ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇറക്കുമതി തീരുവ കുറച്ചതോടെ സ്‌കോച്ച് വിസ്‌കികളുടെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ വിദേശ സ്‌കോച്ച് വിസ്‌കികളും ഇന്ത്യൻ വിസ്‌കികളും തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞു. ഇത് ഇന്ത്യൻ വിസ്‌കി നിർമ്മാതാക്കൾക്ക് വിപണിയിൽ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ സ്‌കോച്ച് വിസ്‌കികളുടെ വിലയില്‍ വലിയ കുറവ് വന്നതോടെ, ഇന്ത്യന്‍ വിസ്‌കികളും വിദേശ സ്‌കോച്ച് വിസ്‌കികളും തമ്മിലുള്ള വിലയിലെ അന്തരം ഗണ്യമായി കുറയുകയാണ്. ഇന്ത്യന്‍ വിസ്‌കി നിര്‍മ്മാതാക്കള്‍ക്ക് ഇത് വിപണിയില്‍ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ഉദാഹരണത്തിന് കര്‍ണാടകയില്‍ 750 മില്ലി റെഡ് ലേബലിന്റെ വില 2,810 രൂപയില്‍ നിന്ന് 2,620 രൂപയായി കുറഞ്ഞു. ബ്ലാക്ക് ലേബലിന്റെ വില 4,005 രൂപയില്‍ നിന്ന് 3,645 രൂപയായും കുറഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റിന് 2,365 രൂപയാണ് നിലവിലെ വില. അതായത്, വെറും 255 രൂപ കൂടി അധികം നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് റെഡ് ലേബല്‍ വാങ്ങാം എന്ന സ്ഥിതിയാണുള്ളത്. കൂടാതെ ജെ ആന്‍ഡ് ബി വിസ്‌കിയുടെ വില 2,835 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 1,375 രൂപയായി കുറഞ്ഞു

വില കുറയാന്‍ കാരണമെന്ത്?

ഇന്ത്യ- യുകെ വ്യാപാരക്കരാറിന്റെ ഭാഗമായി വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി പകുതിയായി കുറച്ചതാണ് ഈ വലിയ വിലക്കുറവിന് പ്രധാന കാരണം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ നികുതികളും, മദ്യം എവിടെ വെച്ച് കുപ്പിയിലാക്കുന്നു എന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. വിലക്കുറവ് ആദ്യം നടപ്പിലാക്കിയ ഡിയാജിയോ, ഏഴ് സംസ്ഥാനങ്ങളില്‍ ഇതിനകം പുതിയ വിലകള്‍ നിലവില്‍ വന്നതായി അറിയിച്ചു. മറ്റ് നാല് വിപണികളില്‍ കൂടി മാറ്റങ്ങള്‍ ഉടന്‍ നടപ്പിലാക്കും. എന്നാല്‍ ഡല്‍ഹിയിലും ഹരിയാനയിലും നിലവില്‍ വിലയില്‍ മാറ്റം വന്നിട്ടില്ല.

ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടുകളും കടുത്ത മത്സരത്തില്‍

വിലയിലെ ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിസ്‌കികളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. 750 മില്ലി വുഡ്ബേണ്‍സ് വിസ്‌കിക്ക് 2,500 രൂപയും, ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടായ പോള്‍ ജോണ്‍ നിര്‍വാണയ്ക്ക് 2,360 രൂപയുമാണ് നിലവിലെ വില. സിംഗിള്‍ മാള്‍ട്ടുകള്‍ തമ്മിലുള്ള മത്സരവും വിപണിയില്‍ കടുക്കുകയാണ്. ഗ്ലെന്‍ഫിഡിച്ച് 12-ന് 5,610 രൂപയില്‍ നിന്ന് 5,275 രൂപയായി വില കുറഞ്ഞിട്ടുണ്ട്. അമൃത് അമാല്‍ഗം 500 മില്ലിക്ക് 2,000 രൂപയാണ് വില.