ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മുന്നിലെത്തിയ ഇന്ത്യ രാജ്കോട്ടില്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ്. നാലാം മത്സരം ജയിച്ച് അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

അതേസമയം, നാലാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് മുന്നിലാണ് ആദ്യ മൂന്ന് കളികളിലും ഇന്ത്യ പതറിയത്. എന്നാല്‍ നാലാം മത്സരം നടക്കുന്ന പൂനെയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന പിച്ചാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ പുറത്താകുമോ എന്ന ആശങ്ക മലയാളികള്‍ക്കുമുണ്ട്.

സ്റ്റീവ് സ്മിത്തിനും ഉസ്മാൻ ഖവാജക്കും സെഞ്ചുറി; ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്

ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണ്‍ തന്നെ നാലാം മത്സരത്തിലും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ തിലക് വര്‍മയോ കളിക്കും. ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഏകദിന പരമ്പര കണക്കിലെടുത്ത് ഇന്ത്യ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചാല്‍ ശിവം ദുബെയാകും ആ സ്ഥാനത്ത് ബാറ്റിംഗിനെത്തുക.

ധ്രുവ് ജുറെലിന് പകരം രണ്ടും മൂന്നും മത്സരങ്ങളില്‍ പരിക്കുമൂലം കളിക്കാതിരുന്ന റിങ്കു സിംഗ് മധ്യനിരയില്‍ ഫിനിഷറായി എത്താനാണ് സാധ്യത. ഓൾ റൗണ്ടറായി അക്സര്‍ പട്ടേല്‍ കളിക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ തുടരും. കഴിഞ്ഞ മത്സരത്തില്‍ കളിച്ച മുഹമ്മദ് ഷമിയെ പുറത്തിരുത്താനുള്ള സാധ്യത കുറവാണെന്നതിനാല്‍ കഴി‍ഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ രവി ബിഷ്ണോയ് പുറത്തിരിക്കാനാണ് സാധ്യത. ബിഷ്ണോയിക്ക് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. മൂന്നാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ തുടരും.

രഞ്ജി ട്രോഫി: 12 വര്‍ഷത്തിനുശേഷം വിരാട് കോലിയുടെ തിരിച്ചുവരവ്, മത്സരസമയം, സൗജന്യമായി കാണാനുള്ള വഴികള്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക