ആഢംബര ജീവിതം നയിക്കാനാണ് നാലുപേരും ലോകകപ്പിന്‍റെ വ്യാജ ടിക്കറ്റുകള്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചത് എന്ന് പൊലീസ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്‍റെ വ്യാജ ടിക്കറ്റുകള്‍ വിറ്റ നാല് പേര്‍ അഹമ്മദാബാദില്‍ അറസ്റ്റില്‍. കുശ് മീന (21), രജ്‌വീര്‍ താക്കൂര്‍ (18), ധ്രുമില്‍ താക്കൂര്‍ (18), ജയ്‌മിന്‍ പ്രജാപതി (18) എന്നിവരാണ് പിടിയിലായത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. ബൊദാക്‌ദേവില്‍ നിന്നാണ് ഇവരെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് മത്സരത്തിന്‍റെ 150 വ്യാജ ടിക്കറ്റുകളും ഇവ നിര്‍മ്മിക്കാനുപയോഗിച്ച യന്ത്രങ്ങളും കണ്ടെടുത്തു. 

കേസില്‍ നാല് പേര്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇവരുടെ പേരില്‍ മുമ്പ് കേസുകളൊന്നും ഇല്ലായിരുന്നെന്നും ആഢംബര ജീവിതം നയിക്കാനാണ് നാലുപേരും ലോകകപ്പിന്‍റെ വ്യാജ ടിക്കറ്റുകള്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്‍റെ ആവേശം മുതലെടുത്തായിരുന്നു വ്യാജ ടിക്കറ്റ് വില്‍ക്കാനുള്ള ഇവരുടെ ശ്രമം. വ്യാജ ടിക്കറ്റുകളും കരിചന്തയും ഒഴിവാക്കാന്‍ അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. 

ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയില്‍ നിന്ന് 150 വ്യാജ ടിക്കറ്റുകള്‍ക്ക് പുറമെ കളര്‍ പ്രിന്‍ററും കമ്പ്യൂട്ടര്‍ മോണിറ്ററും സിപിയുവും പെന്‍ ഡ്രൈവും 1.98 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണും പിടികൂടി. ഇവര്‍ വിറ്റ 40 വ്യാജ ടിക്കറ്റുകള്‍ കണ്ടെടുത്തു, ഇന്ത്യ- പാക് മത്സരത്തിന്‍റെ ഒരു യഥാര്‍ഥ ടിക്കറ്റ് സ്വന്തമാക്കിയ ശേഷം ഇതിന്‍റെ കളര്‍ പ്രിന്‍റുകള്‍ എടുക്കുകയായിരുന്നു ഇവര്‍ എന്നും പൊലീസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

Read more: കൊണ്ടും കൊടുത്തും പോരടിക്കാന്‍ ഓസീസും ദക്ഷിണാഫ്രിക്കയും; ഇന്ന് തീപാറും അങ്കം, ഇരു ടീമിലും മാറ്റത്തിന് സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം