ഐപിഎൽ ക്വാളിഫയറിൽ ശശാങ്ക് സിങ്ങിന്റെ റണ്ണൗട്ട് പഞ്ചാബിനെ സമ്മർദ്ദത്തിലാക്കിയിരുന്നു മത്സരശേഷം ശ്രേയസ് ശശാങ്കിനോട് ദേഷ്യപ്പെടുന്നതും ആരാധകര്‍ കണ്ടു.

ചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ ശ്രേയസ് അയ്യരായിരുന്നു. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പഞ്ചാബ് വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ശശാങ്ക് സിംഗ് റണ്ണൗട്ടായി പുറത്തായത് മത്സരത്തില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

മത്സരത്തില്‍ പഞ്ചാബ് 16.4 ഓവറില്‍ 169 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ശശാങ്ക് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗ സിംഗിളിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത്. ശശാങ്ക് ഡൈവ് ചെയ്തിരുന്നെങ്കിലോ ഓട്ടത്തിന് അല്‍പം വേഗം കൂട്ടിയിരുന്നെങ്കിലോ ക്രീസിലെത്താമായിരുന്നു. എന്നാല്‍ ശശാങ്ക് വളരെ അലസമായി ഓടി റണ്ണൗട്ടായത് ശ്രേയസിനെ ചൊടിപ്പിച്ചു. അതിവേഗം ഓടിയെടുക്കേണ്ട സിംഗിളായിട്ടും കളിയുടെ നിര്‍ണായകഘട്ടത്തില്‍ ശശാങ്ക് അലസത കാണിച്ച് നിരുത്തരവാദപരമായി പുറത്തായതിന്‍റെ രോഷം മുഴുവന്‍ മത്സരത്തിനൊടുവില്‍ ശ്രേയസ് പുറത്തെടുക്കുകയും ചെയ്തിരുന്നു.

Scroll to load tweet…

മത്സരത്തിനൊടുവില്‍ കളിക്കാര്‍ പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ സഹതാരങ്ങളെയും മുംബൈ താരങ്ങളെയുമെല്ലാം ശ്രേയസ് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിനിടെ കൈ കൊടുക്കാനായി അടുത്തെത്തിയ ശശാങ്കിനോട് നിന്നെ എന്‍റെ കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ് ശ്രേയസ് അവഗണിക്കുകയായിരുന്നു. ശശാങ്കിന് കൈ കൊടുക്കാനും ശ്രേയസ് തയാറായില്ല. ക്യാപ്റ്റന്‍റെ അവഗണനയില്‍ ശശാങ്ക് തലകുനിച്ച് നടന്നുപോവുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.

Scroll to load tweet…

എന്നാല്‍ അന്ന് ശ്രേയസ് രണ്ട് അടി തന്നാലും താന്‍ അതിന് അര്‍ഹനായിരുന്നുവെന്ന് തുറന്നു പറയുകയാണ് ശശാങ്ക് ഇപ്പോള്‍. ശ്രേയസിന്‍റെ അവഗണന ഞാന്‍ അര്‍ഹിച്ചിരുന്നു. എന്തിന് രണ്ടെണ്ണം പൊട്ടിച്ചാലും ഞാന്‍ അത് കൊള്ളേണ്ടവനായിരുന്നു. എന്‍റെ പിതാവ് പോലും ആ സംഭവത്തിനുശേഷം ഫൈനല്‍ വരെ എന്നോട് മിണ്ടിയിട്ടില്ല. കാരണം, ഞാന്‍ വളരെ അലസമായി ബീച്ചിലോ ഉദ്യാനത്തിലോ ഒക്കെ ഓടുന്നപോലെയാണ് ആ റണ്ണിനായി ഓടിയത്. കളിയിലെ നിര്‍ണായക സമയമായിരുന്നു അത്.

നിന്നില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ലെന്ന് ശ്രേയസ് എന്നോട് പറഞ്ഞു. പക്ഷെ പിന്നീട് ശ്രേയസ് എന്നെ അത്താഴത്തിനൊക്കെ കൂടെ കൊണ്ടുപോയി-ശശാങ്ക് സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഫൈനലില്‍ പഞ്ചാബ് ആറ് റണ്‍സിന് തോറ്റെങ്കിലും ജോഷ് ഹേസല്‍വുഡിനെതിരെ അവസാന ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 22 റണ്‍സെടുത്ത ശശാങ്ക് 31 പന്തില്‍ 60 റണ്‍സുമായി പഞ്ചാബിന്‍റെ ടോപ് സ്കോറായിരുന്നു. ശശാങ്കിന്‍റെ പോരാട്ടവീര്യത്തെ ആര്‍സിബ താരങ്ങള്‍ പോലും പുകഴ്ത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക