കളിക്കുശേഷം ഡഗ്ഔട്ടിൽ തനിച്ചിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്.
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായതിന് പിന്നാലെ ഡഗ്ഔട്ടിലിരുന്ന് കണ്ണീരടക്കാൻ പാടുപെട്ട് രാജസ്ഥാന്‍ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ക്വാളിഫയർ 2-ൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് തോറ്റ് പുറത്തായതോടെയാണ് രാജസ്ഥാന്‍റെ കിരീട മോഹങ്ങൾ അവസാനിച്ചത്. സീസണിലുടനീളം റെക്കോർഡുകൾ തകര്‍ത്ത് മുന്നേറിയ വൈഭവിനറെ സെന്‍സിബിള്‍ ഇന്നിംഗ്സായിരുന്നു ക്വാളിഫയറിലും രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.
എന്നാല്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തിരിച്ചടിച്ചതോടെ രാജസ്ഥാന്‍ മത്സരം കൈവിട്ടു. കളിക്കുശേഷം ഡഗ്ഔട്ടിൽ തനിച്ചിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകൾ ഒപ്പിയെടുത്തത്. തന്‍റെ കണ്ണീർ മറയ്ക്കാൻ താരം ടവ്വൽ കൊണ്ട് മുഖം പൊത്തുന്നുണ്ടായിരുന്നു. സായ് സുദര്‍ശനെ പിന്തള്ളി ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ് ഇന്നലെ വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിഗത നേട്ടങ്ങളുടെ തിളക്കത്തിനിടയിലും ടീം ഫൈനല്‍ കാണാതെ പുറത്തായതോടെ 15കാരന്‍ വൈഭവിന് കരച്ചിലടക്കാനായില്ല.
ടീമിലെ മുതിർന്ന താരങ്ങളായ രവീന്ദ്ര ജഡേജയും സപ്പോർട്ട് സ്റ്റാഫും ഓടിയെത്തി വൈഭവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചെങ്കിലും വൈബവിന്‍റെ സങ്കടം മാറിയില്ല. ഈ പ്രായത്തിൽ അവൻ കൈവരിച്ച വലിയ നേട്ടങ്ങളെക്കുറിച്ച് അവർ ഓർമ്മിപ്പിച്ചെങ്കിലും യുവതാരത്തിന് വികാരമടക്കാനായില്ല. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനെയും ധ്രുവ് ജുറെലിനെയും ആദ്യ രണ്ട് ഓവറുകളിൽ തന്നെ നഷ്ടമായെങ്കിലും പതിവ് ആക്രമണം മാറ്റിവെച്ച് ക്രീസിൽ നിലയുറപ്പിച്ച വൈഭവ്, അര്‍ധസെഞ്ചുറി തികച്ചശേഷൺ ഗുജറാത്ത് ബൗളർമാരെ നിലംതൊടാതെ പറത്തി.
31 പന്തില്‍ സീസണിലെ തന്‍റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 47 പന്തുകളിൽ നിന്ന് 8 ഫോറും 7 സിക്സറുമടക്കം 96 റൺസെടുത്താണ് പുറത്തായത്. വൈഭവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തിൽ രാജസ്ഥാൻ 214/6 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. എന്നാൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ ഗുജറാത്ത് ഈ ലക്ഷ്യം മറികടക്കുകയായിരുന്നു.സീസണില്‍ 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിൽ 776 റൺസുമായാണ് വൈഭവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 237.30 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും വൈഭവിന് സ്വന്തം. ഇതിന് പുറമെ ഒരു ടി20 ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന ലോക റെക്കോര്‍ഡും (72) വൈഭവ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ പവർപ്ലേ ഓവറുകളിൽ മാത്രം 521 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും വൈഭവ് മാറി.കിരീടം നഷ്ടമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി തന്‍റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചാണ് വൈഭവ് സൂര്യവംശി ഈ സീസൺ അവസാനിപ്പിക്കുന്നത്.
