Asianet News MalayalamAsianet News Malayalam

'ട്രയിനിന്‍റെയും ലോറിയുടെയും സീറ്റിനടിയില്‍ കിടന്ന് യാത്ര ചെയ്തിട്ടുണ്ട്'; ഉമ്മന്‍ ചാണ്ടിയുടെ യാത്രാനുഭവങ്ങള്‍

' 1970ൽ എംഎൽഎ ആയെങ്കിലും സ്ഥിരമായി കാർ കിട്ടുന്നത് 1977 ൽ മന്ത്രിയാകുമ്പോഴാണ്. ഇതിനിടെ 74 ൽ എം ആർ എഫിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്‍റ് എന്ന നിലയിൽ കാർ ലഭിച്ചിരുന്നു. അന്ന് എസി ഇട്ടുള്ള കാർ യാത്ര  ലക്ഷ്വറിയാണ്. അതിനാൽ ഗ്ലാസ് താഴ്ത്തിയാണ് കാര്‍ യാത്രകളെല്ലാം. പിന്നെ അതൊരു ശീലമായി. '

Oommen Chandy mla's Journey experience by S Ajith Kumar
Author
Thiruvananthapuram, First Published Aug 9, 2022, 12:48 PM IST


തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എന്‍റെ ട്രെയിൻ യാത്ര ശബരിയിലായിരുന്നു. സ്പ്ലീപ്പർ ക്ലാസിൽ ടിക്കറ്റെടുത്ത് കയറിയപ്പോൾ തൊട്ടടുത്ത സീറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപ്രതീക്ഷത വിഐപി സഹയാത്രികൻ. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാരിൽ പലരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ അദ്ദേഹത്തിന്‍റെ യാത്രകളെക്കുറിച്ച് ചോദിച്ചു. ഏറ്റവും കൂടുതൽ കാലം എംഎൽഎ എന്ന റിക്കോഡിട്ട ഉമ്മൻചാണ്ടി, തന്‍റെ യാത്രകളെ കുറിച്ച് പറഞ്ഞ് തുടങ്ങി...

കോട്ടയത്ത് നിന്ന് ബസിലാണ് പലപ്പോഴും യാത്ര. അന്നൊക്കെ ട്രെയിനിൽ കയറണമെങ്കിൽ കൊച്ചി വെല്ലിംഗ്ടണിലേക്ക് പോകണം. മലബാർ പ്രദേശത്തേക്കാണ് അന്നത്തെ പ്രധാനപ്പെട്ട ട്രെയിൻ യാത്രകളെല്ലാം. അന്ന് റിസർവേഷനിൽ കയറാൻ പണമില്ല. നാലണയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. പണമില്ലാത്തതിനാല്‍ ട്രെയിൻ യാത്രക്ക് പോകുമ്പോൾ ഞാന്‍ ന്യൂസ് പേപ്പർ കൂടി കരുതും. ജനറൽ കംമ്പാർട്ട്മെന്‍റിൽ കയറി, സീറ്റിന്‍റെ അടിയിൽ പേപ്പർ വിരിക്കും. എന്നിട്ട് തിരിഞ്ഞ് കിടക്കും. ചൂല്, കുട്ട, ചട്ടി ഒക്കെയായി കയറുന്ന യാത്രക്കാര്‍ക്കിടയില്‍ സീറ്റിനടിയിലുള്ള എന്‍റെ കിടത്തം മറ്റ് യാത്രക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഉറങ്ങുകയാണല്ലോയെന്ന് കരുതി ആരും ശല്യം ചെയ്യാറില്ല. 

Oommen Chandy mla's Journey experience by S Ajith Kumar

സീറ്റിനടിയിലെ മറ്റൊരു യാത്ര

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിന്‍റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് സംസ്ഥാന എക്സിക്യൂട്ടീവ് നിശ്ചയിച്ചു. എ കെ ആന്‍റണി, വയലാർ രവി, വി എം സുധീരൻ, എ സി ഷൺമുഖദാസ് എന്നിവരും ഒപ്പമുണ്ട്. എങ്ങനെയും എറണാകുളത്തെത്തണം. കാർ പിടിക്കാനാണെങ്കില്‍ കൈയില്‍ കാശില്ല. ഒടുവിൽ ലോറിയിൽ കയറിപ്പോകാൻ തീരുമാനിച്ചു. ഡ്രൈവർ സീറ്റിന് പുറകിലെ സീറ്റിൽ അഞ്ച് പേർക്കിരിക്കാം. ഞങ്ങൾ കൈ കാണിച്ച വണ്ടിയിൽ ക്ലീനർ കൂടി ഉള്ളതിനാൽ നാല് പേർക്കെ ഇരിക്കാനാവൂ. ഞാന്‍ ട്രെയിൻ യാത്രയിലേത് പോലെ സീറ്റിനടിയിൽ കിടക്കാമെന്ന് ഏറ്റു. കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്‍റായിരുന്ന വി എം സുധീരൻ തൃശൂരിൽ അന്ന് പ്രശസ്തനാണ്. ലോറി തൃശൂര്‍ ജില്ലയിലേക്ക് കയറിയപ്പോഴെ സുധീരൻ മുഖം മറച്ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ഉത്സവഘോഷ യാത്ര അത് വഴി വന്നു. പരമാവധി മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സുധീരാ എന്ന് വിളിച്ചു. ഉടൻ ഞാൻ മാത്രമല്ല ആൻറണിയും വയലാർ രവിയുമുണ്ട് എന്നായിരുന്നു സുധീരന്‍റെ മറുപടി. തീർന്നില്ല സീറ്റിനടിയിൽ തിരിഞ്ഞ് കിടക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്നും സുധീരൻ വിളിച്ച് പറഞ്ഞു.

ഉമ്മൻ ചാണ്ടിയാണെന്ന് വിശ്വസിക്കാത്ത ഒരു കടക്കാരൻ

എ സി ഷൺമുഖദാസിന്‍റെ കല്യാണം കോഴിക്കോട് വച്ച് നടക്കുന്നു. തൊട്ടടുത്ത ദിവസം പാലക്കാട് കെ എസ് യു യോഗം നടക്കുന്നു. യോഗത്തിനെത്താമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. എ കെ ശശീന്ദ്രനും ഒപ്പം കൂടി. എംഎൽഎയായതിനാൽ എനിക്കന്ന് കെഎസ്ആർടിസി ബസ് യാത്ര സൗജന്യമാണ്. ശശീന്ദ്രന് വേണ്ടി രണ്ട് രൂപ കടം വാങ്ങിയാണ് ഞങ്ങളുടെ യാത്ര. അന്നൊക്കെ കോഴിക്കോട് നിന്നും ഷൊർണൂരെത്തി വണ്ടി മാറി കയറണം. എന്നിട്ടും ടിക്കറ്റ് നിരക്ക് കഴിഞ്ഞ് നാലണ പിന്നെയും ബാക്കി. വണ്ടി പെരിന്തൽമണ്ണയിലെത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ആ നാലണ കൊണ്ട് ഞങ്ങളും ചായ കുടിച്ചു. പക്ഷേ, ബസ് ഷൊർണൂരിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. അവസാനത്തെ കെഎസ്ആർടിസി ബസും പോയി. ഇനി പ്രൈവറ്റ് ബസ് മാത്രമേയുള്ളൂ. അതിൽ കയറിയാൽ എനിക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. അതിന്, കൈയില്‍ പൈസയില്ല. ഒടുവിൽ രാവിലെ ആറ് മണി വരെ കെഎസ്ആര്‍ടിസി ബസ് കാത്ത് നിന്നു. അതിരാവിലെ ഒരു കട തുറന്നപ്പോൾ കടക്കാരനോട് കഥ പറഞ്ഞു. എന്നാൽ എംഎൽഎ ഉമ്മൻ ചാണ്ടിയാണ് താനെന്ന് കടക്കാരൻ ഒരു തരത്തിലും വിശ്വസിച്ചില്ല. ഏറെ നിർബന്ധിച്ചപ്പോൾ 'ഒരു രൂപയല്ലേ, പോട്ടെ' എന്ന നിലയിൽ കടക്കാരൻ തന്നു. അതുമായി പാലക്കാട്ടേക്ക് തിരിച്ചു. രണ്ടാഴ്ചക്ക് ശേഷം കെ എ ചന്ദ്രനുമൊത്ത് ഷൊർണൂരില്‍ തിരിച്ചെത്തിയപ്പോള്‍ കടക്കാരന് ആ ഒരു രൂപ മടക്കി നൽകി. അപ്പോഴാണ് താന്‍ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന് കടക്കാരന് വിശ്വാസമായത്. 

Oommen Chandy mla's Journey experience by S Ajith Kumar

യാത്രയിലെ മറക്കാനാവാത്ത അനുഭവം

ഒരിക്കൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പോകാൻ ട്രെയിനില്‍ കയറി. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരു സ്ത്രീ മാത്രം ഏറെ വിഷമിച്ചിരിക്കുന്നു. അങ്ങനെ അവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചു. 

' നിലമ്പൂരിന് പോകുന്നു..' 
' മകളെ അവിടെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചിരിക്കുന്നു.' 

അവര്‍ വീണ്ടും വിദൂരതയിലേക്ക് നോക്കി നിശബ്ദയായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ അവര്‍ അവരുടെ കഥ പറഞ്ഞു.

' വിധവയാണ്. മകൾക്ക് കല്യാണപ്രായമായി. അവർ വീട്ടുജോലിക്ക് പോയാൽ മാത്രമാണ് ആ കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് നീങ്ങുക. യാതൊരു സുരക്ഷയില്ലാത്ത വീടാണ്. ജോലിക്ക് പോകുമ്പോൾ മകളെ ഒറ്റക്ക് നിർത്താൻ പേടി. അതിനാൽ നിലമ്പൂരിലെ ഒരു ആശ്രമത്തിൽ നിർത്തിയിരിക്കുകയാണ്.' 

