ഐപിഎൽ മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങളെ വിലയിരുത്തുന്ന കണ്ണൂർ മാലൂരിലെ തൊണ്ണൂറുകാരിയായ ജാനകിയമ്മയുടെ ക്രിക്കറ്റ് സ്നേഹത്തിന്റെ കഥ. 

കണ്ണൂര്‍: ഐപിഎല്‍ ആവേശപ്പോരാട്ടങ്ങള്‍ക്ക് തിരശീല വീണപ്പോള്‍ തൊണ്ണൂറുകാരിയായ ഒരു ക്രിക്കറ്റ് ആരാധികയെ പരിചയപ്പെടാം. കണ്ണൂര്‍ മാലൂരിലെ റിട്ടയേര്‍ഡ് അധ്യാപികയായ പുത്തലത്ത് ജാനകിയമ്മയാണ് ഐപിഎല്‍ മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ച് വിലയിരുത്തുന്നത്. വിരാട് കോലിയുടെ ക്ലാസിനെയും ശ്രേയസ് അയ്യരുടെ മാസിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന കടുത്ത ക്രിക്കറ്റ് അരാധികയായ ജാനകിയമ്മ രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം പതിനാല് വയസുള്ള വൈഭവ് സൂര്യവന്‍ഷിയെക്കുറിച്ചും സഞ്ജു സാംസണിന്‍റെ പ്രകടനത്തെക്കുറിച്ചുമെല്ലാം നാലു പതിറ്റാണ്ടോളമായി തുടരുന്ന ക്രിക്കറ്റ് സ്നേഹത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിസോട് മനസു തുറന്നു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയത് ഭയങ്കര ഭാഗ്യം കൊണ്ടാണെന്ന് ജാനകിയമ്മ പറയുന്നു. അവസാന ഓവറാണ് പണി പറ്റിച്ചത്. കോലി നേരത്തെ പുറത്തായപ്പോള്‍ വിഷമം തോന്നിയിരുന്നു. ഫൈനലില്‍ ആർസിബിക്കൊപ്പമായിരുന്നു. 18 കൊല്ലത്തെ കാത്തിരിപ്പാണ്, കോലി നല്ല കുട്ടിയല്ലെ, കോലി വരുമ്പോഴേ ഒരു സന്തോഷാണ്, പണ്ട് സച്ചിനൊക്കെ വരുന്നതുപോലെ. ഏത് ഭാഗത്ത് അടിച്ചാലാണ് റണ്ണ് കിട്ടുക എന്ന ബോധ്യം കോലിക്കുണ്ട്. ടെസ്റ്റില്‍ നിന്ന് പോയി, കുടുംബത്തിന് വേണ്ടിയാവും.

ഫൈനലില്‍ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീണതാണ് പഞ്ചാബിന്‍റെ തോല്‍വിക്ക് കാരണമായത്. 18 കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ കപ്പ് കിട്ടിയെങ്കിലും ആര്‍സിബി അവിടെ ആഘോഷം നടത്തേണ്ടായിരുന്നു. അത് വല്ലാത്തൊരു ദുരന്തമായിപ്പോയെന്നും ജാനകിയമ്മ പറഞ്ഞു.

പതിനാലുകാരന്‍ വൈഭവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി എന്ത്‍ന്നാ കളിച്ചു കൂട്ടിയത്, എല്ലാവരും സ്തംഭിച്ചുപോയില്ലെ എന്നായിരുന്നു ജാനകിയമ്മയുടെ മറുപടി. രണ്ടാമത്തെ കളിയില്‍ വേഗം ഔട്ടായപ്പോള്‍ ഭയങ്കര വിഷമം ആയി. കരച്ചിലിന്‍റെ വക്കത്തെത്തി. ഇത്രവേഗം ഈ കുട്ടിപോയല്ലോ എന്ന ദു:ഖം വന്നു. പതിനാലു വയസുള്ള മോനല്ലെ, താടീം മീശേം വന്നോ, സമയം ഉണ്ട്, അവന്‍ തിരിച്ചുവരും, ഉഷാറാകും, നല്ല കഴിവാ, ഇരു ഭാഗത്തേക്കും ബോള് പോണുണ്ട്. ടി20 ക്രിക്കറ്റാണ് കൂടുതലും കാണാന്‍ ഇഷ്ടം. ടെസ്റ്റ് ക്രിക്കറ്റ് കുറച്ചെ കാണു, ഏകദിനം കാണും.

വിരമിച്ചശേഷമാണ് ക്രിക്കറ്റ് ഭ്രമം തുടങ്ങിയത്. രാവിലെതന്നെ പണിയൊക്കെ നിര്‍ത്തി കളി കാണാന്‍ ഇരിക്കും. എനിക്കൊരു കൂട്ടുകാരനുണ്ട്, പോസ്റ്റ്മാന്‍ നാരായണന്‍, എത്രയായി ടീച്ചറെ എന്ന് സ്കോറൊക്കെ ചോദിച്ചുവരും. ഇന്ത്യ-പാകിസ്ഥാൻ കളി വന്നാല്‍ ഉറക്കമൊഴിഞ്ഞ് കാണും. ഗില്ലിനെ ക്യാപ്റ്റനാക്കിയത് നല്ല തീരുമാനമാണെന്നും ജാനകിയമ്മ പറഞ്ഞു.

YouTube video playerരാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്‍റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അയ്യോ...പോരാ എന്നായിരുന്നു ജാനകിയമ്മയുടെ മറുപടി. എന്തു പറ്റി എന്നറിയില്ല. കേരളത്തിന്‍റെ അഭിമാനമായിരുന്നു. പക്ഷെ എന്തോ ആയിപ്പോയി, ഒരിക്കല്‍ സെഞ്ചുറി അടിച്ചിരുന്നു. മുംബൈ ഇന്ത്യൻസായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ടീം. പിന്നെ മുംബൈ പിന്നിലായിപ്പോയി. ശര്‍മ പോരാണ്ടായിപ്പോയി. ബുമ്ര ഭയങ്കരനാണ്, പക്ഷെ അവന്‍ എറിയാന്‍ പോകുന്ന പോക്ക് ശരിയല്ല. ശ്രേയസ് അയ്യരെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെടുക്കാത്തത് ശരിയായില്ല. തൃശൂരുകാരനാണ്. എന്താ സംഭവിച്ചത് എന്നറിയില്ല. സച്ചിന്‍റെ അടുത്ത് കോലിയെത്തിയോ എന്ന് സംശയമുണ്ട്. സച്ചിന്‍, സച്ചിന്‍ തന്നെയാണെന്നും ജാനകിയമ്മ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക