Asianet News MalayalamAsianet News Malayalam

സിക്‌സുകളുടെ എണ്ണത്തില്‍ വര്‍ധന; 2022 ഐപിഎല്‍ സീസണ്‍ റെക്കോര്‍ഡ് പുസ്തകത്തില്‍

മത്സരത്തില്‍ ചെന്നൈ തോല്‍വി മുന്നില്‍ കാണുകയാണ്. ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാനായത്. 49 പന്തില്‍ 53 റണ്‍സ് നേടിയ റിതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

2022 ipl season registered in record book after more sixes
Author
Mumbai, First Published May 15, 2022, 6:22 PM IST

മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ ഒരു റെക്കോര്‍ഡ് കൂടി പിറന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന ഐപിഎല്ലായിട്ടാണ് (IPL 2022) ഈ സീസണ്‍ അറിയപ്പെടുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK vs GT) മത്സരത്തിലാണ് റെക്കോര്‍ഡ് പിറന്നത്. 2018 സീസണില്‍ 872 സിക്‌സുകളുണ്ടായിരുന്നു. ഈ സീസണില്‍ ആ റെക്കോര്‍ഡ് മറികടന്നു. 2019 സീസണാണ് മൂന്നാം സ്ഥാനത്ത്. അതിലൊന്നാകെ 784 സിക്‌സുകളാണ് ഉണ്ടായിരുന്നത്. 2020ല്‍ 734 സിക്‌സുകളും 2012ല്‍ 731 സിക്‌സുകളുമുണ്ടായിരുന്നു.

മത്സരത്തില്‍ ചെന്നൈ തോല്‍വി മുന്നില്‍ കാണുകയാണ്. ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടാനായത്. 49 പന്തില്‍ 53 റണ്‍സ് നേടിയ റിതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 

നാരായണ്‍ ജഗദീഷന്‍ (33 പന്തില്‍ 39), മൊയീന്‍ അലി (17 പന്തില്‍ 21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എം എസ് ധോണി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോണ്‍വെ, ധോണി എന്നിവരെയാണ് ഷമി പുറത്താക്കിയത്. ജഗദീഷനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (1) പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, സായ് കിഷോര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുക്കാന്‍ ഗുജറാത്തിനായി. വൃദ്ധിമാന്‍ സാഹ (41), മാത്യൂ വെയ്ഡ് (15) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലാണ് (18) പുറത്തായത്. 

നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ തീക്ഷണ എന്നിവര്‍ പുറത്തായി. ജഗദീഷന്‍, പ്രശാന്ത് സോളങ്കി, മിച്ചല്‍ സാന്റ്‌നര്‍, മഹീഷ പതിരാന എന്നിവര്‍ ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല.

Follow Us:
Download App:
  • android
  • ios