദേഹത്തിന്റെ അനുഭവം 10 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഒരു പ്രൊഫഷണലിന്റേതും മാനേജർ തലത്തിലുള്ള തസ്‍തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടതുമാണ്. ടിസിഎസിനെ ട്രോൾ ചെയ്യുകയും അവർ മൂന്ന് ലക്ഷം രൂപ വാർഷിക പാക്കേജ് മാത്രമാണ് നൽകുന്നതെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ തെറ്റാണ്. കാരണം ടിസിഎസ് അതിനെക്കുറിച്ചുള്ള പൊതുധാരണ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പങ്കജ് കുമാർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം
പങ്കജ് കുമാറിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോൾ, 50 ലക്ഷം രൂപയിലധികം സമ്പാദിക്കുന്ന ഒരു പ്രൊഫഷണലിന് ഇതിലും വലിയ ശമ്പള വർധന ലഭിക്കേണ്ടതായിരുന്നുവെന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്.
പരിചയ സമ്പന്നനായ ഒരു ഉദ്യോഗാർഥിക്ക് ഇത്രയും ഉയർന്ന പാക്കേജ് ലഭിക്കാൻ കാരണമെന്താകാമെന്നും ചിലർ വിശദീകരിച്ചു. പോർഷെയും എഐ/എംഎൽ പദ്ധതികളും ഉൾപ്പെടുന്ന പ്രത്യേക പ്രോജക്ടുകൾക്കായി പ്രത്യേക വൈദഗ്ധ്യമുള്ള ജീവനക്കാരെ ടിസിഎസ് നിയമിക്കുന്നുണ്ടാകാമെന്നാണ് ഒരാളുടെ അഭിപ്രായം. എന്നാൽ ഇത് സമൂഹമാധ്യമത്തിലെ ഒരു ഉപയോക്താവിന്റെ അഭിപ്രായം മാത്രമാണ്. ടിസിഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ശമ്പള പരിഷ്‍കരണത്തിലും ടിസിഎസിന് വിമർശനം
2026 മേയിൽ ടിസിഎസ് ഏറ്റവും പുതിയ ശമ്പള പരിഷ്‍കരണം നടപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ചർച്ചകൾ ഉയരുന്നത്. ശരാശരി അഞ്ച് ശതമാനത്തോളം ശമ്പള വർധന പ്രഖ്യാപിച്ചിരുന്നെങ്കിലും ചില ജീവനക്കാർക്ക് ലഭിച്ച പരിഷ്‍കരണം വളരെ ചെറിയതാണെന്നും ചില സാഹചര്യങ്ങളിൽ രേഖകളിൽ ശമ്പളം കുറഞ്ഞതായി കാണുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇന്ത്യയിലെ പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി ശമ്പള ഘടനയിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിന് ഒരു കാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ സിടിസിയിൽ ഗ്രാറ്റുവിറ്റി ടിസിഎസ് ഉൾപ്പെടുത്തിയില്ല. എന്നാൽ ആനുകൂല്യം കമ്പനി നൽകുന്നത് തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മൊത്ത ശമ്പളത്തിലും ജീവനക്കാർക്ക് ലഭിക്കുന്ന തുകയിലും മാറ്റമില്ലെന്നും പഴയ ശമ്പള രേഖകളിൽ ഗ്രാറ്റുവിറ്റി ഉൾപ്പെടുത്തിയിരുന്നതിനാലാണ് താരതമ്യത്തിൽ ആശയക്കുഴപ്പം ഉണ്ടായതെന്നും കമ്പനിയിലെ മുതിർന്ന വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
വേരിയബിൾ പേയിലും ആശങ്ക
വേരിയബിൾ പേ സംബന്ധിച്ചും ജീവനക്കാർ ആശങ്ക ഉന്നയിച്ചിരുന്നു. പ്രതിമാസം ലഭിച്ചിരുന്ന ചില തുകകൾ കുറയ്ക്കുകയോ ത്രൈമാസ, വാർഷിക പേയ്മെന്റ് രീതിയിലേക്ക് മാറ്റുകയോ ചെയ്തുവെന്നാണ് ചില ജീവനക്കാരുടെ ആരോപണം. വർക്ക് ഫ്രം ഓഫീസ് നിബന്ധന പാലിക്കുന്നതുമായി ബോണസുകളും പ്രകടനാധിഷ്ഠിത ആനുകൂല്യങ്ങളും കൂടുതൽ ബന്ധിപ്പിക്കുന്നുവെന്നും ചിലർ ആരോപിക്കുന്നു.
പെർഫോമൻസിന് അനുസരിച്ച് ശമ്പള വർധനവ്
ജീവനക്കാരുടെ പ്രകടനം സംബന്ധിച്ചുള്ള വിലയിരുത്തൽ അനുസരിച്ചും ശമ്പള വർധനയിൽ വ്യത്യാസമുണ്ടായി. എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെട്ട ജീവനക്കാർ ഇരട്ട അക്കത്തിൽ ശമ്പള വർധന ലഭിച്ചതായി റിപ്പോർട്ട് ചെയ്തപ്പോൾ, ബി, സി വിഭാഗങ്ങളിലുള്ള ചില ജീവനക്കാർക്ക് വർധന വളരെ കുറവായിരുന്നുവെന്നാണ് അവകാശവാദം.
അതേസമയം പുതിയ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനും ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പള ഘടന ഏകീകരിക്കുന്നതിനും വേണ്ടിയാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ടി.സി.എസ് വ്യക്തമാക്കി. ജീവനക്കാരുടെ കൈയിൽ ലഭിക്കുന്ന ശമ്പളം സംരക്ഷിക്കുന്നതിനൊപ്പം നികുതി ആസൂത്രണത്തിന് കൂടുതൽ സൗകര്യം നൽകുന്നതിനാണ് പുതിയ ഘടനയെന്നും കമ്പനി അറിയിച്ചു.
ക്യു4 വരുമാന പ്രഖ്യാപനത്തിൽ അറിയിച്ചതനുസരിച്ച് അർഹരായ ജീവനക്കാർക്കുള്ള വാർഷിക ശമ്പള വർധന നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ എല്ലാ ജീവനക്കാരുടെയും ശമ്പള ഘടന പുതിയ തൊഴിൽ നിയമങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ പുനഃക്രമീകരിക്കുന്ന നടപടിയും പൂർത്തിയാക്കിയതായി ടിസിഎസ് വക്താവ് ഇന്ത്യ ടുഡേ ടെക്കിനോട് പറഞ്ഞു. അർഹരായ ജീവനക്കാർക്ക് വർഷംതോറും വാർഷിക ശമ്പള വർധന നൽകുന്നത് കമ്പനി തുടരുന്നുണ്ടെന്നും ടിസിഎസ് വ്യക്തമാക്കി.