ഞാന്‍ അവരുടെ ഫോൺ നമ്പർ വാങ്ങി. പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്തിയിൽ ഒരു വീട് വേണമെന്ന ആവശ്യം വ്യക്തമാക്കി. സാബു മുൻകൈ എടുത്ത് അവിടെ ഒരു വീട് നിര്‍മ്മിച്ച് നല്‍കി. ഒടുവിൽ വീടിന്‍റെ പാല് കാച്ചൽ തന്‍റെ സൗകര്യാർത്ഥം രാത്രി 9 മണിക്കാണ് അവർ നടത്തിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 

Oommen Chandy mla's Journey experience by S Ajith Kumar

അക്കാലത്തെ ദില്ലി യാത്രകള്‍ 

പണ്ട് ദില്ലിയിൽ പോകുന്നത് ചെന്നൈ വഴിയാണ്. മദ്രാസ് മെയിലിൽ രാവിലെ ചെന്നൈയിലെത്തും. വൈകിട്ട് ഗ്രാന്‍റ് എക്സ്പ്രസിലാണ് ദില്ലി യാത്ര. കേരളത്തിൽ നിന്നുള്ള ഏക എം പി പനമ്പള്ളി ഗോവിന്ദ മേനോനാണ്. എന്നാൽ, തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത് ലക്ഷദ്വീപ് എം പി, പി എം സയ്യിദിനോടും. അതിനാൽ ദില്ലിയിൽ താമസം സയ്യിദിന്‍റെ വീട്ടിലായിരിക്കും. ഇന്നത്തെ അത്ര സൗകര്യങ്ങളില്ലെങ്കിലും അന്നത്തെ യാത്രകള്‍ നല്‍കിയ  സന്തോഷമോ സംത്യപ്തിയോ ഇന്നില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു. 

ആദ്യമായി എംഎല്‍എയായപ്പോള്‍ ഒപ്പം പിണറായിയും

1970 ൽ എംഎൽഎ ആയപ്പോൾ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. രാത്രി 12.30 ന് കോട്ടയത്ത് നിന്ന് എടുക്കുന്ന വണ്ടി പുലർച്ചെ 4.30 ന് തലസ്ഥാനത്തെത്തും. പിണറായി വിജയനും താനും ആദ്യമായി ഒരേ തെരെഞ്ഞെടുപ്പ് ജയിച്ച് ഒരുമിച്ചാണ് എംഎൽഎമാരായി നിയമസഭയിലെത്തുന്നത്. അന്നത്തെ എംഎൽഎമാര്‍ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

Oommen Chandy mla's Journey experience by S Ajith Kumar

കാര്‍ യാത്രകള്‍ 

1970ൽ എംഎൽഎ ആയെങ്കിലും സ്ഥിരമായി കാർ കിട്ടുന്നത് 1977 ൽ മന്ത്രിയാകുമ്പോഴാണ്. ഇതിനിടെ 74 ൽ എം ആർ എഫിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്‍റ് എന്ന നിലയിൽ കാർ ലഭിച്ചിരുന്നു. അന്ന് എസി ഇട്ടുള്ള കാർ യാത്ര  ലക്ഷ്വറിയാണ്. അതിനാൽ ഗ്ലാസ് താഴ്ത്തിയാണ് കാര്‍ യാത്രകളെല്ലാം. പിന്നെ അതൊരു ശീലമായി. പുതുപ്പള്ളിക്കാരുടെ എംഎല്‍എയായതിനാല്‍ കോട്ടയം - തിരുവനന്തപുരം റൂട്ടിൽ ഏറ്റവുമധികം കാറിൽ യാത്ര ചെയ്ത ആളും ഒരുപക്ഷേ ഉമ്മൻ ചാണ്ടി ആയിരിക്കും. ആരോഗ്യ പ്രശ്നം അലട്ടുന്നതിനാൽ ഇപ്പോൾ കാറിലുള്ള ദീർഘദൂര യാത്രകള്‍ ഒഴിവാക്കി. 

ട്രെയിൻ യാത്രക്കിടെ ചായയോ ഭക്ഷണമോ അദ്ദേഹം കഴിച്ചില്ല. ഇടക്ക് ചൂട് വെള്ളം മാത്രം.

ഉമ്മന്‍ ചാണ്ടിയുമായി യാത്രകളെ കുറിച്ച് സംസാരിച്ചിരുന്ന് ഒടുവില്‍ ട്രയിന്‍ കോട്ടയത്തെത്തി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന പുതുപ്പള്ളിക്കാരുടെ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുന്നു...

പ്രവര്‍ത്തകരുടെ സ്നേഹാന്വേഷണങ്ങള്‍ക്കിടയിലൂടെ ആ ജനപ്രതിനിധി പതിയെ നടന്നു നീങ്ങി.

Oommen Chandy mla's Journey experience by S Ajith Kumar

Follow Us:
Download App:
  • android
  • ios