ഗ്ലെന്‍ മാക്‌സ്‌വെല്‍ 2023 ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ പുറത്താവാതെ 201 റണ്‍സടിച്ചിരുന്നു

മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയായ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നീണ്ട 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് 36-കാരനായ മാക്സി വിരാമമിട്ടത്. ഓസ്ട്രേലിയക്കായി 2012 ഓഗസ്റ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 149 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ട്വന്‍റി 20 ഫോര്‍മാറ്റില്‍ മാക്‌സ്‌വെല്‍ തുടര്‍ന്നും ഓസീസിന്‍റെ മഞ്ഞക്കുപ്പായത്തില്‍ കളിക്കും. 2023 ഏകദിന ലോകകപ്പില്‍ മുംബൈയില്‍ അഫ്‌ഗാനിസ്ഥാനെതിരെ പരിക്കേറ്റ കാലുമായി പുറത്താവാതെ 201* റണ്‍സടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ റെക്കോര്‍ഡിട്ടിരുന്നു. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 

ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന കരിയര്‍

ഓസ്‌ട്രേലിയക്കായി 149 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ 3990 റണ്‍സ് നേടുകയും 77 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രാജ്യാന്തര ഏകദിനങ്ങളില്‍ 33.81 ശരാശരിയിലും 126.70 സ്ട്രൈക്ക്‌റേറ്റിലുമായിരുന്നു മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ്. ഓസീസിന്‍റെ 2015, 2023 ലോകകപ്പ് നേട്ടങ്ങളില്‍ മാക്‌സ്‌വെല്‍ ഭാഗമായി. 2023 ഏകദിന ലോകകപ്പില്‍ അഫ്‌ഗാനെതിരെ പുറത്താവാതെ നേടിയ 201* റണ്‍സാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍. ഇത് കൂടാതെ മറ്റ് മൂന്ന് സെഞ്ചുറികളും 23 ഫിഫ്റ്റികളും ഏകദിന കരിയറില്‍ മാക്‌സ്‌വെല്‍ നേടി. ഓഫ്‌സ്‌പിന്നര്‍ കൂടിയായ മാക്‌സ്‌വെല്‍ നാല് നാലുവിക്കറ്റ് നേട്ടം പേരിലാക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന കരിയറില്‍ 91 ക്യാച്ചുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. 

അടിക്കടിയുള്ള പരിക്കുകളെ തുടര്‍ന്ന് ഇനി ടി20 ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ശ്രമം. മാക്‌സിയും വിരമിച്ചതോടെ 2026 ഏകദിന ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്ക് പുത്തന്‍ ടീമിനെ സജ്ജമാക്കേണ്ടിവരും. മാക്‌സ്‌വെല്ലിന്‍റെ സഹതാരങ്ങളായിരുന്ന സ്റ്റീവ് സ്മിത്ത് 2025 മാര്‍ച്ചിലും, മാര്‍ക്കസ് സ്റ്റോയിനിസ് 2025 ഫെബ്രുവരിയിലും, മാത്യൂ വെയ്‌ഡ് 2024 ഒക്ടോബറിലും, ഡേവിഡ് വാര്‍ണര്‍ 2024 ജനുവരിയിലും വിരമിച്ചിരുന്നു.

ലോകകപ്പിലെ 201* നോട്ടൗട്ട്

2023 ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ പുറത്താവാതെ 201* റണ്‍സ് നേടിയതാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്. ഏകദിന ക്രിക്കറ്റില്‍ ഒരു ഓസീസ് താരത്തിന്‍റെ ആദ്യ ഡബിള്‍ സെഞ്ചുറിയായിരുന്നു ഇത്. ഏകദിന ചേസിംഗില്‍ ഏതെങ്കിലും ഒരു താരം ഇരട്ട സെഞ്ചുറി നേടുന്നതും അന്നാദ്യമായിരുന്നു. മാത്രമല്ല, ഏകദിന ഡബിള്‍ നേടുന്ന ആദ്യ നോണ്‍-ഓപ്പണര്‍ എന്ന നേട്ടവും ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്വന്തമാക്കി. ആറാമനായി ബാറ്റിംഗിന് ഇറങ്ങിയാണ് മാക്‌സ്‌വെല്ലിന്‍റെ ഏകദിന ഇരട്ട സെഞ്ചുറി എന്നതും സവിശേഷതയാണ്. 

അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 292 റണ്‍സ് പിന്തുടരവെ ഓസീസ് ഒരുവേള 91-7 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ കൂട്ടുപിടിച്ച് ഓസീസിനെ 46.5 ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ജയിപ്പിക്കുകയായിരുന്നു മാക്‌സ്‌വെല്‍. ഓസീസ് അന്ന് മൂന്ന് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സ്വന്തമാക്കുമ്പോള്‍ മാക്‌സ്‌‌വെല്‍ 128 പന്തുകളില്‍ 201* റണ്‍സും കമ്മിന്‍സ് 68 പന്തുകളില്‍ 12* റണ്‍സുമായി പുറത്താവാതെ നിന്നു. മാക്‌സ്‌വെല്‍ 21 ബൗണ്ടറികളും 10 സിക്‌സറുകളും നേടി. 47-ാം ഓവറില്‍ അഫ്‌ഗാന്‍ സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെതിരെ 6, 6, 4, 6 പറത്തിയായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇരട്ട സെഞ്ചുറി തികച്ചതും ഓസീസിനെ ജയിപ്പിച്ചതും. അന്നത്തെ ജയത്തോടെ സെമിയിലെത്തിയ ഓസ്ട്രേലിയ പിന്നാലെ ഫൈനലില്‍ ടീം ഇന്ത്യയെ തോല്‍പിച്ച് കപ്പുയര്‍ത്തുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം