11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റ് വീതമുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കാണ് കൂടുതൽ സാധ്യത.

മുംബൈ: ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പ്ലേ ഓഫ് പോരാട്ടം ക്ലൈമാക്സിലേക്ക്. നിലവിൽ പോയിന്‍റ് പട്ടികയിലുള്ള കണക്കുകൾ പ്രകാരം മൂന്ന് ടീമുകൾ പ്ലേ ഓഫിന് തൊട്ടരികിലെത്തിയപ്പോൾ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്‍റ്സും മാത്രമാണ് ടൂർണമെന്‍റിൽ നിന്ന് പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായവര്‍. ബാക്കിയുള്ള 8 ടീമുകള്‍ക്കും നിലവില്‍ പ്ലേ ഓഫ് സ്വപ്നം കാണാമെങ്കിലും ഓരോ ടീമിന്‍റെ സാധ്യതകള്‍ വ്യത്യസ്തമാണ്.

ഐപിഎൽ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ എങ്ങനെയെന്ന് നോക്കാം. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റ് വീതമുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കാണ് കൂടുതൽ സാധ്യത. പ്ലേ ഓഫിലെത്താന്‍ ഗുജറാത്തിന് 80.2 ശതമാനം സാധ്യത നിലനില്‍ക്കുമ്പോള്‍ ആര്‍സിബിക്ക് 80.1 ശതമാനവും ഹൈദരാബാദിന് 80 ശതമാനവുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റെങ്കിലും 11 കളികളില്‍ നിന്ന് 13 പോയിന്‍റുള്ള പഞ്ചാബ് കിംഗ്‌സിന് ഇപ്പോഴും 62.5 ശതമാനം സാധ്യത നിലനില്‍ക്കുന്നു. ഇന്നലെ ഡൽഹിയോട് തോറ്റെങ്കിലും 13 പോയിന്‍റുള്ള പഞ്ചാബ് നാലാം സ്ഥാനത്ത് പ്രതീക്ഷ നിലനിർത്തുന്നു. അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് പ്ലേ ഓഫിലെത്താൻ നിലവില്‍ 42.7 ശതമാനം സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്. സിഎസ്കെയ്ക്ക് ഇനിയുള്ള മത്സരങ്ങൾ ജീവൻമരണ പോരാട്ടമാണ്. മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള ചെന്നൈക്ക് മൂന്നിലും ജയിച്ചാല്‍ പ്ലേ ഓഫിലെത്താം. രണ്ട് ജയം മാത്രമാണ് നേടുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് പ്രഘാന ഘടകമാകും. ഒരു ജയം മാത്രമാണ് നേടുന്നതെങ്കില്‍ പ്ലേ ഓഫിലെത്തുക ബുദ്ധിമുട്ടാവും.

തുടക്കത്തില്‍ മുന്നേറിയ രാജസ്ഥാൻ റോയൽസ് പിന്നീട് തിരിച്ചടി നേരിട്ടതോടെ പ്ലേ ഓഫിലെത്താനുള്ള സാധ്യത 41.8 ശതമാനമായി ഇടിഞ്ഞു. ചെന്നൈക്കൊപ്പം രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിക്കാൻ അത്ഭുതങ്ങൾ കാട്ടേണ്ടി വരും. തുടര്‍ച്ചയായ നാലു ജയവുമായി പ്ലേ ഓഫിലെത്താന്‍ മത്സരിക്കുന്ന കൊൽക്കത്തക്ക് 11.6 ശതമാനം സാധ്യത മാത്രമാണുള്ളത്. സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസിന് പ്ലേ ഓഫിലെത്താൻ 1.2% സാധ്യതയാണ് അവശേഷിക്കുന്നത്.

Scroll to load tweet…

10 ടീമുകൾ മത്സരിക്കുന്ന ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ വേണ്ടത് കുറഞ്ഞത് 16 പോയിന്‍റാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ടീമുകൾക്ക് 16 പോയിന്‍റ് ഉണ്ടായിരുന്നു. 14 പോയിന്‍റിൽ പ്ലേ ഓഫ് പ്രവേശനം സാധ്യമാകണമെങ്കിൽ മറ്റ് ടീമുകളുടെ ഫലത്തെയും മികച്ച നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക